2.0-യെ മറികടക്കുമോ ഇന്ത്യന്‍ 2 ? ബോക്സോഫീസില്‍ വീണ്ടും രജനി-കമല്‍ പോര്

തമിഴ് സിനിമയുടെ ആഗോള തലത്തിലുള്ള വാണിജ്യ സാധ്യത വിപുലപ്പെടുത്തുന്നതില്‍ രജനിയും കമലും വഹിച്ച പങ്ക് വലുതാണ്.
2.0-യെ മറികടക്കുമോ ഇന്ത്യന്‍ 2 ? ബോക്സോഫീസില്‍ വീണ്ടും രജനി-കമല്‍ പോര്
Published on

മലയാളത്തില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ധ്രുവങ്ങള്‍ എങ്ങനെയാണോ അതിനോട് സമാനമാണ് തമിഴ് സിനിമാ ലോകത്ത് രജനികാന്ത്-കമല്‍ഹാസന്‍ ദ്വയം.കണ്ടന്‍റിലും കളക്ഷനിലും ആരാധക സമ്പത്തിലും പരസ്പരം മത്സരിക്കുന്ന ഇരുവരും ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിന്‍റെ നെടുംതൂണുകളാണ്. രജനികാന്ത് സിനിമയില്‍ സജീവമാകുന്ന കാലത്ത് കമല്‍ഹാസന്‍ തന്‍റെ താരസിംഹാസനത്തില്‍ ഇരുപ്പുറപ്പിച്ചിരുന്നു.കാലം കടന്നുപോയപ്പോള്‍ തമിഴ് സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇരുവരും മാറി. മാസ് ആക്ഷന്‍ സിനിമകളുമായി രജനികാന്ത് സ്റ്റൈല്‍ മന്നന്‍ ആയപ്പോള്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും അവതരിപ്പിച്ച് കമല്‍ഹാസന്‍ ഉലകനായകനായി.

ഇരുവരുടെയും സിനിമകള്‍ ഒരേ സമയം റിലീസിന് എത്തിയപ്പോള്‍ ആരാധകര്‍ പരസ്പരം ചേരിതിരിഞ്ഞ് യുദ്ധം ചെയ്തു.സോഷ്യല്‍ മീഡിയ സജീവമായതോടെ ഫാന്‍ഫൈറ്റ് സൈബര്‍ ഇടങ്ങളിലായി.എന്തുതന്നെയായാലും തമിഴ് സിനിമയുടെ ആഗോള തലത്തിലുള്ള വാണിജ്യ സാധ്യത വിപുലപ്പെടുത്തുന്നതില്‍ രജനിയും കമലും വഹിച്ച പങ്ക് വലുതാണ്.

1995-ല്‍ രജനികാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബാഷ'.മാണിക്യമായും മാനിക് ബാഷയായും രജനികാന്ത് തീപ്പൊരി പ്രകടനം കാഴ്ചവെച്ച സിനിമ അക്കാലത്ത് തമിഴിലെ ഏറ്റവും വലിയ വാണിജ്യവിജയമായിരുന്നു.ദേവയുടെ സംഗീതത്തില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.എന്നാല്‍ പിറ്റേ വര്‍ഷം ഷങ്കറിന്‍റെ സംവിധാനത്തിലെത്തിയ കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍'ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ബാഷയെ മറികടന്ന് സ്വന്തമാക്കി.മികച്ച നടന്‍ (കമല്‍ ഹാസന്‍), മികച്ച കലാ സംവിധായകന്‍ (തോട്ട തരണി), മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സ് (എസ്.ടി. വെങ്കി) എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി. 1996-ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയുമായിരുന്നു ഇന്ത്യന്‍.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1999-ല്‍ കെ.എസ് രവികുമാറിന്‍റെ സംവിധാനത്തിലെത്തിയ 'പടയപ്പ'യിലൂടെ രജനികാന്ത് കളക്ഷനില്‍ വീണ്ടും ഒന്നാമതെത്തി.

നീണ്ട 28 വര്‍ഷത്തിന് ശേഷം ഷങ്കറും കമല്‍ഹാസനും ഇന്ത്യന്‍ സിനിമയ്ക്ക് രണ്ടാംഭാഗവുമായി എത്തുമ്പോള്‍ കളക്ഷന്‍ ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് അതേ രജനികാന്ത് തന്നെ.ഷങ്കര്‍ ഒരുക്കിയ യന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 യാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് സിനിമ.അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന സേനാപതിയെന്ന സ്വാതന്ത്രസമര സേനാനിയുടെ കഥ പറഞ്ഞ ഇന്ത്യന്‍ രണ്ടാംഭാഗത്തിലെത്തുമ്പോള്‍ ഇന്‍ഡസ്ട്രി ഹിറ്റില്‍ കുറഞ്ഞതൊന്നും കമല്‍ഹാസന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.സേനാപതിയായി മാറാന്‍ ദിവസവും നാല് മണിക്കൂറോളം സമയമെടുത്താണ് കമല്‍ മേക്കപ്പ് ചെയ്തത്.ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും സിനിമയുടെ ഷൂട്ടിങ് നടന്നതായി സംവിധായകന്‍ ഷങ്കര്‍ പറഞ്ഞു.നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും രണ്ടാംഭാഗത്തിനൊപ്പം 'ഇന്ത്യന്‍ 3'ന്‍റെ ചിത്രീകരണവും സംഘം പൂര്‍ത്തിയാക്കി.

ഇന്ത്യനില്‍ എ.ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വ്വഹിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ്, എസ് ജെ സൂര്യ, കാജള്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവരാണ് താരങ്ങൾ. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശ്രാവണ കുമാര്‍ എന്നിവർ ചേർന്നാണ് സിനിമയുടെ ,സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ജുലൈ 12ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ഇന്ത്യന്‍ 2 പ്രദര്‍ശനത്തിനെത്തും. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com