

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി രാഷ്ട്രീയമായി ഉപയോഗിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മറ്റൊരു ചര്‍ച്ചയും സജീവമായത്. പാട്ടിന്റെ ഈണത്തെയും ഗാനരചയിതാവിനെയും സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍. പാട്ട് പുറത്തിറക്കിയ എച്ച്എംവിയുടെ രേഖകളില്‍ സംഗീതം നല്‍കിയവരുടെ പേരായി സോമു-ഗജ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ചലച്ചിത്രഗാന നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ ചൂണ്ടിക്കാട്ടി. അതായത് സോമുവും വയലിൻ വിദ്വാൻ ഗജയും ചേർന്ന് സോമു-ഗജ എന്ന പേരിൽ ചിട്ടപ്പെടുത്തിയ ഗാനം. ഗാനരചയിതാവിന്റെ പേരായി ശിവമണി എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും രവി മേനോന്‍ പറയുന്നു.
നാഗൂര്‍ സൂഫി സംഗീതത്തിന്റെ ഈണംപറ്റിയാണ് പള്ളിക്കെട്ട് പിറവിയെടുത്തത് എന്നതാണ് അടുത്തൊരു വാദം. തീർഥാടന കേന്ദ്രമായ നാഗൂർ ദർഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന 'ഏകനേ യാ അള്ളാ...' എന്നു തുടങ്ങുന്ന ഭക്തിഗാനത്തിന്റെ ഈണമാണ് പാട്ടിനെന്ന് ചരിത്രകാരനായ പള്ളിക്കോണം രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. ആ ഈണത്തിന് തമിഴ് പണ്ഡിതനും കവിയും ഭക്തിഗാനരചയിതാവുമായ ഡോ. ഉളുന്തൂർപേട്ട ഷൺമുഖമാണ് വരികളെഴുതിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിവാദം പലതരത്തില്‍ പുരോഗമിക്കുമ്പോള്‍, പള്ളിക്കെട്ട് സംബന്ധിച്ച സംശയങ്ങള്‍ക്കും അബദ്ധപ്രചരണങ്ങള്‍ക്കും മറുപടി പറയുകയാണ് വീരമണിയുടെ മകനും സംഗീതജ്ഞനുമായ വീരമണി കണ്ണന്‍.
സോമുവിന്റെയും വീരമണിയുടെയും പാട്ട്
പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിന്റെ ക്രെഡിറ്റ് വീരമണിക്കും ജ്യേഷ്ഠന്‍ കെ. സോമുവിനും മാത്രം അവകാശപ്പെട്ടതാണ്. ഇരുവരും അടിയുറച്ച അയ്യപ്പഭക്തരായിരുന്നു. സിനിമാതാരം എം.എന്‍. നമ്പ്യാരാണ് വീരമണിയുടെ ഗുരുസ്വാമി. അദ്ദേഹത്തിനൊപ്പമാണ് ഇരുവരും എല്ലാ വര്‍ഷവും മുടങ്ങാതെ മലയ്ക്ക് പോയിരുന്നത്. സോമുവാണ് പാട്ടിന് വരികളെഴുതിയത്. ഇരുവരും ചേര്‍ന്ന് ഈണമിട്ട പാട്ട് വീരമണിയുടെ ശബ്ദത്തിലാണ് പുറത്തുവന്നത്. ഏതെങ്കിലും സൂഫി സംഗീതവുമായി പള്ളിക്കെട്ടിന് ബന്ധമില്ല. പശ്ചാത്തല സംഗീതമാണ് സോമു-ഗജ ഒരുക്കിയത്. ഇരുവരുടെയും അചഞ്ചലമായ അയ്യപ്പഭക്തിയും, പ്രയത്നവുമാണ് പാട്ടായി മാറിയത്. 1970കളില്‍ എച്ച്എംവി മ്യൂസിക്കാണ് പാട്ട് പുറത്തിറക്കിയത്. 1980കളില്‍ മറ്റൊരു കമ്പനി സോമു-വീരമണി അയ്യപ്പ ഭക്തിഗാനങ്ങളുടെ കാസറ്റ് ഇറക്കി. അതില്‍ പാടിയിരിക്കുന്നത് സോമുവിന്റെ മകന്‍ വീരമണി രാജു ആണ്.
