കേരളത്തിനിത് തെരഞ്ഞെടുപ്പു കാലമാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പോലെയല്ല, നാടിന്റെ മുക്കും മൂലയുമൊക്കെ ജനാധിപത്യ പ്രക്രിയയുടെ തിരക്കുകളിലാണ്. ഓരോ വീടും കയറിയിറങ്ങുന്നതിനൊപ്പം, സ്ഥാനാര്‍ഥികളുടെ ഡിജിറ്റല്‍ പ്രചാരണവും ഊര്‍ജിതമാണ്. ചുവരെഴുത്തുകളും നോട്ടീസും ഫ്ലക്സും പോലെ പ്രധാനമാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റും പോസ്റ്ററുകളും. പാട്ടും പാടി ജയിക്കാന്‍ തെരഞ്ഞെടുപ്പ് പാട്ടുകളുമുണ്ട്. സ്ഥാനാര്‍ഥിക്കായോ, മുന്നണിക്കായോ ഒറിജിനല്‍ സ്കോറുകള്‍ക്കൊപ്പം, ജനപ്രിയ സിനിമാ, ആല്‍ബം പാട്ടുകളുടെ പാരഡികളും ഉള്‍പ്പെടുന്നു. അത്ര പ്രശസ്തരല്ലാത്ത ഗായകരും സംഗീതജ്ഞരുമൊക്കെയാണ് തെരഞ്ഞെടുപ്പുകാലത്ത് കുറഞ്ഞ ചെലവില്‍ ഇത്തരം വോട്ടുപാട്ടുകള്‍ ചെയ്തുകൊടുക്കുന്നത്. എന്നാല്‍, പ്രശസ്തരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമൊക്കെ ഇത്തരം വോട്ടുപാട്ടുകള്‍ ചെയ്തിട്ടുണ്ട്. അതുപക്ഷേ, സിനിമയിലാണെന്നു മാത്രം.
1966ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഥാനാര്‍ഥി സാറാമ്മ. പേര് സൂചിപ്പിക്കുന്നതുപോലെ, തെരഞ്ഞെടുപ്പ് തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലം. കെ.എസ്. സേതുമാധവനാണ് മുട്ടത്തുവര്‍ക്കിയുടെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പ്രേം നസീര്‍, അടൂര്‍ ഭാസി, ഷീല, ശങ്കരാടി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലാണ് കേരളം ശ്രദ്ധിച്ച ആദ്യ വോട്ടുപാട്ട്. വയലാറിന്റെ വരികള്‍ക്ക് എല്‍പിആര്‍ വര്‍മയാണ് ഈണമൊരുക്കിയത്. കുരുവിപെട്ടി നമ്മുടെ പെട്ടി കടുവാ പെട്ടിക്കോട്ടില്ല... വോട്ടില്ലാ... വോട്ടില്ലാ... കടുവാ പെട്ടിക്കോട്ടില്ല... എന്ന് തുടങ്ങുന്നതാണ് ഒരു പാട്ട്. അടൂര്‍ ഭാസിയായിരുന്നു ഗായകന്‍. പഞ്ചായത്തില്‍ കുരുവി ജയിച്ചാല്‍ നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ചാണ് പാട്ട് പറയുന്നത്. കുരുവി ജയിച്ചാല്‍ നാടാകെ പൊന്നോണം, പാലങ്ങള്‍, വിളക്ക് മരങ്ങള്‍, കലുങ്കുകള്‍, പാര്‍ക്കുകള്‍, റോഡുകള്‍, തോടുകള്‍ എന്നിങ്ങനെ പഞ്ചായത്തിനെ പറുദീസ ആക്കുമെന്നാണ് വാഗ്ദാനപ്പെരുമഴ. നാടാകെ അരിയുടെ കുന്നുകള്‍ വനം ആര്‍ക്കും പതിച്ചുകൊടുക്കും, വിമാനത്താവളം പണിയും, കൃഷിക്കാര്‍ക്ക് കൃഷിഭൂമിയും പണക്കാര്‍ക്ക് മരുഭൂമിയും എന്നിങ്ങനെ വാഗ്ദാനങ്ങള്‍ക്കൊപ്പം കാണാനഴകുള്ള, കല്യാണം കഴിക്കാത്ത സാറാമ്മയാണ് നമ്മുടെ സ്ഥാനാര്‍ഥി എന്നൊക്കെയാണ് പാട്ടിലെ വരികള്‍.
