MELODIA | കൊച്ചിയുടെ ഹൃദയഗായകന്‍; മുഹമ്മദ് റാഫിയെയും വിസ്മയിപ്പിച്ച മെഹബൂബ്

കൊച്ചിയിലെ കല്യാണങ്ങളിലും, സംഗീത സദസുകളിലും, ആഘോഷങ്ങളിലുമെല്ലാം മെഹബൂബിന്റെ പാട്ടുകള്‍ നിറഞ്ഞുനിന്നു.
MELODIA | കൊച്ചിയുടെ ഹൃദയഗായകന്‍; മുഹമ്മദ് റാഫിയെയും വിസ്മയിപ്പിച്ച മെഹബൂബ്
Published on
Updated on

എറണാകുളം മഹാരാജാസ് കോളേജിനോടു ചേര്‍ന്ന രാമവര്‍മ ക്ലബ്ബ്. അവിടേക്ക് ഒരു വൈകുന്നേരം, മുഷിഞ്ഞ വസ്ത്രങ്ങളോടെ ഒരാള്‍ കടന്നുവന്നു. "പത്ത് രൂപ വേണം. വെറുതെ വേണ്ട. പകരം പാട്ട് പാടാം..." അയാള്‍ അറിയിച്ചു. അവിടെയുണ്ടായിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള യുവാക്കള്‍ അത് അംഗീകരിച്ചു. അങ്ങനെ അയാള്‍ പാടിത്തുടങ്ങി. എല്ലാവരും നിശബ്ദമായി, പാട്ട് ആസ്വദിക്കാന്‍ തുടങ്ങി. ഏതാനും പാട്ടുകള്‍ പാടിയശേഷം അയാള്‍ നിര്‍ത്തി, പത്ത് രൂപ വാങ്ങി. യുവാക്കള്‍ വിട്ടില്ല, "പത്ത് രൂപ കൂടി തന്നാല്‍ പിന്നെയും പാടാമോ" എന്നായി അവര്‍. "എനിക്ക് പത്ത് രൂപയേ ആവശ്യമുള്ളൂ. അതിനുവേണ്ടി ഞാന്‍ പാടിക്കഴിഞ്ഞു"... എന്ന് പറഞ്ഞ് അയാള്‍ പോകാനൊരുങ്ങി. "എന്നാല്‍ ഒരു പാട്ട് കൂടി പാടാമോ?" എന്നായി യുവാക്കള്‍. "അത് നിങ്ങള്‍ക്ക് ഞാന്‍ ഫ്രീയായി പാടിത്തരാം" എന്ന് പറഞ്ഞ്, അയാള്‍ തയ്യാറായി. "യേശുദാസിന്റെ പാട്ട് പാടിയാല്‍ മതി" - യുവാക്കള്‍ പറഞ്ഞു. അത് സാധ്യമല്ലെന്ന് പറഞ്ഞ് അയാള്‍ എഴുന്നേറ്റു. "എനിക്ക് എന്റെ പാട്ടുകളേ അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് പാടാന്‍ പറ്റൂ. മറ്റുള്ളവരുടെ പാട്ടുകള്‍ പാടിയാല്‍ അത് കൃത്രിമം ആയിപ്പോകും" എന്നായിരുന്നു അയാളുടെ മറുപടി. ഇതു പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോള്‍ മാത്രമാണ്... ചുള്ളിക്കാട് ഉള്‍പ്പെടുന്ന ആ സംഘം ആ ഗായകനെ തിരിച്ചറിഞ്ഞത് (*). കൊച്ചിയിലെ സംഗീതസദസുകളുടെ ഹരമായിരുന്ന ഗായകന്‍. ആലാപനശൈലിയില്‍ മനംനിറഞ്ഞ് മുഹമ്മദ് റാഫി ബോംബെയിലേക്ക് ക്ഷണിച്ച പ്രതിഭ. കെ.ജെ. യേശുദാസിന് ഹിന്ദി, ഉറുദു ഉച്ചാരണങ്ങള്‍ പഠിപ്പിച്ചുനല്‍കിയ ആശാന്‍. കൊച്ചിക്കാരുടെ ഭായി... ജനകീയ ഗായകൻ എച്ച്. മെഹബൂബ് ആയിരുന്നു അത്.

