MELODIA | Go Go... Ale Ale... ലോകകപ്പ് ആവേശം... ആരവം

സകല വൈവിധ്യങ്ങള്‍ക്കുംമേലെ ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തില്‍ പിറവിയെടുക്കുന്ന ഐക്യം
World Cup Songs
ലോകകപ്പ് ഗാനങ്ങള്‍News Malayalam 24X7
Published on
Updated on

കാല്‍പ്പന്ത് പോരാട്ടത്തിനായി ലോകം പച്ച പരവതാനി വിരിച്ച് കാത്തിരിക്കുകയാണ്. ഇഷ്ട ടീമിന്റെ ജേഴ്‌സിയും പതാകയുമൊക്കെ വാങ്ങി, ആര്‍പ്പുവിളിക്കാന്‍ ഫുട്ബോള്‍ പ്രേമികളും തയ്യാര്‍. ഇത്തരം കാത്തിരിപ്പുകളുടെ ആവേശം ഇരട്ടിയാക്കുന്നത് ലോകകപ്പ് ഗാനങ്ങളാണ്. 1962ലെ ചിലി ലോകകപ്പ് മുതലിങ്ങോട്ട് ഫിഫ ലോകകപ്പ് ഗാനങ്ങളും ആന്തങ്ങളുമൊക്കെ ഇറക്കാറുണ്ട്. ഈവന്റ് പ്രൊമോഷനൊപ്പം, സകല വൈവിധ്യങ്ങള്‍ക്കുംമേലെ ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തില്‍ പിറവിയെടുക്കുന്ന ഐക്യം തന്നെയാണ് ഇത്തരം ഗാനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.

ലോകമെങ്ങും ഫുട്ബോള്‍ ആവേശം പകരുന്നതിനൊപ്പം, ആതിഥേയ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായിരിക്കും ലോകകപ്പ് ഗാനങ്ങള്‍. വരികളിലും ദൃശ്യങ്ങളിലുമൊക്കെ അത് പ്രകടമാകും. ഇംഗ്ലീഷിനൊപ്പം ആതിഥേയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയിലും, പ്രാദേശിക ഭാഷയിലുമൊക്കെ ഗാനം പുറത്തിറക്കാറുണ്ട്. 1962ലെ ചിലി ലോകകപ്പിലായിരുന്നു ഫിഫ ആദ്യമായി ഗാനം പുറത്തിറക്കിയത്. ചിലിയന്‍ ബാന്‍ഡ് ആയ ദി റാംബ്ലേഴ്സ് ആയിരുന്നു എല്‍ റോക്ക് ഡെല്‍ മുന്‍ദിയാല്‍‍ എന്ന റോക്ക് ആന്‍ഡ് റോള്‍ ഗാനം ഒരുക്കിയത്. ആതിഥേയ രാജ്യത്തെ പിന്തുണച്ചുള്ളതായിരുന്നു ഗാനം. 1978ല്‍ വിഖ്യാത ഇറ്റാലിയന്‍ കംപോസര്‍ എനിയോ മോറിക്കോന്‍ ആണ് ഗാനം ചെയ്തത്. ബ്യൂണെസ് അയേഴ്സ് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയ്ക്കൊപ്പം എല്‍ മുന്‍ദിയാല്‍ എന്ന പേരിലൊരു ഇന്‍സ്ട്രുമെന്റല്‍ ഗാനമാണ് പുറത്തിറക്കിയത്. വരികളില്ലാത്ത ഗാനത്തില്‍ ഹമ്മിങ്ങുകള്‍ മാത്രമാണ് ഉപയോഗിച്ചത്. 1982 ലോകകപ്പിനായി പ്ലാസിഡോ ഡൊമിങ്ങോയാണ് മുന്‍ദിയാല്‍ 82 എന്ന ഗാനം ഒരുക്കിയത്. സ്പാനിഷ് സംഗീത പാരമ്പര്യവും റിഥവുമൊക്കെ ചേര്‍ന്നതായിരുന്നു ഗാനം.

