
ലിയാനാര്‍ഡോ ഡീകാപ്രിയോയുടെ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമായ 'ഇന്‍സെപ്ഷനി'ലെ പ്രകടനം ആഗോള തലത്തില്‍ ചിത്രത്തെ വിജയകരമാക്കാന്‍ വലിയ സ്വാധീനം വഹിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഡീകാപ്രിയോ അവതരിപ്പിച്ച കഥാപാത്രത്തിനായി നോളന്‍ ആദ്യം സമീപിച്ചത് നടന്‍ വില്‍ സ്മിത്തിനെ ആയിരുന്നു. പക്ഷെ കഥ മനസിലാകാത്തതിനാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
അടുത്തിടെ യുകെ റോഡിയോ സ്‌റ്റേഷനായ കിസ്സിന് നല്‍കിയ അഭിമുഖത്തില്‍ വില്‍ സ്മിത്ത് ഇതേ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ചു. 2010ല്‍ പുറത്തിറങ്ങിയ 'ഇന്‍സെപ്ഷന്‍' എന്ന സയന്‍സ് ഫിക്ഷന്‍ ബ്ലോക്ബസ്റ്റര്‍ ആയിരുന്നു. നോളന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ് 'ഇന്‍സെപ്ഷന്‍'.
'ദ മെട്രിക്‌സ്' നിരസിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിന് വില്‍ സ്മിത്ത് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. "അത് എന്റെ മനോഹരമായ മുറിവുകളില്‍ ഒന്നായിരുന്നു", വില്‍ സ്മിത്ത് പറഞ്ഞു.
"ഞാനിത് പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കരുതുന്നു. പക്ഷെ നമ്മള്‍ പരസ്പരം മനസ് തുറക്കുന്നതിനാല്‍ ഞാന്‍ അത് പറയാന്‍ പോകുന്നു. ക്രിസ് നോളന്‍ എനിക്കാണ് ആദ്യം ഇന്‍സെപ്ഷന്‍ ഓഫര്‍ ചെയ്തത്. അന്ന് എനിക്ക് അത് മനസിലായില്ല. ഞാന്‍ ഒരിക്കലും ഇത് പരസ്യമായി പറഞ്ഞിട്ടില്ല. അത് അള്‍ട്ടര്‍നേറ്റ് റിയാലിറ്റിയെ കുറിച്ചുള്ള സിനിമയായിരുന്നു. അതിനെ ആ ഒരു തരത്തില്‍ അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചില്ല. പക്ഷെ അത് എനിക്കിപ്പോള്‍ വേദന നല്‍കുന്നു", എന്നും സ്മിത്ത് പറഞ്ഞു.
ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം വില്‍ സ്മിത്തിന് മാത്രമല്ല, ബ്രാഡ് പിറ്റിനോടും നോളന്‍ 'ഇന്‍സെപ്ഷന്റെ' കഥ പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ മറുപടി പറയാനാണ് ബ്രാഡ് പിറ്റിനോട് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രാഡ് പിറ്റ് കമ്മിറ്റ് ചെയ്യാതിരുന്നപ്പോള്‍ ഡീകാപ്രിയോയെ സമീപിക്കുകയായിരുന്നു.
റേഡിയോ അഭിമുഖത്തില്‍ ഐകോണിക് ആയി മാറിയ സിനിമകള്‍ ഇത്തരത്തില്‍ വേണ്ടെന്നു വെച്ചതില്‍ ഖേദമുണ്ടെന്ന് വില്‍ സ്മിത്ത് പറഞ്ഞു. "അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പോലും വളരെ അധികം വേദനയുണ്ട്", എന്നാണ് സ്മിത്ത് പറഞ്ഞത്.