മുഹ്സിൻ പരാരി സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. എവിഎ പ്രൊഡക്ഷൻസ്, മാർഗ എന്റർടൈൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിലാണ് അവസരം. നസ്രിയയും ടൊവിനോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലയിലുള്ള അഭിനേതാക്കൾക്കാണ് കൂടുതൽ സാധ്യത. മലബാർ സംസാര ശൈലിയാകും പരിഗണിക്കുക.
38 - 60 വയസിനിടയിലുള്ള സ്ത്രീകളെയും 45 - 60 വയസിനിടയിലുള്ള പുരുഷന്മാരെയും 1 മുതൽ 8 വയസിനിടയിലും, 13 നും 15 നും ഇടയിൽ പ്രായമുള്ള രണ്ട് ഇരട്ട ആൺ കുഞ്ഞുങ്ങളെയും അന്വേഷിച്ചാണ് കാസ്റ്റിംഗ് കാൾ. 8 മുതൽ 15 വയസിനിയിൽ പ്രായം വരുന്ന ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അവസരമുണ്ട്. എഡിറ്റ് ചെയ്യാത്ത 3 ഫോട്ടോയും പെർഫോമൻസ് വീഡിയോയും മെയിൽ ചെയ്യാനാണ് നിർദേശം. അയക്കേണ്ട മെയിൽ ഐഡിയും വിശദവിവരങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നുണ്ട്.
കെഎൽ10 എന്ന സിനിമയാണ് മുഹ്സിന്റെ ആദ്യ സംവിധാന സംരംഭം. സുഡാനി ഫ്രം നൈജീരിയ, വൈറസ്, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ്, തമാശ, ഹലാൽ ലൗ സ്റ്റോറി ,ഭീമന്റെ വഴി ,തല്ലുമാല,സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളിലെ ഗാനരചയിതാവ് എന്നീ നിലകളിലും മുഹ്സിൻ കഴിവുതെളിയിച്ചിട്ടുണ്ട്.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് മുഹ്‌സിൻ പരാരി സിനിമ സംവിധാനം ചെയ്യുന്നത്. ടൊവിനോയെ നായകനാക്കി മുഹ്‌സിൻ പരാരിയുടെ തന്ത വൈബ് എന്ന സിനിമയും ഒരുങ്ങുന്നു. വൻ ഹിറ്റായി മാറിയ സൂക്ഷ്മദർശിനിയ്ക്ക് ശേഷം നസ്രിയയുടേതായി അടുത്ത വരുന്ന ചിത്രം കൂടിയാണിത്.