
ഹോംബാലെ ഫിലിംസിനൊപ്പം ചേര്‍ന്ന് ഋത്വിക് റോഷന്‍ സിനിമ ചെയ്യുന്നു എന്നത് ഈ വര്‍ഷത്തെ പ്രഖ്യാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. വാര്‍ത്ത വന്നപ്പോള്‍ തന്നെ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. HrithikXHombale എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്ടിന്റെ കഥയെ കുറിച്ചും വലുപ്പത്തെ കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ റൂമര്‍ ആയി നിലനില്‍ക്കുന്നത് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നത് പൃഥ്വിരാജ് ആണ് എന്നതാണ്.
എന്നാല്‍ പിങ്ക് വില്ല ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചര്‍ച്ചകളില്‍ സത്യമില്ലെന്നാണ് പറയുന്നത്. സിനിമയുടെ ടീമിന്റെ ഭാഗത്തുനിന്നും ഇതുവരെ ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്ന ഉത്തരമാണ് ലഭിച്ചത്. "ഇതുവരെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. റൂമറുകളില്‍ വിശ്വസിക്കരുത്. സമയമാകുമ്പോള്‍ ഞങ്ങള്‍ ഓരോ വിവരങ്ങളും ഔദ്യോഗികമായി തന്നെ അറിയിക്കും", എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ നാടകീയമായിരുന്നു. "അവര്‍ അയാളെ ഗ്രീക്ക് ദേവന്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഹൃദയങ്ങള്‍ കീഴടക്കുകയും അതിരുകള്‍ ഭേദിക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിലെ പ്രതിഭാസത്തെ ഞങ്ങള്‍ അറിയുന്നു. ഋത്വിക് റോഷനെ ഹോംബാലെ ഫിലിംസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. കരുത്തിന്റേയും മഹത്വത്തിന്റെയും ഒരു കഥയാണ് പറയാന്‍ പോകുന്നത്", എന്നായിരുന്നു പ്രഖ്യാപന സമയത്ത് ഹോംബാലെ ഫിലിംസ് പുറത്തിറക്കിയ കുറിപ്പ്.
പൃഥ്വിരാജ് സിനിമയുടെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിന്റെ പേര് ഇത്രയധികം താല്‍പര്യം ജനിപ്പിക്കാന്‍ കാരണം എമ്പുരാന്റെ പാന്‍ ഇന്ത്യന്‍ വിജയം തന്നെയാണ്. എമ്പുരാനിലൂടെ ഇന്ത്യയൊട്ടാകെ പൃഥ്വിരാജിന്റെ സംവിധാനത്തിന്റെ കഴിവ് അടുത്ത് അറിഞ്ഞതാണ്. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്റെ സിനിമാറ്റിക് ശൈലി, ആകര്‍ഷകമായ കഥ പറച്ചില്‍ എന്നിവ ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിന് മികച്ച സ്ഥാനം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.
അതേസമയം ഋത്വിക് റോഷന്‍ 'വാര്‍ 2'വിന്റെ ചിത്രീകരണത്തിലാണ്. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രമാണ്. 'വാര്‍ 2' ആഗസ്റ്റ് 14നാണ് തിയേറ്ററിലെത്തുന്നത്. 'വിലായത്ത് ബുദ്ധ'യാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന മലയാള ചിത്രം. എസ്.എസ്. രാജമൗലിയുടെ എസ്എസ്എംബി29ലും പൃഥ്വിരാജ് പ്രധാന കഥാപാത്രമാണ്.