
മലയാള സിനിമാ വ്യവസായത്തില്‍ പുതിയ സിനിമ പെരുമാറ്റച്ചട്ടം നിര്‍ദേശിച്ച് ഡബ്ല്യൂസിസി ഇന്നലെ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയിലെ നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഡബ്ല്യുസിസി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം തുല്യവും നീതിയുക്തവും സര്‍ഗ്ഗാത്മകവൈശിഷ്ട്യവുമായ ഒരു തൊഴിലിടം ഉണ്ടാക്കാന്‍ എന്നാണ് ഡബ്ല്യുസിസി പറയുന്നത്.
'എന്ത് പ്രശ്‌നം, ഒരു പ്രശ്‌നവുമില്ല' എന്ന തരത്തിലുള്ള നിഷേധങ്ങള്‍ പൊതുബോധത്തെ മാത്രമല്ല സിനിമയില്‍ പണിയെടുക്കുന്നവരുടെ അനുഭവത്തെയും അപഹസിക്കലാണ്. ഇവിടെ നടന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഷിഫ്റ്റ് ഫോക്കസ്സും അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ചലച്ചിത്ര വ്യവസായ രംഗത്തെ പ്രശ്‌നം അതീവഗുരുതരമെന്ന് വ്യക്തമാക്കുന്നു. നമ്മുടെ മുന്‍ഗാമികളുടെയും ഇപ്പോള്‍ പണിയെടുക്കുന്നവരുടെയും അനുഭവങ്ങളും അതിന്റെ സാക്ഷ്യങ്ങളാണ്. അതിനാല്‍ നമുക്ക് പരിഹാരത്തിന്റെ പക്ഷത്ത് നിന്ന് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാം എന്നും ഡബ്ല്യുസിസി പറഞ്ഞു.
തൊഴിലിടത്തില്‍ ലൈംഗിക പീഡനം പാടില്ല (2013ലെ പോഷ് നിയമം അനുശാസിക്കും വിധം) ലിംഗവിവേചനമോ പക്ഷാപാതമോ ലൈംഗികാതിക്രമമോ പാടില്ല. വര്‍ഗ്ഗ ജാതി മത വംശ വിവേചനം പാടില്ല. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഏജന്റുമാര്‍ അനധികൃത കമ്മീഷന്‍ കൈപറ്റാന്‍ പാടില്ല. തൊഴിലിടത്ത് ആര്‍ക്കുമെതിരെയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം, അഖ്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴില്‍ തടസപ്പെടുത്തല്‍ എന്നിവ പാടില്ല. ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാര സമിതിയുണ്ടെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.