1990ലെ ഇറ്റലി ലോകകപ്പിലാണ് ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്ന് പിറന്നത്. ഇറ്റാലിയൻ ഗായകരായ എഡ്വാർ‍ഡോ ബെനറ്റോയും ഗിയാനാ നന്നിനിയും ചേര്‍ന്നാണ് ടു ബീ നമ്പര്‍ വണ്‍ എന്ന ഗാനം ഒരുക്കിയത്. ജോർജിയോ മൊറോഡർ പ്രൊജക്ട് അതിന്റെ ഇംഗ്ലീഷ് പതിപ്പും ഒരുക്കി. അതുവരെ കേട്ടതില്‍നിന്ന് വ്യത്യസ്തമായി പിറന്ന ലോകകപ്പ് ഗാനം ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചു. അങ്ങനെ ലോകകപ്പ് ഗാനങ്ങളിൽ ആദ്യമായി കരോക്കെ വേർഷനും പുറത്തിറക്കി.

1994ലെ യുഎസ്എ ലോകകപ്പില്‍ ഡാരില്‍ ഹാളും സൗണ്ട്സ് ഓഫ് ബ്ലാക്ക്‌നെസും ചേര്‍ന്നാണ് ഗ്ലോറി ലാന്‍ഡ് എന്ന ഗാനം ഒരുക്കിയത്. അമേരിക്കന്‍ സംഗീത പാരമ്പര്യവും സ്വത്വവുമൊക്കെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഗാനം.

1998ലെ ഫ്രാൻസ് ലോകകപ്പിനായി ഔദ്യോഗിക ഗാനവും ആന്തവും പുറത്തിറക്കി. യൂസൗ എന്‍ ഡൂറും, അക്സെലെ റെഡും ചേര്‍ന്നാണ് ഡു യു മൈന്‍ഡ് ഇഫ് ഐ പ്ലെ എന്ന ആന്തം ഒരുക്കിയത്. സ്പാനിഷ് ഗായകന്‍ റിക്കി മാര്‍ട്ടിന്‍ ദി കപ്പ് ഓഫ് ലൈഫ് എന്ന ഗാനവും ഒരുക്കി. ഗോ.. ഗോ.. ഗോ.. അലെ അലെ അലെ... എന്ന റിക്കി മാര്‍ട്ടിന്‍ ഗാനം ഫുട്ബോള്‍ പ്രേമികളെയാകെ ആവേശത്തിലാക്കുന്നതായിരുന്നു. സ്പാനിഷ് ആല്‍ബം വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച ഗാനത്തിന് ലോകമെങ്ങും ആവശ്യക്കാരുണ്ടായി. ഡിജിറ്റല്‍ യുഗത്തിനു മുന്‍പിറങ്ങിയ ഗാനത്തിന്റെ പിന്നീടിറങ്ങിയ ഡിജിറ്റല്‍ പതിപ്പും വലിയ തോതില്‍ വിറ്റുപോയി. 60 രാജ്യങ്ങളിലെങ്കിലും ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. റിക്കി മാര്‍ട്ടിന്റെ വിദേശ സംഗീത പര്യടനങ്ങളിലും ദി കപ്പ് ഓഫ് ലൈഫ് പലയാവര്‍ത്തി മുഴങ്ങി. 1999ലെ ഗ്രാമി അവാര്‍ഡ് ചടങ്ങിലും റിക്കി മാര്‍ട്ടിന്‍ ദി കപ്പ് ഓഫ് ലൈഫ് അവതരിപ്പിച്ചു.

ലോകകപ്പിന് ആദ്യമായി ഏഷ്യ ആതിഥേയത്വം വഹിക്കുന്നത് 2002ലാണ്. കൊറിയയിലും ജപ്പാനിലുമായി നടന്ന ഫുട്ബോള്‍ മാമാങ്കത്തിനായി അമേരിക്കന്‍ ഗായിക അനസ്റ്റേയ്സിയ ലിന്‍ ന്യൂകിര്‍ക് 'ബൂം' എന്ന ലോകകപ്പ് ഗാനവും വാംഗെലിസ് ആന്തം എന്ന പേരില്‍ ഔദ്യോഗിക ആന്തവും പുറത്തിറക്കി. പ്രൊമോഷന്റെ ഭാഗമായി ലെറ്റ്സ് ഗെറ്റ് ടുഗെദര്‍ എന്ന പ്രാദേശിക ഗാനവും ഫിഫ പുറത്തിറക്കിയിരുന്നു. ഇല്‍ ഡിവോ, ടോണി ബ്രാക്സ്ടണ്‍ എന്നിവരൊരുക്കിയ ദി ടൈം ഓഫ് ഔര്‍ ലൈവ്സ്, ഹെര്‍ബെര്‍ട്ട് ഗ്രോണ്‍മെയറിന്റെ സെലിബ്രേറ്റ് ദി ഡേ എന്നിവയായിരുന്നു 2006 ജര്‍മനി ലോകകപ്പിന്റെ ഗാനങ്ങള്‍.

