ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന് നന്ദി: ഡബ്ല്യുസിസി

സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു ഭീഷണിയാകുന്നു: ജെയിംസ് ബാള്‍ഡ്വിന്‍
ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന് നന്ദി: ഡബ്ല്യുസിസി
Published on


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് ഡബ്ല്യുസിസി. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡബ്ല്യുസിസി അഭിവാദ്യങ്ങള്‍ അറിയിച്ചത്. ഇനി വരാന്‍ പോകുന്നത് തങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കുകളുടെ കാലമാണെന്നും ഡബ്ല്യുസിസി പോസ്റ്റില്‍ പറയുന്നു.

ഡബ്ല്യു.സി.സിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

സ്വന്തം അവസ്ഥ വ്യക്തമാക്കാന്‍ കഴിയുന്ന ഇര അന്നുതൊട്ട് ഒരു ഇരയേ അല്ല. അവന്‍ അല്ലെങ്കില്‍ അവള്‍ ഒരു ഭീഷണിയാകുന്നു: ജെയിംസ് ബാള്‍ഡ്വിന്‍

നാലര വര്‍ഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ ഘടനയെ കുറിച്ച് ഒട്ടനവധി പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്. ജോലി ചെയ്യാനുള്ള അവസരത്തിനും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനും തൊഴിലിടത്ത് സ്ത്രീക്ക് കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ്, പൊതുമധ്യത്തില്‍ ശക്തരായി നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍.

റിപ്പോര്‍ട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കയാണ്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവര്‍ക്കായി പറയുകയാണ്. ഇനി ഞങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണ്.

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകര്‍ക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍ അതിനെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങള്‍ മുന്നോട്ടു പോകും. നേരത്തെ വന്ന സൈബര്‍ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന്!


Related Stories

No stories found.
News Malayalam 24x7
newsmalayalam.com