കലാകാരനു വേണ്ടത് പണം മാത്രമല്ല; ഇന്ത്യയിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തി അദ്‌നാന്‍ സമി

താന്‍ ഇന്ത്യയിലേക്ക് വരാന്‍ കാരണം ആശാ ഭോസ്‌ലേ ആണെന്നും അദ്‌നാന്‍ സമി
image: Instagram
image: Instagram
Published on

2016 ലാണ് ഗായകന്‍ അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. ഇതിനു ശേഷം പാകിസ്ഥാനില്‍ നിന്നും നിരന്തരം വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഗായകന്‍ വിധേയനായിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അദ്‌നാന്‍ സമി പാകിസ്ഥാന്‍ ഉപേക്ഷിച്ചതെന്നായിരുന്നു പ്രധാന ആരോപണം.

ഈ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് അദ്‌നാന്‍ സമി ഇപ്പോള്‍. ഇന്ത്യാ ടിവിയിലെ 'ആപ്കി അദാലത്ത്' എന്ന പരിപാടിയിലാണ് ഗായകൻ മനസ് തുറന്നത്. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള കാരണവും പാകിസ്ഥാന്‍ ഉപേക്ഷിക്കാനുള്ള തീരുമാനവും എന്തിനു വേണ്ടിയായിരുന്നുവെന്നും അദ്‌നാന്‍ സമി പറഞ്ഞു.

image: Instagram
ഇളയരാജയുടെ കച്ചേരിക്ക് ഗഞ്ചിറ വായിക്കുന്ന യേശുദാസ്! അത്യപൂര്‍വ ഫോട്ടോയുടെ കഥ

തനിക്കും തന്റെ സംഗീതത്തിനും പാകിസ്ഥാന്‍ സംഗീത മേഖലയില്‍ നിന്ന് ഒരിക്കലും അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ പാട്ടുകള്‍ ബോധപൂര്‍വം ബഹിഷ്‌കരിക്കുന്നത് കണ്ട് ഹൃദയം തകര്‍ന്നിട്ടുണ്ട്. പാകിസ്ഥാനിലെ സമ്പന്ന കുടുംബത്തിലാണ് താന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ പണത്തോട് ഒരിക്കലും ആര്‍ത്തി തോന്നിയിട്ടില്ല. പണത്തേക്കാള്‍ ഒരു കലാകാരന്‍ ആഗ്രഹിക്കുന്നത് വലിയ ആസ്വാദകരെയാണ്. പാകിസ്ഥാനില്‍ നിന്ന് വലിയ സ്‌നേഹം തനിക്ക് ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ ഓഡിയന്‍സിലേക്ക് തന്റെ പാട്ടുകള്‍ എത്തണമെന്നായിരുന്നു ആഗ്രഹം.

1998 ല്‍ തന്റെ ഗാനം പുറത്തിറക്കിയതിനു ശേഷം അതിന് വേണ്ടത്ര സ്വീകാര്യത അവിടെ ലഭിച്ചിരുന്നില്ല. താന്‍ തീര്‍ന്നു എന്ന രീതിയായിരുന്നു അവര്‍ക്ക്. അതിനാല്‍ തന്നെ പാക് സംഗീത ലോകം തന്റെ പാട്ടുകള്‍ക്ക് ഒരു പബ്ലിസിറ്റിയും നല്‍കിയില്ല. അതിനാല്‍ തന്നെ ആല്‍ബം ഇറങ്ങിയതൊന്നും ആരും അറിഞ്ഞില്ല. അത് ഇല്ലാതായിപ്പോയി. ആ സമയത്ത് താന്‍ കാനഡയിലായിരുന്നു, അവര്‍ അത് മനപൂര്‍വം ചെയ്തതാണെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

image: Instagram
ഒരു ദിവസം മുന്നേ ജന്മദിനം ആഘോഷിക്കുന്ന ഇളയരാജ; കാരണമിറുക്ക്...

താന്‍ ഇന്ത്യയിലേക്ക് വരാന്‍ കാരണം ആശാ ഭോസ്‌ലേ ആണെന്നും അദ്‌നാന്‍ സമി പറഞ്ഞു. വീണ്ടും നിരാകരിക്കപ്പെട്ടുവെന്നും തനിക്കൊപ്പം ജോലി ചെയ്യാന്‍ പാകിസ്ഥാനില്‍ ആരും തയ്യാറാകുന്നില്ലെന്നും ആശാ ഭോസ് ലേയോട് പറഞ്ഞു. ആശാ ഭോസ്‌ലേയ്‌ക്കൊപ്പം ലണ്ടനില്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാനുള്ള ആഗ്രഹവും പറഞ്ഞു. അതിന് അവര്‍ നല്‍കിയ മറുപടി, എന്തിന് ലണ്ടനിലേക്ക് പോകുന്നു എന്നായിരുന്നു. ഹിന്ദി സംഗീതത്തിന്റെ കേന്ദ്രമായ മുംബൈയിലേക്ക് ക്ഷണിച്ചതും ആശാ ഭോസ്‌ലേയാണ്. മുംബൈയില്‍ ഹിറ്റാകുന്നത് ലോകം മുഴുവന്‍ എത്തുമെന്നും ആശാ ഭോസ്‌ലേ പറഞ്ഞു.

അങ്ങനെയാണ് മുംബൈയില്‍ വരുന്നത്. ആര്‍ഡി ബര്‍മന്റെ വീട്ടില്‍ തനിക്ക് താമസം ഒരുക്കിയതും അവരാണ്. സംഗീതത്തിന്റെ ക്ഷേത്രത്തില്‍ ജീവിക്കുന്നത് പോലെയായിരുന്നു അത്. പാകിസ്ഥാനില്‍ നിരാകരിക്കപ്പെട്ട, ലിഫ്റ്റ് കര്‍ദേ, ബീഗി ബീഗി രാതോം മേ എന്നീ ഗാനങ്ങള്‍ മുംബൈയില്‍ റിലീസ് ചെയ്തു. പിന്നീടുണ്ടായത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതുവരെ അനുഭവിക്കാത്ത സ്‌നേഹവും സ്വീകാര്യതയുമാണ് ഇന്ത്യയില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും അദ്‌നാന്‍ സമി പറഞ്ഞു. ഈ അനുഭവം തനിക്ക് മാത്രമായിരുന്നില്ല. പാകിസ്ഥാനില്‍ വലിയ സ്വീകാര്യത ലഭിച്ച നുസ്രത്ത് ഫത്തേഹ് അലി ഖാന്‍, മെഹ്ദി ഹസന്‍, രേഷ്മ എന്നിവരുടെ ഖ്യാതി ഇന്ത്യയിലെത്തിയപ്പോള്‍ ഇരട്ടിയായി. ഇന്ത്യയിലെ വലിയ ആസ്വാദകരും സംഗീതത്തോടുള്ള ആദരവുമാണ് ഇതിനു കാരണം. അത് മറ്റെവിടെയും കാണാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com