1926ൽ ഫോർട്ട് കൊച്ചിയിലെ ദഖ്നി മുസ്ലീം കുടുംബത്തിലായിരുന്നു മെഹബൂബ് ഖാന്റെ ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു കുട്ടിക്കാലം. പിതാവ് ഹുസൈൻ ഖാന്‍ മരിച്ചതോടെ, ഉമ്മ ഖാല ജാന്‍ കല്യാണവീടുകളില്‍ പാടാന്‍ പോകുമായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാനായി പാടിയ ഉമ്മയ്ക്കൊപ്പം മെഹബൂബും കൂടി. ജീവിതാനുഭവങ്ങളുടെ നനവുള്ള പാട്ടുകള്‍ മെഹബൂബ് പാടി. ഇതിനിടെ നാലാം ക്ലാസ് വരെയെ പഠിക്കാനായുള്ളൂ. പിന്നീട് ബ്രിട്ടീഷ് കുതിരപ്പട്ടാള ക്യാമ്പില്‍ ഷൂ പോളിഷ് ചെയ്യുന്ന ജോലിയില്‍ പ്രവേശിച്ചു. അവിടെയും മെഹബൂബ് പാട്ട് തുടര്‍ന്നു. പട്ടാളബാരക്കുകള്‍ സംഗീതസാന്ദ്രമായി. സൈഗാള്‍, തലത് മഹ്‌മൂദ്, മുഹമ്മദ് റാഫി എന്നിവരുടെ പ്രശസ്തമായ പാട്ടുകളും, സ്വയം ഉണ്ടാക്കിപ്പാടുന്ന പാട്ടുകളുമൊക്കെ ആലപിച്ച് മെഹബൂബ് പട്ടാളക്കാരെയും ആരാധകരാക്കി. കൊച്ചിയിലെ കല്യാണങ്ങളിലും, സംഗീത സദസുകളിലും, ആഘോഷങ്ങളിലുമെല്ലാം മെഹബൂബിന്റെ പാട്ടുകള്‍ നിറഞ്ഞുനിന്നു.

MELODIA | കൊച്ചിയുടെ ഹൃദയഗായകന്‍; മുഹമ്മദ് റാഫിയെയും വിസ്മയിപ്പിച്ച മെഹബൂബ്
MELODIA | തേനും വയമ്പും നാവിൽ തൂകും വാനമ്പാടി... മലയാളത്തിന്റെ ജാനകിയമ്മ

ഹിന്ദിഗാനങ്ങളുടെ ഈണങ്ങളില്‍ മലയാള സിനിമാസംഗീതം പിച്ചവച്ചു തുടങ്ങുന്ന കാലം. വേറിട്ട ആലാപനശൈലിയുമായി മെഹബൂബ് അവിടേക്കെത്തി. ദക്ഷിണാമൂര്‍ത്തിയാണ് ആ ശബ്ദത്തെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 1951ല്‍ പുറത്തിറങ്ങിയ ജീവിതനൗക എന്ന ചിത്രത്തിലായിരുന്നു തുടക്കം. അരങ്ങേറ്റചിത്രത്തില്‍ അഞ്ച് പാട്ടുകളാണ് മെഹബൂബ് പാടിയത്. കവിയൂര്‍ രേവമ്മയ്ക്കൊപ്പം 'പാഹി തായേ പാര്‍വതി...', 'തോര്‍ന്നിടുമോ കണ്ണീര്‍...', 'വാര്‍ത്തിങ്കള്‍ താലമെടുത്ത...' എന്നീ ഗാനങ്ങളും പി. ലീലയ്‌ക്കൊപ്പം 'വരൂ നായികേ...' എന്ന പാട്ടും പാടിയ മെഹബൂബ് 'അകാലേ ആരും കൈവിടും...' എന്നൊരു സോളോയും പാടി. മുഹമ്മദ് റാഫിയുടെ 'സുഹാനീ രാത്തിന്റെ' ഈണത്തില്‍ പിറന്ന 'അകാലേ ആരും കൈവിടും... നീ താനേ നിന്‍സഹായം...' എന്ന പാട്ട് മെഹബൂബിലെ ഗായകനെ അടയാളപ്പെടുത്തുന്നതായിരുന്നു. ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന ഒരുപിടി പാട്ടുകള്‍ മെഹബൂബ് സിനിമയ്ക്കായി പാടി.

