ലോകത്തിലെ ഏറ്റവും വലിയ ഫാൻഡമായ 'ആർമി' കാത്തിരുന്ന ദിവസമാണ് ജൂൺ 21. നിർബന്ധിത സൈനികസേവനം പൂർത്തിയാക്കി മിൻ യൂം കി കൂടി തിരിച്ചെത്തിയതോടെ ബിടിഎസ് വീണ്ടും ഒന്നിക്കുന്നു. പാട്ടും ഡാൻസും തമാശയുമൊക്കെയായി ഇനി അവരുണ്ടാകും അവരുടെ ആരാധകരായ ആർമിക്കൊപ്പം.
കിം നം ജൂൻ, കിം സോക് ജിൻ, മിൻ യൂം കി, ജങ് ഹോ സോക്, പാർക്ക് ജിമിൻ, കിം തേയോങ്, ജോൺ ജങ്കൂക്ക് ബിടിഎസിന്റെ സംഗീതനിശകൾ തുടങ്ങുന്നതിന് മുമ്പ് ഒരു ആചാരം പോലെ ആരാധകക്കൂട്ടം ഉച്ചത്തിൽ അലറിവിളിക്കുന്ന ഏഴു പേരുകൾ.
രണ്ട് വർഷമായി ആർമി കാത്തിരുന്ന ദിവസമാണ് ജൂൺ 21. സൌത്ത് കൊറിയൻ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി അവസാന മെമ്പറും പുറത്തിറങ്ങുന്നതോടെ ഇനി ബിടിഎസ് സംഗീതം അലയടിക്കും. പബ്ലിക് സെർവീസിലായിരുന്ന മിൻ യൂം കി കൂടി വന്നതോടെ 2026 ൽ ബിടിഎസിന്റെ ഗ്രൂപ്പ് കംബാക്ക് ഉണ്ടാകുമെന്ന് ബിടിഎസ് പേരന്റ് കമ്പനിയായ ഹൈബി.
മിലിറ്ററിയിൽ പോകുന്നതിന് മുമ്പും തിരിച്ചുവന്നതിന് ശേഷവും നിലവിൽ സോളോ ആൽബങ്ങളാണ് അംഗങ്ങൾ പുറത്തിറക്കിയത്. കോൺസേർട്ടുകളും എന്റർടെയ്ന്മെന്റ് ഷോകളും ഒക്കെയായ് അവർ ആർമിയോടൊപ്പമുണ്ട്. കഴിഞ്ഞ 14 ന് അവസാനിച്ച ജെ ഹോപ്പിൻ്റെ സംഗീതനിശയിൽ മെമ്പേഴ്സെല്ലാം പങ്കെടുത്തിരുന്നു. ഒമ്പത് നഗരങ്ങളിലായ് ജിന്നിന്റെ മ്യൂസിക് ഇവന്റ് ഈ മാസം 28 ന് ആരംഭിക്കും.
ആരാധകരെ തിരിച്ചാരാധിക്കുന്ന ലോകത്തിലെ ആദ്യ പോപ് ബാൻഡ്. മറ്റ് ആരാധകരെപ്പോലെയല്ല ബിടിഎസ് ആരാധകർ. ഏഴംഗങ്ങളെയും ഒരേപോലെ സ്നേഹിക്കുന്ന പാട്ടിനൊപ്പം അവരുടെ കളിതമാശകളും ഇഷ്ടപ്പെടുന്ന, ഏഴുപേരെയും സംരക്ഷിക്കുന്ന, പേര് പോലെ തന്നെ ഒരു ആർമിയായി അവർ ബിടിഎസിനൊപ്പം നിൽക്കുന്നു.