

സിനിമ രംഗത്ത് മാത്രമല്ല മറ്റ് രംഗങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നടക്കുന്നുണ്ടെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. എന്നാല്‍ ഇപ്പോള്‍ സിനിമാരംഗത്ത് മാത്രമാണ് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം നടക്കുന്നതെന്ന പ്രചാരണമാണുള്ളതെന്നും ഖുശ്ബു പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
'ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകള്‍ക്കു നേരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നത്', എന്നാണ് ഖുശ്ബു പറഞ്ഞത്. അതേസമയം തമിഴ്സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ താരസംഘടനയായ നടികര്‍ സംഘം രൂപവത്കരിച്ച സമിതി എടുത്ത തീരുമാനങ്ങളെ കുറിച്ചും ഖുശ്ബു സംസാരിച്ചു.
കുറ്റാരോപിതര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന സമിതിയുടെ തീരുമാനത്തില്‍ തെറ്റില്ല. അതിക്രമം നേരിട്ടവര്‍ മാധ്യമങ്ങളില്‍ ആദ്യം വെളിപ്പെടുത്തലുകള്‍ നടത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നുണ്ടെന്നും ഖുശ്ബു പറഞ്ഞു.