ഇടവേള ബാബുവിന്‍റെ പകരക്കാരന്‍ ആര് ? A.M.M.A ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

കാല്‍നൂറ്റാണ്ടായി സംഘടനയുടെ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന നടന്‍ ഇടവേള ബാബു നേതൃസ്ഥാനത്ത് തുടരാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു
ഇടവേള ബാബുവിന്‍റെ പകരക്കാരന്‍ ആര് ? A.M.M.A ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം
Published on

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇക്കുറി കടുത്ത മത്സരം. കാല്‍നൂറ്റാണ്ടായി സംഘടനയുടെ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന നടന്‍ ഇടവേള ബാബു നേതൃസ്ഥാനത്ത് തുടരാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹന്‍ലാലും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താരസംഘടനയുടെ അമരത്ത് മോഹന്‍ലാലിന് ഇത് മൂന്നാമൂഴമാണ്. കഴിഞ്ഞ ഭരണ സമിതിയില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു ഉണ്ണിമുകുന്ദന്‍.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. നിലവിലെ കമ്മിറ്റിയില്‍ ട്രഷറര്‍ ആയ സിദ്ദിഖ് ഔദ്യോഗിക പക്ഷത്തിന്‍റെ പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായത്. നാല് തവണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായതിന്‍റെ അനുഭവ സമ്പത്തുമായാണ് കുക്കു പരമേശ്വരന്‍ മത്സരരംഗത്തേക്ക് എത്തിയത്. നടന്‍ ഉണ്ണി ശിവപാല്‍ 2018-21 ഭരണസമിതി അംഗമായിരുന്നു.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് ഉണ്ടാകും. ജഗദീഷ്, മഞ്ജു പിള്ള, ജയന്‍ ചേര്‍ത്തല എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. മഞ്ജുപിള്ള നിലവിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയംഗമാണ്. ജഗദീഷ് മുൻപ്‌ ട്രഷറര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇവർ രണ്ടുപേർക്കുമാണ് ഔദ്യോഗികപക്ഷത്തിന്‍റെ പിന്തുണ. ആദ്യമായാണ് ജയൻ ചേർത്തല മത്സര രംഗത്തിറങ്ങുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായ ബാബുരാജിനെതിരെ അനൂപ് ചന്ദ്രൻ മത്സരിക്കുന്നു.

പതിനൊന്ന് പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടുപേർ മത്സര രംഗത്തുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അൻസിബ ഹസൻ, അനന്യ, സരയൂമോഹൻ, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹൻ എന്നിവരാണവർ. 30-ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജനറൽബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com