എതിര്‍പക്ഷക്കാരായ കടുവാപ്പാര്‍ട്ടിയുടെ തോല്‍വിയിലാണ് അടുത്ത പാട്ട് വരുന്നത്. തോറ്റു പോയ് തോറ്റു പോയ്, കടുവാപ്പാര്‍ട്ടി തോറ്റുപോയ് എന്നാണ് പാട്ടിന്റെ തുടക്കം. കൊടികളുയര്‍ത്തുക നമ്മള്‍ കുരുവി, കൊടികളുയര്‍ത്തുക നമ്മള്‍, നമ്മുടെ കുരുവിയെ വന്നെതിരേല്‍ക്കുക നാട്ടുകാരേ, കുരുവി ജയിച്ചേ കുരുവി ജയിച്ചേ, കടുവ മരിച്ചേ കടുവ മരിച്ചേ, കുഴിവെട്ടി മൂടുക കടുവയെ നമ്മള്‍ കൂട്ടുകാരേ, കുഴിവെട്ടി മൂടുക കടുവയെ നമ്മള്‍ കൂട്ടുകാരേ എന്നിങ്ങനെ പോകുന്നു വരികള്‍. ഉത്തമനും സംഘവുമാണ് ഗായകര്‍.
1985ല്‍ എ.ടി. അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാന്യമഹാജനങ്ങളേ എന്ന ചിത്രത്തിലാണ് മറ്റൊരു ശ്രദ്ധേയമായ വോട്ടുപാട്ടുള്ളത്. പൂവച്ചൽ ഖാദറിനേറ്താണ് വരികള്‍. ഈണമിട്ടത് ശ്യാം. പി. ജയചന്ദ്രൻ, ഉണ്ണി മേനോന്‍, സി.ഒ. ആന്റോ എന്നിവരാണ് ഗായകര്‍. മാന്യമഹാജനങ്ങളേ മാന്യമഹാജനങ്ങളേ, ആഴികൾ പോലെ വീചിയുണർത്തും ജനങ്ങളേ, കാറ്റല പോലെ വീശിയടിക്കും ജനങ്ങളേ, ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ ദാരിദ്ര്യം തുടച്ചു മാറ്റാൻ, വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ എന്നിങ്ങനെയാണ് പാട്ടിന്റെ തുടക്കം. പത്തിരി ചുട്ടു നിരത്തി നമ്മളു പട്ടിണീ പോക്കും നാട്ടീന്ന്, മുക്കിനു മുക്കിനു ജില്ലകൾ തീർത്ത് മൊഞ്ചു വളർത്തും നാട്ടീന്ന്, വോട്ടു തരൂ വോട്ടു തരൂ ഞങ്ങൾക്കോട്ടു തരൂ... എന്നിങ്ങനെപോയി ഓന്ത് തിന്തകത്തോം തോം പാർട്ടി തിന്തകത്തോം, വോട്ട് തിന്തകത്തോം തോം ഭരണം തിന്തകത്തോം, ഓന്തു പാർട്ടി വോട്ടു ഭരണം എല്ലാം തിന്തകത്തോം എന്നൊക്കെ പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്.
വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, മധു, നരേന്ദ്രപ്രസാദ് എന്നിവര്‍ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ ചിത്രമാണ് ആയിരപ്പറ. 1993 പുറത്തിറങ്ങിയ ചിത്രത്തിലുമുണ്ട് ഒരു വോട്ടുപാട്ട്. എല്ലാർക്കും കിട്ടിയ സമ്മാനം, അതു വോട്ടല്ലേ തോന്ന്യാസച്ചീട്ടല്ല, കാട്ടല്ലേ കയ്യാങ്കളി കാട്ടല്ലേ, നാട്ടാരേ കടിപിടി കൂട്ടല്ലേ... എന്നിങ്ങനെ തുടങ്ങി കണ്ണല്ലാത്തെല്ലാം പൊന്നാക്കാം, ഞങ്ങളു ജയിച്ചു വന്നാൽ, ജയമോ കണ്ടോളാം, അതു വോട്ടു പെട്ടീലോ അതോ നാട്ടു തോപ്പിലോ, ഗ്രാമത്തിൽ റോഡുണ്ടാക്കാനും പാലങ്ങൾ കെട്ടാനും എല്ലാം ആണുങ്ങൾ ഈ ഞങ്ങൾ തന്നെ വേണം എന്നിങ്ങനെ പോകുന്നു കാവാലം നാരായണപ്പണിക്കരുടെ വരികള്‍. രവീന്ദ്രന്റെ ഈണത്തില്‍ എം ജി ശ്രീകുമാറും അരുന്ധതിയും സംഘവുമാണ് പാട്ട് പാടിയത്.
