"ആ വാക്കിന് തുടക്കമിട്ടത് റഹ്‌മാനാണ്"; വിന്‍വിളി നായകാ എഴുതിയതിനെ കുറിച്ച് ഗാനരചയ്താവ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ആരാധകര്‍ നല്‍കിയ 'ഉലകനായകന്‍' എന്ന പേര് കമല്‍ ഹാസന്‍ ഇനി ഉപയോഗിക്കരുതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കാര്‍ത്തികിലൂടെ പുതിയൊരു പദവി ലഭിച്ചിരിക്കുകയാണ്.
എ ആർ റഹ്മാന്‍, കാർത്തിക് നേത്ത
എ ആർ റഹ്മാന്‍, കാർത്തിക് നേത്ത
Published on

'വിന്‍വിളി നായകാ' എന്ന ഗാനമാണിപ്പോള്‍ തമിഴ് സിനിമയില്‍ ചര്‍ച്ചാ വിഷയം. കമല്‍ ഹാസന്റെ 'തഗ് ലൈഫ്' എന്ന ചിത്രത്തിലെ ഗാനമാണിത്. എ.ആര്‍. റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആ ഗാനത്തിന്റെ വരികള്‍ രചിച്ചത് കാര്‍ത്തിക് നേത്തയാണ്. മനോഹരമായ കവിതയാണ് അദ്ദേഹം ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവിയും-ലിറിസിസ്റ്റുമായ കാര്‍ത്തിക് തന്നെയാണ് ചിത്രത്തിലെ 'അഞ്ചു വന്ന പൂവേ' എന്ന ഗാനവും രചിച്ചിരിക്കുന്നത്. പാട്ടിലേക്ക് നല്ല കവിത കൊണ്ടുവരാനുള്ള തന്റെ ശ്രമത്തിന് മികച്ച സ്വീകാര്യത ലഭിക്കുന്നതില്‍ കാര്‍ത്തിക് സന്തോഷം അറിയിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.

കമല്‍ ഹാസന് 'വിന്‍വിളി നായകാ' എന്ന പേര് നല്‍കിയതിന്റെ ബഹുമതി കാര്‍ത്തികിന് അവകാശപ്പെട്ടതാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ആരാധകര്‍ തനിക്ക് നല്‍കിയ 'ഉലകനായകന്‍' എന്ന പേര് കമല്‍ ഹാസന്‍ ഇനി ഉപയോഗിക്കരുതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കാര്‍ത്തികിലൂടെ പുതിയൊരു പദവി ലഭിച്ചിരിക്കുകയാണ്.

"ആ വാക്കിന് തുടക്കമിട്ടത് റഹ്‌മാനാണ്. ട്രാക്കിന് ആദ്യം സ്‌പേസ് ഹീറോ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് പാട്ടിന്റെ ഈണത്തിനും ആവശ്യകതയ്ക്കും അനുയോജ്യമായ ഒരു തമിഴ് പദം അദ്ദേഹം കണ്ടെത്തുകയായിരുന്നു. റഹ്‌മാന്‍ സാര്‍ 2023 നവംബറില്‍ എനിക്ക് ട്രാക്ക് അയച്ചു തന്നു. 2024 ജനുവരി ആയപ്പോഴേക്കും ഞങ്ങള്‍ ജോലികള്‍ പൂര്‍ത്തിയാക്കി", കാര്‍ത്തിക് പറയുന്നു.

പഠിക്കാന്‍ ഗുരുക്കന്‍മാരെ മുന്നില്‍ ഇരിക്കുന്നത് പോലെയായിരുന്നു മണിരത്‌നത്തിനും റഹ്‌മാനുമൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നിമിഷങ്ങള്‍ പഠനത്തിന്റെയും അത്ഭുതത്തിന്റെയും നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും കാര്‍ത്തിക് ഓര്‍ക്കുന്നു. റഹ്‌മാന്റെ ശബ്ദത്തില്‍ 'അഞ്ചു വന്ന പൂവേ' ആദ്യമായി കേട്ടപ്പോള്‍ അറിയാതെ തന്നെ തന്നില്‍ നിന്ന് വാക്കുകള്‍ ഒഴുകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"മണി സര്‍ എന്നോട് സാഹചര്യം എന്താണെന്ന് പറയും. ഞാന്‍ അത് കേട്ട് വരികള്‍ എഴുതി അദ്ദേഹത്തിന് അയച്ചുകൊടുക്കും. അദ്ദേഹം അത് എഡിറ്റ് ചെയ്ത് റഹ്‌മാന്‍ സാറിന് അയക്കും", ഈ രണ്ട് പാട്ടും അവരുടെ മൂന്ന് പേരുടെയും പ്രയത്‌നത്തിന്റെ ഫലമാണെന്ന് പറഞ്ഞുകൊണ്ട് കാര്‍ത്തിക് വിശദീകരിച്ചു.

ആദ്യം ട്യൂണ്‍ തയ്യാറാക്കി അതിന് വേണ്ടി എഴുതുന്നതാണ് തനിക്ക് ഇഷ്ടമെന്നും കാര്‍ത്തിക് പറഞ്ഞു. "എന്റെ മനസില്‍ ഒരു പ്രത്യേക താളം നിലനില്‍ക്കുമ്പോള്‍ എഴുതുന്ന വാക്കുകള്‍ അതിനോട് യോജിക്കുന്നു", കാര്‍ത്തിക് പറയുന്നു.

സംഗീത സംവിധായകനും ഗാനരചയ്താവും തമ്മിലുള്ള ബന്ധം ശരിക്കും പ്രണയിക്കുന്നവരെ പോലെയാണെന്നാണ് കാര്‍ത്തിക് പറയുന്നത്. "ഞങ്ങള്‍ സംഗീത സംവിധായകന്റെ വികാരങ്ങള്‍ക്കും വാക്കുകള്‍ക്കും ഘടന നല്‍കുന്നു. കാരണം ഓരോ രാഗത്തിലും സംഗീത സംവിധായകന്റെ ആത്മാവുണ്ട്", അദ്ദേഹം വ്യക്തമാക്കി. 'അഞ്ചു വന്ന പൂവേ' എന്ന ഗാനത്തിന് മണിരത്‌നം കാര്‍ത്തികിന് നല്‍കിയ വിശദീകരണം അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹം അവതരിപ്പിക്കുക എന്നതായിരുന്നു. "അവര്‍ എനിക്ക് വേണ്ടി പാടിയാല്‍ എങ്ങനെയുണ്ടാകുമെന്നാണ് ഞാന്‍ ആലോചിച്ചത്. എന്റെ മകനെ കുറിച്ചുള്ള ചിന്തകളും മനസില്‍ വന്നു", കാര്‍ത്തിക് ഓര്‍ക്കുന്നു.

കാര്‍ത്തിക്കിന്റെതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ദര്‍ബുക ശിവ സംവിധാനം ചെയ്ത് സംഗീതം നല്‍കുന്ന ഒരു സിനിമയെക്കുറിച്ച് കാര്‍ത്തിക് ആവേശത്തിലാണ്. "ഈ ചിത്രത്തിനായി ഞാന്‍ അഞ്ച് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ ആല്‍ബം എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു", എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം അടുത്ത വര്‍ഷം ജനുവരിയില്‍ ചെന്നൈ പുസ്തകമേളയില്‍ പുറത്തിറങ്ങാന്‍ പോകുന്ന തന്റെ എട്ടാമത്തെ സമാഹാരത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com