ആരാധന മൂത്ത് കൊറിയയിലെത്തി; ബിടിഎസ് താരത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച് യുവതി

ഗേറ്റില്‍ നിരവധി തവണ തെറ്റായ നമ്പര്‍ അടിച്ച് ഗേറ്റ് തുറപ്പിക്കാനായിരുന്നു ശ്രമം
NEWS MALAYALAM 24x7
ജങ്കൂക്ക് Image: X
Published on

ലോകമെമ്പാടും ആരാധകരുള്ള കൊറിയന്‍ പോപ്പ് ബാന്‍ഡണ് ബിടിഎസ്. ആരാധകരുടെ അതിരുകടന്ന 'സ്‌നേഹപ്രകടനം' കാരണം ബിടിഎസ് അംഗങ്ങള്‍ പലപ്പോഴും പ്രതിസന്ധിയിലാകുന്ന വാര്‍ത്തകളും ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ബിടിഎസ് അംഗം ജങ്കൂക്കിനുണ്ടായത്.

ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി ജങ്കൂക്ക് അടക്കമുള്ള ബിടിഎസ് താരങ്ങള്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇതോടെ ബിടിഎസ് ആര്‍മി എന്ന് വിളിപ്പേരുള്ള ആരാധകരും ആവശേഷത്തിലായി. ചിലരുടെ ആരാധന അതിര് കടക്കുകയും ചെയ്തു.

ജങ്കൂക്കിന്റെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ചൈനീസ് യുവതിയെ കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയത്. ജൂണ്‍ 11 നാണ് യുവതി ജങ്കൂക്കിന്റെ ദക്ഷിണ കൊറിയയിലെ യോങ്‌സാന്‍-ഗുവിലെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.

രാത്രി 11.30 ന് പാസ് വേര്‍ഡുള്ള ഗേറ്റില്‍ നിരവധി തവണ തെറ്റായ നമ്പര്‍ അടിച്ച് ഗേറ്റ് തുറപ്പിക്കാനായിരുന്നു ശ്രമം. ജങ്കൂക്ക് മിലട്ടറി സേവനം കഴിഞ്ഞ് മടങ്ങിയെത്തിയെന്ന വാര്‍ത്ത അറിഞ്ഞായിരുന്നു ആരാധിക എത്തിയത്.

ജങ്കൂക്കിനെ കാണാന്‍ വേണ്ടി മാത്രമാണ് ചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ എത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

ഇതിനു മുമ്പും ബിടിഎസ് അംഗങ്ങള്‍ക്കു നേരെ ആരാധകരുടെ ഭാഗത്തു നിന്നും തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബിടിഎസിലെ മറ്റൊരു അംഗമായ ജിന്‍ മിലിട്ടറി സേവനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആരാധകരുമായി നടത്തിയ മീറ്റപ്പ് ഇവന്റില്‍ ഒരു സ്ത്രീ അദ്ദേഹത്തെ കടന്നുപിടിച്ച് ചുംബിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി സ്ത്രീക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സ്ത്രീക്കെതിരെ തിരക്കേറിയ സ്ഥലത്ത് ശല്യം ചെയ്തതിനു കേസെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com