ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വിജയ് ചിത്രം 'ജന നായകൻ' റിലീസിനോട് അടുക്കുന്നു. ജനുവരി ഒൻപതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം സെൻസർ നൂലാമാലകളിൽ പെട്ട് മാറ്റിവയ്ക്കുകയായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചെങ്കിലും അന്തിമ വിധി നീണ്ടുപോയതോടെ സിനിമയുടെ റിലീസും വൈകി.
ഇതോടെയാണ്, മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഹർജി പിൻവലിക്കാൻ സിംഗിൾ ബെഞ്ച് അനുമതിയും നൽകിയതോടെ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റി വഴി സർട്ടിഫിക്കറ്റ് നേടാനാകും നിർമാതാക്കളുടെ അടുത്ത നീക്കം.
സിനിമ ഫെബ്രുവരിയിൽ തന്നെ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് നിമയസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം. മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ, വിജയ് രാഷ്ട്രീയ പാർട്ടി (ടിവികെ) രൂപീകരിച്ച സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി സിനിമയുടെ പ്രദർശനം തടഞ്ഞേക്കാം. അങ്ങനെയെങ്കിൽ, റിലീസ് വീണ്ടും നീളും. ഇതുമുന്നിൽ കണ്ടാണ് ദ്രുതഗതിയിലുള്ള നിർമാതാക്കളുടെ നീക്കങ്ങൾ.
റിവ്യൂ കമ്മിറ്റിയിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ ഫെബ്രുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഹർജിയിൽ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആദ്യം നിർമാതാക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചുവെങ്കിലും ഡിവിഷൻ ബെഞ്ച് അത് തടയുകയായിരുന്നു. നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി വിസമ്മതിച്ചു. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് മാറ്റിയതോടെയാണ് നിയമനടപടികൾ അവസാനിപ്പിച്ച് റിവ്യൂ കമ്മിറ്റിയെ സമീപിക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.
ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവ്യൂ കമ്മിറ്റിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിനിമയിലെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും, പ്രതിരോധ സേനയുടെ ചിഹ്നങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്നുമായിരുന്നു പരാതി.
500 കോടി രൂപയോളം മുതൽമുടക്കുള്ള ചിത്രത്തിന്റെ പൊങ്കല്‍ റിലീസ് മുടങ്ങിയതിനാല്‍ 100 കോടിയോളം തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. ചിത്രം പെട്ടിയില്‍ ഇരിക്കുന്തോറും ഈ നഷ്ടവും വര്‍ധിക്കും. ഒപ്പം മറ്റ് അപ്കമിങ് റിലീസുകളും ഉള്ളതിനാല്‍ പ്രതീക്ഷിക്കുന്ന റിലീസ് തീയതി ലഭിക്കണമെന്നില്ല. ഇതിന് പുറമെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ അടക്കം റിലീസിനായി സമ്മര്‍ദം ചെലുത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രായോഗിക തീരുമാനം എന്ന നിലയ്ക്കാണ് നിര്‍മാതാക്കള്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയിൽ 'ജന നായകൻ' റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.