

‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലേഡീസ് & ലേഡീസ്’ എന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിങ്ങനെയുള്ള താരങ്ങൾ സിനിമയിൽ ശക്തമായ സാന്നിധ്യമാകും എന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്. റോക്കിങ് സ്റ്റാർ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 26നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്.
“കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുതുമുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ സ്വന്തം റിസ്കിൽ കാണുക” എന്ന മുന്നറിയിപ്പോടെയാണ് 'ലേഡീസ് ലേഡീസ്' വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവവും തീവ്രതയും ഈ മുന്നറിയിപ്പിലൂടെ തന്നെ വ്യക്തമാണ്. തുർന്നുള്ള ഓരോ ഫ്രെയിമിലും അത് പ്രകടമാണ്.
'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. 'ലയേഴ്സ് ഡയസ്', 'മൂത്തോൻ' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്.
യഷിനൊപ്പം ചേർന്ന് ഗീതു തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. രവി ബസ്രൂർ ആണ് സംഗീത സംവിധാനം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.