
ജൂലൈ 3ന് രണ്‍ബീര്‍ കപൂര്‍ നായകനായി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശഭരിതരാക്കുകയും ചെയ്തു. അതിന് കാരണം ആഗോള സംഗീത ഇതിഹാസങ്ങളായ എ ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറും ഒരുമിച്ച് 'രാമായണ'ത്തിന് സംഗീതം ഒരുക്കുന്നു എന്നതാണ്.
ടീസര്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആരാധകരെ ആവേശഭരിതരാക്കിക്കൊണ്ട് റഹ്‌മാന്‍ ഹാന്‍സ് സിമ്മറിനൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഇതോടെ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകള്‍ കൊണ്ട് നിറഞ്ഞു. ഈ ദശാബ്ദത്തിന്റെ ഫ്രെയിം, എല്ലാവരും ഓര്‍മ്മിക്കുന്ന ഫ്രെയിം എന്നിങ്ങനെയായിരുന്നു കമന്റുകള്‍. അതോടൊപ്പം രാമയണത്തില്‍ ഇരുവരും ഒരുക്കുന്നത് മാജിക് ആയിരിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തു.
'രാമായണ'ത്തിന്റെ ടീസറില്‍ വിഷ്വലുകള്‍ക്ക് അപ്പുറം എടുത്ത് നിന്നത് അതിന്റെ സംഗീതം തന്നെയായിരുന്നു. ടീസര്‍ വന്നപ്പോള്‍ മുതല്‍ സമൂഹമാധ്യമത്തില്‍ ഇക്കാര്യത്തിന്‍റെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മികവുറ്റ പശ്ചാത്തല സംഗീതമാണ് ടീസറിലുള്ളത്. അതുകൊണ്ട് തന്നെ ഈ ലെജന്‍ഡറി കോമ്പോ എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് അറിയാനുള്ള ആവേശത്തിലാണ് എല്ലാം സംഗീത ആരാധകരും.
അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായാണ് രാമായണത്തിന്റെ ആദ്യ ഭാഗം അറിയപ്പെടുന്നത്. പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. ഇതുവരെ ഏകദേശം 835 കോടി രൂപ ചിത്രത്തിനായി ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ DNEG ആണ് രാമായണത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.
രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ രാമനായി എത്തുന്നത്. ഇന്നലെ ടീസറില്‍ താരത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. രാവണനായി യാഷും സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. ലക്ഷ്മണനായി രവി ദൂബെയും ഹനുമാനായി സണ്ണി ഡിയോളും എത്തും. നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്‌റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലി റിലീസായാണ് ചിത്രം എത്തുക.