പള്ളിക്കെട്ടിന്റെ പാരഡി വിവാദം സംബന്ധിച്ച് പ്രതികരിക്കാനില്ല. ഒത്തിരിപ്പേര്‍ ഇപ്പോഴും ഭക്തിയോടെ പാടുന്ന പാട്ടാണ് പള്ളിക്കെട്ട്. അത് സംബന്ധിച്ച വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
പള്ളിക്കെട്ട് പാടിയ വീരമണിയെ പലര്‍ക്കും അറിയില്ല
സോമുവും വീരമണിയും ചേര്‍ന്ന് പള്ളിക്കെട്ട് ശബരിമലയ്ക്ക് ഉള്‍പ്പെടെ ഒട്ടനവധി അയ്യപ്പ ഭക്തിഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഭഗവാന്‍ ശരണം ഭഗവതി ശരണം..., മാമലൈ ശബരിയിലെ മണികണ്ഠന്‍ സന്നിധാനം... എന്നിങ്ങനെ വീരമണി പാടിയ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാണ്. അവ ഓരോ കാലത്തും പല പല ഗായകര്‍ പാടുന്നുമുണ്ട്. കേരളത്തില്‍ ഇപ്പോഴും ആളുകള്‍ ഈ പാട്ടുകളെല്ലാം ഭക്തിയാദരം കേള്‍ക്കുന്നുണ്ട്. പക്ഷേ, ആര്‍ക്കും ഇതൊക്കെ പാടിയ യഥാര്‍ഥ വീരമണിയെ അറിയില്ല. എല്ലാവരും വീരമണി രാജുവിനാണ് ഇതിന്റെയെല്ലാം ക്രെഡിറ്റ് കൊടുക്കുന്നത്. വീരമണി രാജു, വീരമണിയുടെ സഹോദരന്‍ കെ. സോമുവിന്റെ മകനാണ്. പള്ളിക്കെട്ട് പാടിയത് ഞാന്‍ മാത്രമാണെന്ന തരത്തിലാണ് വീരമണി രാജുവും അവകാശപ്പെടുന്നതും പ്രചരിപ്പിക്കുന്നതും. യഥാര്‍ഥ വീരമണിയുടെ പേര് കൂടി ഇല്ലാതാക്കുന്ന തരത്തിലാണ് രാജുവിന്റെ പ്രവൃത്തികള്‍. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് രാജുവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വീരമണിയുടെ മകന്‍ എന്ന തരത്തിലും ചിലരെങ്കിലും ഇതൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. വീരമണിയുടെ മകന്‍ ഞാനാണ്. വീരമണിക്ക് മകനുണ്ടെന്നു പോലും പലര്‍ക്കും അറിയില്ല. സംഗീതജ്ഞനെന്ന നിലയില്‍ എന്നെ അറിയുന്നവര്‍ക്കുപോലും, ഞാന്‍ വീരമണിയുടെ മകനാണെന്ന കാര്യം അറിയുമോ എന്നതും സംശയമാണ്.
ഹരിവരാസനം പുരസ്കാരം; വീരമണിയോട് കാണിച്ച അനീതി
2021ലെ ഹരിവരാസനം പുരസ്കാരം വീരമണി രാജുവിനാണ് കേരള സര്‍ക്കാര്‍ നല്‍കിയത്. പള്ളിക്കെട്ട് പാട്ടെഴുതിയ സോമുവിനെയോ പാടിയ വീരമണിയെയോ പരിഗണിക്കാതെയാണ് രാജുവിനെ പുരസ്കാരത്തിന് പരിഗണിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് രാജുവിന് അത്തരമൊരു പുരസ്കാരം കേരള സര്‍ക്കാര്‍ നല്‍കിയതെന്ന് മനസിലാകുന്നില്ല. യഥാര്‍ഥ വീരമണിക്കോ, പാട്ടെഴുതിയ സോമുവിനോ കൊടുക്കാതെയാണ് ഹരിവരാസനം പുരസ്കാരം രാജുവിന് കൊടുത്തത്. യാതൊരു അന്വേഷണവും ഇല്ലാതെ, പള്ളിക്കെട്ട് പാടിയത് രാജു മാത്രമാണെന്ന് കരുതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുരസ്കാരം കൊടുത്തു.
വീരമണി ദാസന്‍ എന്ന പേരിലുമൊരു ഗായകനുണ്ട്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് പള്ളികൊണ്ട രഘുരാമന്‍ എന്നാണ്. ഞങ്ങളുടെ കുടുംബവുമായോ, അച്ഛന്റെ ശിഷ്യഗണവുമായോ മറ്റോ യാതൊരു ബന്ധവുമില്ല. എന്നിട്ടും നേട്ടത്തിനുവേണ്ടി വീരമണി എന്ന പേര് ചേര്‍ത്തിരിക്കുകയാണ്. 2024ല്‍ അദ്ദേഹത്തിനും ലഭിച്ചു ഹരിവരാസനം പുരസ്കാരം. പാട്ടെഴുതിയ കലൈമാമണി സോമു ജീവിച്ചിരിക്കുമ്പോഴാണ് ഇത്. 92 വയസുള്ള അദ്ദേഹത്തിനും പോലും ആദരം കിട്ടിയില്ലെന്നതാണ് ഏറെ സങ്കടകരമായ കാര്യം. കേരള സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കണമെന്നു കൂടി ഓര്‍മിപ്പിക്കുന്നു. അടുത്തമാസം കേരളത്തില്‍ എത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കും.