കൊച്ചി: വിശാൽ ഭരദ്വാജ് ഒരുക്കുന്ന 'ഓ റോമിയോ' എന്ന സിനിമയുടെ ടീസർ പുറത്ത്. ആക്ഷനും റൊമാൻസും സംവിധായകന്റെ തനത് സ്റ്റൈലിൽ ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം ഫെബ്രുവരി 13ന് ആണ് തിയേറ്ററുകളിൽ എത്തുക.
ഒരു മിനുട്ട് 35 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിക്കുന്നുണ്ട്. ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാനാ പടേക്കർ, വിക്രാന്ത് മാസി, തമന്ന, ദിശ പടാനി, അവിനാഷ് തിവാരി എന്നിവരും അണിനിരക്കുന്നു. ടാറ്റൂകളും കൗബോയ് ഹാറ്റുമായി വളരെ പരുക്കൻ ലുക്കിലാണ് ഷാഹിദ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. 'കമീനെ', 'ഹൈദർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹിദ് കപൂറുമായി വിശാൽ ഭരദ്വാജ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഓ റോമിയോ'.
ടീസറിൽ എല്ലാവരെയും ഞെട്ടിച്ചത് മുതിർന്ന നടി ഫരീദ ജലാൽ പറയുന്ന ഡയലോഗാണ്. "പ്രണയത്തിൽ ഉയർന്നു പറന്നാൽ നീ റോമിയോ ആണ്, എന്നാൽ അതിൽ മുങ്ങിപ്പോയാൽ നീ ഒരു...". ഒരു തെറിവാക്കിലാണ് ഈ ഡയലോഗ് അവസാനിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.
വിശാൽ-ഷാഹിദ് ചിത്രം 'കമീനെ'യുടെ വൈബ് ലഭിച്ചുവെന്നാണ് നടന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്. നടന്റെ തിരിച്ചുവരവാണിതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ധുരന്ധർ 2, ഓ റോമിയോ, കിങ്, ലവ് ആൻഡ് വാർ, രാമായണ എന്നിങ്ങനെ 2026ലെ വരാനിരിക്കുന്ന സിനിമകൾ എണ്ണിപ്പറഞ്ഞ് ഈ വർഷം ബോളിവുഡ് തൂക്കും എന്ന് കുറിക്കുന്നവരേയും സോഷ്യൽ മീഡിയയിൽ കാണാം.