2010ല്‍ പോപ്പ് താരം ഷക്കീറയായിരുന്നു ലോകമെങ്ങും ഫുട്ബോള്‍ ആവേശമെത്തിച്ചത്. ആഫ്രിക്കൻ ലോകകപ്പിനായി ഷക്കീറ ഒരുക്കിയത് വക്കാ... വക്കാ... എന്ന ഗാനമായിരുന്നു. എക്കാലത്തെയും വലിയ ഹിറ്റായി ഗാനം മാറി. ഫുട്ബോള്‍ പ്രേമികള്‍ക്കപ്പുറം ലോകമെങ്ങുമുള്ള സംഗീതപ്രേമികളും അതേറ്റുപാടി. യൂട്യൂബിലെ പല റെക്കോർഡുകളും തിരുത്തിയ വക്കാ വക്കായുടെ പ്രഭ ഇന്നും മങ്ങിയിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ മ്യൂസിക് ബാന്‍ഡായ ഫ്രെഷ്‌ലി ഗ്രൗണ്ടും ഷക്കീറയ്ക്കൊപ്പം ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കളത്തിലിറങ്ങുന്ന താരങ്ങളെ പടയ്ക്കൊരുങ്ങിയ പടയാളികളോട് ഉപമിച്ച് ആവേശം പകരുന്ന തരത്തിലായിരുന്നു വരികള്‍. അതിനൊപ്പം ഈണവും ചടുലമായ ഡാന്‍സുംകൊണ്ട് വക്കാ വക്കാ അതിവേഗം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി.

റോബര്‍ട്ട് കെല്ലി സൈന്‍ ഓഫ് വിക്ടറി എന്ന ആന്തവും പിറ്റ്ബുളും സംഘവും ഗെയിം ഓണ്‍ എന്നൊരു മാസ്‌കോട്ട് ഗാനവും പുറത്തിറക്കിയിരുന്നു. ഇതിനൊപ്പം സൊമാലിയന്‍-കനേഡിയന്‍ ഗായകന്‍ കെനാന്റെ വേവിന്‍ ഫ്ലാഗ് എന്ന ഗാനവും പുറത്തിറങ്ങി. ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിനൊപ്പം, 2010ലെ ഹെയ്തി ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സമര്‍പ്പണം കൂടിയായിരുന്നു ഗാനം. ഈണത്തേക്കാളേറെ വരികളാണ് വേവിന്‍ ഫ്ലാഗിനെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കിയത്.

2014 ബ്രസീല്‍ ലോകകപ്പിന് പിറ്റ്ബുള്‍, ജെന്നിഫര്‍ ലോപ്പസ്, ക്ലൗഡിയ ലിറ്റെ സംഘത്തിന്റെ ഒലെ... ഒലെ.. അഥവാ വീ ആര്‍ വണ്‍ ആയിരുന്നു ഔദ്യോഗിക ഗാനം. ഇതിനൊപ്പം വീ വില്‍ ഫൈന്‍ഡ് എ വേ എന്ന ആന്തവും പുറത്തിറക്കിയിരുന്നു. ബ്രസീലിയൻ ഫുട്ബോള്‍ വികാരമൊന്നും പ്രകടിപ്പിക്കാത്ത ഗാനമെന്ന വിമര്‍ശനമാണ് പിറ്റ്ബുളും സംഘവും ആദ്യം കേട്ടത്. തുടര്‍ന്ന് ചില മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കിയ പാട്ട് ഫുട്ബോള്‍, സംഗീതപ്രേമികള്‍ ഏറ്റെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കക്കാലത്ത് ഇന്ത്യന്‍ സ്റ്റേഡിയങ്ങളിലും പിറ്റ്ബുള്‍ ഒരുക്കിയ ലോകകപ്പ് ഗാനം മുഴങ്ങിയിരുന്നു.