കോളേജ് സൗഹൃദത്തിന്റെ കഥ പറഞ്ഞ ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലാണ് രസകരമായ മറ്റൊരു വോട്ടുപാട്ടുള്ളത്. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാട്ട് വരുന്നത്. പക്ഷേ, വരികള്‍ ഏത് തെരഞ്ഞെടുപ്പിനും ചേരും എന്നതാണ് വയലാർ ശരത്ചന്ദ്രവർമയുടെ രചനയിലെ കൗതുകം.
വോട്ട്..ഒരു തിരഞ്ഞെടുപ്പടുക്കണ സമയത്തു വിലയുള്ള നോട്ട്..., ഈ നോട്ട്..ചുടു മനസ്സിന്റെ നിറമുള്ള മഷിക്കൊണ്ടു വിധിയിട്ട ചീട്ട്..., ചുമ്മാതെ കളയരുതമ്മിണിയേ..പുതു സമ്മാനമാക്കു സോദരിയേ... എന്നാണ് പാട്ട് തുടങ്ങുന്നത്. ഇടതും വലതും പറഞ്ഞ് വോട്ടു തേടുന്നതിനൊപ്പം, അടിപിടിക്കാര്‍ക്കും വെള്ളമടിക്കുന്നവര്‍ക്കും വെളുവെളെ ചിരിച്ച് പുളുവടി നടത്തുന്നവര്‍ക്കും വോട്ടില്ലെന്നും പറയുന്നു. അഴിമതിക്ക് വോട്ടില്ല, കൊലവിളി നടത്തുന്നവര്‍ക്കും വോട്ടില്ല എന്നിങ്ങനെ തുടരുമ്പോള്‍ കള്ളവോട്ട് വേണ്ടെന്നുകൂടി പറയുന്നുണ്ട് പാട്ടില്‍. അലക്സ് പോളിന്റെ ഈണത്തില്‍ എം.ജി. ശ്രീകുമാറും പ്രദീപ് പള്ളുരുത്തിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.
അടിമുടി രാഷ്ട്രീയം പറഞ്ഞ സിനിമയായിരുന്നു 2014 പുറത്തിറങ്ങിയ വെള്ളിമൂങ്ങ. ജോജി തോമസിന്റെ കഥയില്‍ ജിബു ജേക്കബായിരുന്നു സംവിധാനം. ബിജു മേനോനും അജു വര്‍ഗീസും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ഒരു പാട്ട് തെരഞ്ഞെടുപ്പിനെയും വോട്ടുപിടുത്തത്തെയും കുറിച്ചായിരുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നത്. പാടിയത് നജിം അര്‍ഷാദും. മാവേലിക്കു ശേഷം നീയേയുള്ളെന്നോരോ... മാളോരെയും തോന്നിപ്പിച്ചാല്‍ നീയേ നേതാവ് എന്നാണ് പാട്ടിന്റെ തുടക്കം.
വായില്‍ തോന്നുമ്പോലെ വാഗ്ദാനങ്ങള്‍ നല്കി മായാജാലം കാട്ടുന്നോരാണെന്നും ജേതാവ്..., വേരു പിടിച്ചവരെല്ലാരും നേരു മറച്ചവരാണല്ലോ, വോട്ടേറിയാല്‍ സീറ്റേറിയാല്‍ സ്വന്തം കാര്യം സിന്ദാബാദ്... എന്നിങ്ങനെ പോകുന്ന വരികള്‍ അടുത്തു കഴിഞ്ഞുവല്ലോ തിരഞ്ഞെടുപ്പ്, ആരു ഭരിക്കും നാടിനെ ആരു മുടിക്കും, തിരിച്ചും മറിച്ചുമൊരു നറുക്കെടുപ്പ്, വോട്ടെല്ലാം പെട്ടീല്‍ വന്നാല്‍ വോട്ടെണ്ണി പാസായെന്നാല്‍, വാഗ്ദാനം ചാക്കില്‍ കെട്ടി കാണാത്ത കോണില്‍ തള്ളി, മറച്ചു പിടിച്ചു ചിരിക്കും നീയും, തോല്‍ക്കുവതപ്പോഴുമാരാണ് വോട്ടു കൊടുക്കണ ജനമാണ്, നേതാവിനും ജേതാവിനും സ്വന്തം കാര്യം സിന്ദാബാദ്... എന്ന് പരിഹാസസ്വരത്തില്‍ കാര്യം പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്. അവസരവാദ രാഷ്ട്രീയത്തെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ നേതാക്കളെയും, ഏത് പൊതുപരിപാടിയിലും ആളാകാന്‍ വെമ്പുന്ന രാഷ്ട്രീയക്കാരെയുമൊക്കെ ആവശ്യത്തിന് പരിസഹിക്കുന്നുണ്ട് വരികള്‍.
