പോപ്പ് സൂപ്പർസ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റും നാഷണൽ ഫുട്ബോൾ ലീഗ് താരം ട്രാവിസ് കെൽസും വിവാഹിതരാകുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയാണ് താരങ്ങൾ കാര്യം പ്രഖ്യാപിച്ചത്. "നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകാൻ പോകുന്നു" എന്ന കുറിപ്പോടെയായിരുന്നു ഇരുവരുടെയും സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റ്. ചിത്രങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
വിൻ്റേജ് മൂഡിലുള്ള അതിമനോഹരമായ ഫോട്ടോകൾ പങ്കുവെച്ചായിരുന്നു താരങ്ങളുടെ പ്രഖ്യാപനം. പിങ്ക്, വെള്ള നിറങ്ങളിലെ പൂക്കളുകളുമായി ഒരു പൂന്തോട്ടത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ വിവാഹമോതിരവും വലിയ ചർച്ചയാവുകയാണ്. ഇത് താരത്തിനായി പ്രത്യേകം നിർമിച്ചതായി തോന്നിയെന്നാണ് ടെയ്‌ലർ സ്വിഫ്റ്റ് ആരാധകരായ 'സ്വിഫ്റ്റി'കളുടെ റിയാക്ഷൻ.
2023ലാണ് ട്രാവിസ് കെൽസും ടെയ്‌ലർ സ്വിഫ്റ്റും പ്രണയത്തിലാകുന്നത്. ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ടെയ്‌ലർ സ്വിഫ്റ്റിന്റെ ഇറാസ് ടൂർ കൺസേർട്ടിൽ ട്രാവിസ് കെൽസ് പങ്കെടുത്തപ്പോഴാണ് പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികൾ ആദ്യം പ്രചരിച്ചത്. തന്റെ ഫോൺ നമ്പർ അടങ്ങിയ ഒരു ഫ്രണ്ട്‌ഷിപ്പ് ബ്രേസ്‌ലെറ്റ് ടെയ്‌ലറിന് നൽകാൻ ട്രാവിസ് കെൽസ് ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, അത് നടന്നിരുന്നില്ല.
പിന്നാലെ ഗായികയുമായി അടുപ്പമുള്ള ആളുകളുടെ സഹായത്തോടെ, ഇരുവരും തമ്മിൽ സുഹൃത്തുക്കളായി. പിന്നാലെ ന്യൂയോർക്കിൽ വെച്ച് ആദ്യ ഡേറ്റും കഴിഞ്ഞു. അതിനുശേഷം, ഇരുവരെയും കൺസേർട്ടുകളിലും, ഫുട്ബോൾ മത്സരങ്ങളിലും, യുഎസ് ഓപ്പൺ ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിലും ഒരുമിച്ച് കാണാൻ കഴിഞ്ഞു.