"അഭിനയിച്ചത് തിരക്കഥ വായിച്ചതിന് ശേഷം, കൃത്യമായി പ്രതിഫലവും ലഭിച്ചിരുന്നു"; ചുരുളി വിവാദത്തില്‍ വിനയ് ഫോര്‍ട്ട്

ജോജു ജോര്‍ജ് അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തോട് എങ്ങനെയാണ് കാര്യങ്ങള്‍ സംസാരിച്ചത് എന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.
Vinay Forrt
വിനയ് ഫോർട്ട് Source : Facebook
Published on

'ചുരുളി' സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും നടന്‍ ജോജു ജോര്‍ജും തമ്മില്‍ നടക്കുന്ന വിവാദത്തില്‍ പ്രതികരിച്ച് വിനയ് ഫോര്‍ട്ട്. 2021ല്‍ സോണി ലിവ്വില്‍ പുറത്തിറങ്ങിയ ചുരുളിയില്‍ കേന്ദ്ര കഥാപാത്രമായ ഷാജീവനെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ടായിരുന്നു. ചുരുളി തന്റെ പ്രിയപ്പെട്ട സിനിമയാണെന്നും അതില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും വിനയ് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

"എന്നെ സംബന്ധിച്ച് ചുരുളി ഭയങ്കര പ്രിയപ്പെട്ട സിനിമയാണ്. എന്റെ വലിയൊരു ആഗ്രഹമായിരുന്നു ലിജോ ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. അഭിനയിക്കുക എന്നതിന് അപ്പുറത്തേക്ക് എനിക്ക് ആ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ പറ്റി. 18 ദിവസം കൊണ്ട് സിനിമ കഴിയുന്നു അത് ഏറെ ശ്രദ്ധിക്കപ്പെടുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴും ചുരുളി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തിയേറ്റര്‍ റിലീസ് ആളുകള്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്", എന്നാണ് വിനയ് പറഞ്ഞത്.

"ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തിന്റെ സിനിമയില്‍ എനിക്കൊരു പ്രധാന വേഷം ചെയ്യാന്‍ സാധിച്ചു. എന്നെ സംബന്ധിച്ച് എനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നു. ഞാന്‍ പൂര്‍ണമായും തിരക്കഥ വായിച്ചതിന് ശേഷമാണ് ആ സിനിമയില്‍ അഭിനയിച്ചത്. എല്ലാം കൊണ്ടും ചുരുളി എനിക്ക് മികച്ച അനുഭവമായിരുന്നു", നടന്‍ അഭിപ്രായപ്പെട്ടു.

Vinay Forrt
'ചുരുളി' വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ് പെല്ലിശേരി

ജോജു ജോര്‍ജ് അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തോട് എങ്ങനെയാണ് കാര്യങ്ങള്‍ സംസാരിച്ചത് എന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും വിനയ് ഫോര്‍ട്ട് വ്യക്തമാക്കി. "ജോജുവിനോട് എങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞത് എന്നൊന്നും എനിക്ക് അറിയില്ല. അതുകൊണ്ട് ആ കാര്യത്തെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ല. എന്നെ സംബന്ധിച്ച് അഭിമാനമുള്ള സിനിമയാണ് ചുരുളി. കാരണം നമ്മള്‍ എല്ലാം ഇല്ലാതായി കഴിഞ്ഞാലും ചുരുളി നിലനില്‍ക്കും", താരം പറഞ്ഞു.

സിനിമ തിയേറ്റര്‍ റിലീസ് ചെയ്യുന്നതിനെ കുറിച്ച് നടക്കുന്ന ചര്‍ച്ചകളെ കുറിച്ചും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു. "സിനിമ എവിടെ റിലീസ് ചെയ്യുന്നു എന്നത് തീരുമാനിക്കാന്‍ നമുക്ക് ഒരു അവകാശവുമില്ല. ഞാന്‍ തിരക്കഥ വായിച്ചു. ലിജോ ചേട്ടന്‍ ഇങ്ങനെയൊരു അവസരം തന്നു. അപ്പോള്‍ നമ്മള്‍ അതില്‍ അഭിനയിക്കുക. ഞാന്‍ അങ്ങനെയാണ് അതിനെ നോക്കി കണ്ടത്. ആ സിനിമ എവിടെ റിലീസ് ചെയ്യുമെന്ന് നമ്മള്‍ ആലോചിക്കേണ്ട കാര്യമില്ലല്ലോ. അദ്ദേഹം എനിക്ക് ചുരുളിയില്‍ ആ വേഷം തന്നതില്‍ അതിയായ സന്തോഷവാനാണ്. പിന്നെ സിനിമ എവിടെ റിലീസ് ചെയ്യണം എന്നത് സംവിധായകന്റെയും നിര്‍മാതാവിന്റെയും തീരുമാനമാണ് എന്ന നിലയ്ക്കാണ് ഞാന്‍ അതിനെ നോക്കി കാണുന്നത്", എന്നും വിനയ് വ്യക്തമാക്കി.

"ചുരുളി പോലുള്ള സിനമകള്‍ ഇനി വന്നാലും ഞാന്‍ ചെയ്യും. കാരണം ഞാന്‍ ഒരു നടനാണ്. എനിക്ക് ഒരിക്കലും ഞാന്‍ അത് ചെയ്യില്ലെന്ന് പറയാന്‍ സാധിക്കില്ല. പിന്നെ എനിക്ക് നന്മയുള്ള കഥാപാത്രങ്ങള്‍ കട്ട ബോറഡിയാണ്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്", നടന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം 'ചുരുളി'യിലെ തെറി പറയുന്ന ഭാഗം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് തന്നോട് പറയാതെയായിരുന്നു എന്നാണ് ജോജു ജോര്‍ജിന്റെ ആരോപണം. അതിന് ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലിജോ ആ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com