2021ല്‍ അഖില്‍ മാരാരുടെ സംവിധാനത്തില്‍ പുറത്തുവന്ന താത്വിക അവലോകനം എന്ന ചിത്രത്തിലുണ്ട് ഒരു വോട്ടുപാട്ട്. തങ്കസൂര്യനുദിച്ചു തെളിഞ്ഞു, കുങ്കുമവർണപ്പക്ഷി ചിലച്ചു എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. വോട്ടിനായ് പായുന്നേരം, പറഞ്ഞ വാക്കും വളഞ്ഞ നാക്കും ചൊറിഞ്ഞ മൂക്കും മറന്നുപോകല്ലേ, പാഴ് വാഗ്ദാനം വേണ്ട ഇനി ഇരുളിൻ ഭരണം വേണ്ട, ഇടം വലം വച്ചോടി നാമിന്നെത്തിയതെവിടെ, ആശ്വാസത്തിരിയാകാൻ വേണം പുതിയൊരു ഭരണം എന്നിങ്ങനെ കൃത്യമായ രാഷ്ട്രീയം അടയാളപ്പെടുത്തുന്ന വരികള്‍ എഴുതിയത് കൈതപ്രമാണ്. ഒ.കെ. രവിശങ്കര്‍ സംഗീതം ചെയ്ത പാട്ട് മധു ബാലകൃഷ്ണന്‍, രാജലക്ഷ്മി, ജോസ് സാഗര്‍, ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
ആസിഫ് അലിയെ നായകനാക്കി 2021ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും എന്ന ചിത്രത്തിലുമുണ്ട് ഒരു വോട്ടുപാട്ട്. മാനത്തിൻ അവകാശി ആരാണെന്ന പിടിവാശി, സൂരിയനും ചന്ദിരനും തമ്മിൽ പോരാട്ടം, പോരു ജയിക്കാനായിട്ട് അമ്പോ നെട്ടോട്ടം, രാവിൻ കോട്ടപിടിക്കാന്‍ സൂര്യൻ, പകലിൻ നായകനാവാൻ ചന്ദ്രൻ എന്നിങ്ങനെ പോകുന്ന പാട്ടില്‍ വെയിലുകൊണ്ട്... നിലവുകൊണ്ട്... പലവഴിയ്ക്ക് പടനയിച്ച്, പതിനെട്ടാമടവെടുക്കണേ, പോരാട്ടം മുറുകണേ മൂച്ച് കേറണേ, അടിവച്ചങ്ങടിവച്ച്, അപരന്നെ കരിതേച്ച്, ജയമെത്താനിരുപറ്റം, കോപ്പുകൂട്ടണേ എന്നിങ്ങനെ പറഞ്ഞ് വോട്ട് കിട്ടാനതുവഴി ഇതുവഴി, എരന്നിട്ട് നടന്നിട്ട് വിലപേശികിണഞ്ഞിട്ട്, വലവീശിപിടിച്ചിട്ട് കുതികാലുമുറിച്ചിട്ട്, ചീട്ടിറക്കി കളികള് പലവക, അടിയിടിവെടിപുക, അധികാരക്കൊതിയുടെ ചാപ്പകുത്തും, സമയമിതടുക്കുമ്പൊ, കടിപിടിമുറുകുമ്പൊ, കാഹളങ്ങൾ തകിലടിമാമാങ്കം എന്ന് പറഞ്ഞുപോകുന്നു വരികള്‍. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണമിട്ടിരിക്കുന്നത്. രാഹുല്‍ ആര്‍ നാഥാണ് ഗായകന്‍.
തെരഞ്ഞെടുപ്പ് പറയുന്ന ഒട്ടനവധി മലയാളച്ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിലെല്ലാം മികച്ച ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ ശൈലികളെയും അവസരവാദ നിലപാടുകളെയുമൊക്കെ കണക്കറ്റ് പരിഹസിക്കുന്ന പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വോട്ടുപിടുത്തവുമായി ബന്ധപ്പെട്ട പാട്ടുകള്‍ അത്രത്തോളം വന്നിട്ടില്ല. പുതിയകാലത്തെ സിനിമകള്‍ രാഷ്ട്രീയം പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പും വോട്ടുപിടുത്തവുമൊക്കെ ഇല്ലാത്തതിനാലാവും ഇത്തരം വോട്ടുപാട്ടുകള്‍ കുറവാണ്. അതിന്റെ കുറവ് തീര്‍ക്കുന്നത് തെരഞ്ഞെടുപ്പുകളാണ്. സ്ഥാനാര്‍ഥിയെയും മുന്നണിയെയും പുകഴ്ത്തിയും എതിര്‍കക്ഷിയെ പരിഹസിച്ചുമൊക്കെ പാട്ടുകള്‍ പിറന്നുകൊണ്ടിരിക്കുന്നു.