

കൊച്ചി: ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങിയ പുതിയ മ്യൂസിക് വീഡിയോ പുറത്ത്. 'ഭീഗി ഭീഗി' എന്ന് തുടങ്ങുന്ന ഗാനത്തിൽ ദുൽഖർ സൽമാനും മൃണാൾ താക്കൂറുമാണ് അഭിനയിച്ചിരിക്കുന്നത്. 'സീതാ രാമം' എന്ന ബ്ലോക്ബസ്റ്റർ പ്രണയ ചിത്രത്തിലെ ഈ ജോഡിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
റഹ്മാന്റെ മകൻ എ.ആർ. അമീനും ജസ്ലീൻ റോയലും ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 'ഹീരിയേ' എന്ന ഹിറ്റ് ഗാനത്തിന് ശേഷം ജസ്ലീനൊപ്പമുള്ള ദുൽഖറിന്റെ രണ്ടാമത്തെ പ്രോജക്ടാണിത്. അമീനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇർഷാദ് കാമിൽ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്.
ഫ്യൂച്ചറിസ്റ്റിക് സെറ്റിങ്ങിൽ വ്യത്യസ്ത ലുക്കുകളിലാണ് ദുൽഖറും മൃണാളും ഈ ഗാനത്തിൽ വരുന്നത്. ഈ പ്രോജക്ട് ആവേശകരമായിരുന്നു എന്നാണ് മൃണാൾ പറയുന്നത്. ഗാനത്തിന്റെ വൈകാരികത തന്നെ വല്ലാതെ ആകർഷിച്ചവെന്നും ആദ്യമായി കേട്ടപ്പോൾ മുതൽ ഇത് ലൂപ്പിൽ കേട്ടുകൊണ്ടിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. റൂഹ് റെക്കോർഡ്സിന്റെ തുടക്കം മാത്രമാണിതെന്നാണ് അമീൻ പ്രതികരിച്ചത്.
അതേസമയം, 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ആണ് ദുൽഖർ സൽമാന്റെ വരാനിരിക്കുന്ന മലയാള ചിത്രം. സിനിമയിലെ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ് ലുക്കിലാണ് നടനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം 2026 ഓണം റിലീസായി ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.