

'തുല്യ ഇടം, തുല്യ അവസരങ്ങൾ' വനിതാ സിനിമാ പ്രവർത്തകർക്കായി ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചാണ് വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന കൂട്ടായ്മ നിലവിൽ വന്നത്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെയായിരുന്നു ഇങ്ങനെ ഒരു മുന്നേറ്റം. മലയാള സിനിമയിലെ ആണധികാരത്തെ അവർ ചോദ്യം ചെയ്തു. പല ദന്തസിംഹാസനങ്ങളും കുലുങ്ങി. അത് മറയ്ക്കാൻ 'ഫെമിനിച്ചികൾ' എന്നൊരു ലേബൽ ഡബ്ല്യൂസിസിയുമായി ചേർന്ന് നിൽക്കുന്ന സ്ത്രീകൾക്ക് 'അവർ' പതിച്ചു നൽകി. 'അവൾക്കൊപ്പം' എന്ന് തറപ്പിച്ച് പറഞ്ഞ് അവർ ആ 'ഫെമിനിച്ചി' പദവി സന്തോഷ പൂർവം ഏറ്റെടുത്തു.
2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയാണ് മലയാളത്തിലെ ഒരു പ്രമുഖ യുവ നടിക്ക് നേരെ ആക്രമണം ഉണ്ടായത്. കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ പൾസർ സുനി എന്ന ക്രിമിനലും കൂട്ടരും നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പകർത്തുകയുമായിരുന്നു. അന്ന് രാത്രി തന്നെ നടി പൊലീസിൽ പരാതിപ്പെട്ടു.
ഫെബ്രുവരി 19ന് സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം ദർബാർ ഹാൾ മൈതാനത്ത് സിനിമാപ്രവർത്തകരുടെ കൂട്ടായ്മ നടന്നു. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത യോഗം. ആ യോഗത്തിൽ, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ആണെന്ന് മഞ്ജു വാര്യർ തുറന്നടിച്ചു.
"ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകാനാണ് ഇവിടെ സാധിക്കുക. ഒരു സ്ത്രീ വീടിന് അകത്തും പുറത്തും പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചുകിട്ടാനുള്ള അർഹത ഒരു സ്ത്രീക്ക് ഉണ്ട്. ആ സന്ദേശം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," മഞ്ജുവിന്റെ വാക്കുകൾ മലയാള സിനിമയിലെ ആൺ കോയ്മയെ കൂടി ചോദ്യം ചെയ്യുന്നതായിരുന്നു.
കേസിൽ നേരിട്ട് പങ്കാളികളായ പ്രതികൾ ഒന്നൊന്നായി സമീപ ദിവസങ്ങളിൽ അറസ്റ്റിലായി. അത് ചെന്നുനിന്നത് നടനും നിർമാതാവുമായ ദിലീപിലും. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിൽ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. പിന്നാലെ റിമാൻഡിലും. 85 ദിവസം ദിലീപ് ജയിലിൽ കിടന്നപ്പോൾ മലയാള സിനിമയിൽ ഒരു കൂട്ടം വനിതകൾ നീതിക്കായി, അവൾക്കായി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയ്ക്കുള്ളിൽ ശബ്ദമുയർത്തി. ആദ്യം കാര്യമായി പ്രതികരിച്ചില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം മനസിലാക്കിയതിനു പിന്നാലെ എഎംഎംഎ ദിലീപിനെ പുറത്താക്കി.
എന്നാൽ, നടിക്കൊപ്പമെന്നും പ്രതിക്കായി പ്രാർഥിക്കുന്നുവെന്നും പല മുതിർന്ന ആൺ താരങ്ങളും നിലപാട് സ്വീകരിച്ചു. ഇതിൽ പ്രതിഷേധിച്ച് 18 വനിതാ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് മറ്റൊരു കൂട്ടായ്മ രൂപീകരിച്ചു. വുമൺ ഇൻ സിനിമാ കളക്ടീവ്, ഡബ്ല്യൂസിസി.
വൈകാതെ എഎംഎംഎ ജനറൽ ബോഡി ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഡബ്ല്യൂസിസി അംഗങ്ങൾ എഎംഎംഎ വിട്ടു.
