ഗായികയായി അരങ്ങേറി അലംകൃത പൃഥ്വിരാജ്; 'ഐ, നോബഡി'യിലെ 'സർക്കസ്' എന്ന ഗാനം പുറത്ത്

പൃഥ്വിരാജ് സുകുമാരൻ ചിത്രം 'ഐ, നോബഡി' മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്
ഗായികയായി അരങ്ങേറി  അലംകൃത പൃഥ്വിരാജ്; 'ഐ, നോബഡി'യിലെ 'സർക്കസ്' എന്ന ഗാനം പുറത്ത്
Published on
Updated on

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് 'ഐ, നോബഡി'. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ കയ്യടികളോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, റിലീസിന് പിന്നാലെ സിനിമയിലെ 'സർക്കസ്' എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സേബ ടോമിയാണ് വരികൾ എഴുതിയിരിക്കുന്നത്. അലംകൃതയെ 'നോബഡി'യിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"നോബഡിയിലെ 'സർക്കസ്' എന്ന ഗാനത്തിൽ അലംകൃത പൃഥ്വിരാജിനെ ഉൾപ്പെടുത്താൻ കഴിഞ്ഞതിൽ എനിക്ക് അളവറ്റ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതൽക്കേ എനിക്കറിയാം. സംഗീതത്തോട് ആത്മാർത്ഥമായ അഭിനിവേശമുള്ള അപൂർവം യുവപ്രതിഭകളിൽ ഒരാളാണ് . ഞാൻ ഈ ഗാനം അവളുമായി പങ്കുവച്ച നിമിഷം തന്നെ, വളരെ എളുപ്പത്തിൽ അവളത് സ്വായത്തമാക്കി. പൃഥ്വിയും സുപ്രിയയും എപ്പോഴും അവളുടെ ഈ അഭിനിവേശത്തെ പ്രോത്സാഹിപ്പിക്കുകയും, അവളുടെ സംഗീത യാത്രയെ ആത്മാർത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്യുന്നത് കാണുന്നതിലും എനിക്ക് വലിയ സന്തോഷമുണ്ട്.

ആലി, ഈ ഗാനത്തിൽ നീ ഒപ്പമുണ്ടായിരുന്നത് വലിയ സന്തോഷമായിരുന്നു. നിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. മനോഹരവും ഗംഭീരവുമായ ഒരു സംഗീത യാത്രയുടെ തുടക്കം മാത്രമായിരിക്കട്ടെ ഇത്," എന്നാണ് ജേക്സ് ബിജോയ് കുറിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് 'ഐ, നോബഡി' നിർമിച്ചിരിക്കുന്നത്. എട്ട് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ 'ധുരന്ധർ' ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച 'ആന്തം ഓഫ് നോബഡി' സൂപ്പർ ഹിറ്റാണ്. സിദ് കൗശാലാണ് വരികൾ എഴുതിയത്.

ഗായികയായി അരങ്ങേറി  അലംകൃത പൃഥ്വിരാജ്; 'ഐ, നോബഡി'യിലെ 'സർക്കസ്' എന്ന ഗാനം പുറത്ത്
സൂക്ഷിക്കുക, രാജീവൻ വെറും നോബഡിയല്ല! 'I, NOBODY' REVIEW

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

'റോഷാക്ക്', 'ഇബിലീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് 'ഐ, നോബഡി'യുടെയും രചന നിർവഹിക്കുന്നത്. 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ,നോബഡി'ക്കുണ്ട്.

News Malayalam 24x7
newsmalayalam.com