
സ്ത്രീകളുടെ വിവാഹ ജീവിതത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വിശദീകരണവുമായി നടി ഭാമ. സ്ത്രീകള്‍ക്ക് വിവാഹം ആവശ്യമാണോ എന്ന ചോദ്യം ഉയര്‍ത്തി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഭാമ പങ്കുവെച്ച വാചകങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
'വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം..' - എന്നായിരുന്നു ഭാമയുടെ വാക്കുകള്‍.
ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ട് വിവാഹം ചെയ്യരുതെന്ന ഭാമയുടെ പ്രതികരണം സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടി വിശദീകരണവുമായി രംഗത്തെത്തിയത്. സ്ത്രീധനം കൊടുത്ത് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ടതില്ല എന്നാണ് ഉദ്ദേശിച്ചതെന്നും അങ്ങനെ ചെയ്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് എഴുതിയതെന്നും ഭാമ വ്യക്തമാക്കി.
ഭാമയുടെ വാക്കുകള്‍....
'ഇന്നലെ ഞാൻ ഇട്ട എഴുത്തിൽ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്തു നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകൾക്കു കൊടുക്കുന്ന സമ്മർദ്ദം അതുമൂലം സ്വന്തം ജീവനുവരെ ഭീഷണിയോടെ ഒരു വീട്ടിൽ പേടിച്ച് കഴിയേണ്ടിവരിക. കുഞ്ഞുങ്ങൾ കൂടെ ഉണ്ടേൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാൻ ശ്രമിച്ചത്. അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുതെ എന്നാണ്. വിവാഹ ശേഷമാണേൽ സമ്മർദ്ദം സഹിച്ച് ജീവിതം തുടരാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകൾ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു.
നന്ദി.. Have a great day'
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഭാമ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം നടി സിനിമ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.