അഭിനേതാക്കളുടെ സംഘടനയ്ക്ക് പുറത്ത് ഡബ്ല്യൂസിസി ശക്തമായ സാന്നിധ്യമാകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. സുരക്ഷിതമായ തൊഴിൽ ഇടം എന്ന ദീർഘകാലമായ ആവശ്യത്തിനായും ആക്രമിക്കപ്പെട്ട നടിക്കായും ഡബ്ല്യൂസിസി നിലകൊണ്ടു. അഞ്ജലി മേനോൻ, ആശ ആച്ചി ജോസഫ്, ബീനാ പോൾ, ഭാവന, ദീദി ദാമോദരൻ, ഫൗസിയ ഫാത്തിമ, ഗീതു മോഹൻദാസ്, ഇന്ദു നമ്പൂതിരി, പത്മപ്രിയ, പാർവതി ടി.കെ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, സയനോര ഫിലിപ്പ്, ശ്രീബാല കെ മോനോൻ, സൗമ്യ സദാനന്ദൻ, സുരഭി ലക്ഷ്‌മി, സ്വാതി റെഡ്ഡി, വിധു വിൻസെന്റ്റ് എന്നിവരായിരുന്നു ആദ്യ അംഗങ്ങൾ. സംഘടനയിലെ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തി. 2017 ജൂലായ് ഒന്നിന് ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് ഹേമയ്‌ക്കൊപ്പം കെ.ബി. വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍.
ഇതിനിടയിലും നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം ശക്തമായ പിന്തുണ നൽകി ഡബ്ല്യൂസിസി ഉണ്ടായിരുന്നു. അവൾ ഇരയല്ലെന്നും അതിജീവിത ആണെന്നും മലയാളികളെ അവർ പഠിപ്പിച്ചു. തൊഴിലിടത്തെ ചൂഷണങ്ങളും സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി സെല്ലിന്റെ ആവശ്യകതയെപ്പറ്റിയും അവർ സംസാരിച്ചു. പല ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകൾക്ക് ശുചിമുറി പോലും ഇല്ലെന്നവർ ചൂണ്ടിക്കാട്ടി. പലപ്പോഴും അവർ ചൂണ്ടിക്കാണിക്കുമ്പോഴാണ് പല സൗകര്യങ്ങളും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നതായി പൊതുസമൂഹം അറിഞ്ഞത്.
2019 ഡിസംബർ 31 ഹേമാ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. എന്നാൽ, പിന്നെയും അഞ്ചര വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് വെളിച്ചം കണ്ടത്. ഡബ്ല്യൂസിസിയുടെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു പല കണ്ടെത്തലുകളും. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ റിപ്പോർട്ട് തുറന്നുകാട്ടി. സിനിമാ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നതായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ഒരു സിനിമാ നയം രൂപീകരിക്കണം എന്ന് ഡബ്ല്യൂസിസി ആവശ്യം ഉന്നയിച്ചു. സർക്കാരിനും പൊതുസമൂഹത്തിനും മുന്നിൽ തങ്ങളുടെ ശുപാർശകൾ അവതരിപ്പിച്ചു.
സുഗമമായിരുന്നില്ല ഡബ്ല്യൂസിസിയുടെ യാത്ര. സൈബർ ഇടങ്ങളിൽ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ അധിക്ഷേപങ്ങൾ നേരിട്ടു. പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിങ്ങനെ കൂട്ടായ്മയുടെ മുൻനിരയിൽ നിന്ന നടിമാർക്ക് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. അവസരങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന തരത്തിൽ വിമർശനങ്ങളുണ്ടായി. അവർക്കൊപ്പം പ്രവർത്തിച്ചാൽ ഷൂട്ടിങ് സുഗമമാകില്ല എന്നൊരു തെറ്റായ ധാരണ വളർന്നുവന്നു. ശരിയാണ്, അവർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ ആൺ മേച്ചിൽപ്പുറങ്ങളാകുന്ന സെറ്റുകളിൽ നടപ്പിലാക്കാൻ പ്രയാസമാണ്. അതിൽ പ്രധാനം സുരക്ഷിതമായ തൊഴിലിടം തന്നെയാണ്. എന്നാൽ, പതിയെ മലയാള സിനിമയിലെ തിരക്കഥകളിലും സെറ്റുകളിലും മാറ്റങ്ങൾ വന്നു തുടങ്ങി.
നടിയെ ആക്രമിച്ച കേസിൽ ആദ്യം മുതൽ അതിജീവിതയ്‌ക്ക് ഒപ്പം ഡബ്ല്യൂസിസിയെ കാണാം. ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നുവെന്ന് പ്രസ്താവിച്ചു. നീതിക്കായി 3215 ദിവസം കാത്തിരുന്നു. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം, പൾസർ സുനി ഉൾപ്പെടെ കേസിലെ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ വെറുതെ വിട്ടു. അപ്പോഴും അവൾക്കൊപ്പം എന്ന് അവർ ശക്തമായി പറഞ്ഞു. എപ്പോഴത്തേക്കാളും ശക്തമായി ഇപ്പോൾ 'അവൾക്കൊപ്പം' എന്ന് ഉറക്കെ പറഞ്ഞു.
അതേ, അവർ ഫെമിനിച്ചികളാണ്. അതിന് ആണധികാര കേന്ദ്രങ്ങൾ നൽകുന്ന നിർവചനങ്ങൾ ആല്ലെന്ന് മാത്രം.