2014ല്‍ ഷക്കീറ ലാ...ലാ...ലാ... എന്നൊരു ഗാനം ചെയ്തിരുന്നു. അത് ലാ ലാ ലാ ബ്രസീല്‍ എന്ന പേരില്‍ ലോകകപ്പ് തീമില്‍ പുറത്തിറക്കിയതോടെ, ലോകമെങ്ങും ഏറ്റുപാടി. ലോകകപ്പ് ഗാനത്തിനൊപ്പമോ, അതിനു മുകളിലായോ ലാ ലാ ലാ പടര്‍ന്നുപിടിച്ചു. ഷക്കീറയും ബ്രസീലിയൻ ഗായകൻ കാർലിനോസ് ബ്രൗണുമായിരുന്നു ഗായകര്‍. വിവിധ രാജ്യങ്ങളുടെ കൊടികളും ആരാധകരും ഡാന്‍സേഴ്സിനുമൊപ്പം ഫുട്ബാര്‍ താരങ്ങളും പാട്ടില്‍ വന്നുപോകുന്നുണ്ട്. 1.3 ബില്യണ്‍ വ്യൂസുമായി ഇന്നും ട്രെന്‍ഡിങ്ങാണ് ഈ ഗാനം.

2018 റഷ്യ ലോകകപ്പിനായി അമേരിക്കൻ ഗായകൻ നിക്കി ജാമാണ് ഔദ്യോഗിക ഗാനം ഒരുക്കിയത്. ലീവ് ഇറ്റ് അപ്പ് എന്ന ഗാനത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തും ഗായിക ഇറാ ഇസ്ട്രഫിയുമാണ് പ്രത്യക്ഷപ്പെട്ടത്. 2022 ഖത്തര്‍ ലോകകപ്പിന് ആവേശം പകര്‍ന്നത് ഹയ്യ ഹയ്യ... ബെറ്റര്‍ ടുഗെദര്‍ എന്ന ഗാനമായിരുന്നു. അമേരിക്കന്‍ ഗായകന്‍ ട്രിനിഡാഡ് കര്‍ഡോണ, നൈജീരിയൻ ഗായകൻ ഡേവിഡോ, ഖത്തറിലെ പ്രശസ്ത ഗായിക ഐഷ എന്നിവരായിരുന്നു പാട്ട് ഒരുക്കിയത്. പതുക്കെ പതുക്കെ ആളുകളുടെ ഇഷ്ടം പിടിച്ചെടുത്തൊരു ഗാനമായിരുന്ന ഹയ്യ ഹയ്യ. ഇതിനൊപ്പം ബിടിഎസിലെ ജങ്‌കൂക്ക് ഡ്രീമേഴ്സ് എന്നൊരു ഗാനവും ഫിഫക്കായി ഒരുക്കിയിരുന്നു. ഡ്രീമേഴ്സും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

2026 ലോകകപ്പിനായി ഷക്കീറയാണ് ലോകകപ്പ് ഗാനമൊരുക്കിയിരിക്കുന്നത്. ഡായ് ഡായ് എന്നു തുടങ്ങുന്ന ഗാനവുമായാണ് ഷക്കീറ വീണ്ടുമൊരിക്കല്‍ കൂടി ഫുട്ബോള്‍ ആവേശം പകരാനെത്തിയിരിക്കുന്നത്. നൈജീരീയൻ ഗായകൻ ബുർണ ബോയും ഷക്കീറയ്ക്കൊപ്പമുണ്ട്. 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ട്രയോണ്ടയുമായി മാറക്കാന സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഷക്കീറയ്ക്കൊപ്പം വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ സംഘമുണ്ട്. ചടുലതാളത്തിലുള്ള പാട്ടിനൊപ്പം ഷക്കീറയുടെയും സംഘത്തിന്റെയും തകര്‍പ്പന്‍ ഡാന്‍സാണ് ഇക്കുറി കാത്തിരിപ്പിന് ആവേശമാകുന്നത്.

News Malayalam 24x7
newsmalayalam.com