വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ അതിൽ ഏറ്റവും ശ്രദ്ധ നേടിയത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ആയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ സംവിധായകനായ വിനീത് ശ്രീനിവാസൻ ഇവാന്‍ വുകോമനോവിച്ചിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
തൻ്റെ ലൈഫിൽ കണ്ടതിൽവെച്ച് ഏറ്റവും പോസിറ്റീവായ മനുഷ്യരിൽ ഒരാൾ എന്നാണ് വിനീത് ശ്രീനിവാസൻ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. ആൻഡ്രെ നിക്കോള എന്ന കഥാപാത്രത്തെയാണ് ഇവാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ട്രെയിലറിലെ ഇവാൻ്റെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായാണ് 'കര'ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത്. വിനീത് പതിവ് ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.