കെ. രാഘവന്‍, എം.എസ്. ബാബുരാജ്, എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, എം.കെ. അര്‍ജുനന്‍, ജോബ്, ജി. ദേവരാജന്‍ എന്നിവരുടെ ഈണങ്ങളില്‍ മികച്ച ഗാനങ്ങളാണ് മെഹബൂബ് മലയാളത്തിന് സമ്മാനിച്ചത്. നീലക്കുയിലിലെ 'മാനെന്നും വിളിക്കില്ല...', രാരിച്ചന്‍ എന്ന പൗരനിലെ 'പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ..',. 'പെണ്ണിന്റെ കണ്ണിനകത്തൊരു...', നായരു പിടിച്ച പുലിവാലിലെ 'ഹാലു പിടിച്ചൊരു പുലിയച്ഛന്‍...', 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...', നീലി സാലിയിലെ 'നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍...', 'ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...', 'നയാപ്പൈസയില്ലാ കൈയ്യിലൊരു നയാപ്പൈസയില്ലാ...' എന്നിങ്ങനെ തുടങ്ങി ഡോക്ടറിലെ 'കേളെടി നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്...', 'വണ്ടീ പുക വണ്ടീ...', ചുഴിയിലെ 'കണ്ട് രണ്ട് കണ്ണ്...' ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മെഹബൂബ് മലയാളത്തിന് സമ്മാനിച്ചു. 40 സിനിമകളിലായി എഴുപതോളം പാട്ടുകള്‍ പാടിയ മെഹബൂബ് 1975ഓടെ സിനിമാരംഗം വിട്ടു. പിന്നീട് സംഗീതസദസുകളും, സ്വകാര്യ പരിപാടികളും, ആഘോഷരാവുകളിലും മാത്രമായി അദ്ദേഹത്തിന്റെ പാട്ടുകള്‍. തേടിവന്ന അവസരങ്ങള്‍ മറ്റുള്ളവര്‍ക്കായി ശുപാര്‍ശ ചെയ്തു. ഇഷ്ടം തോന്നി കൂട്ടിക്കൊണ്ടുപോകാന്‍ സംഗീതജ്ഞര്‍ കൊച്ചിയിലേക്ക് എത്തുമ്പോള്‍, അവര്‍ക്ക് പിടികൊടുക്കാതെ മാറിനടന്നു. പക്ഷേ, കൊച്ചിയിലെയും ആലപ്പുഴയിലെയും മലബാറിലെയും സംഗീതസദസുകളില്‍ മെഹബൂബും അദ്ദേഹത്തിന്റെ പാട്ടുകളും ഒഴുകിപ്പരന്നു.

മുഹമ്മദ് റാഫിയെ പോലും അത്ഭുതപ്പെടുത്തിയ ഗാകനായിരുന്നു മെഹബൂബ്. 1958ല്‍ തോപ്പുംപടിയിലൊരു പരിപാടിയില്‍ റാഫി പാടാനെത്തി. നിറഞ്ഞൊഴുകിയ സദസില്‍ റാഫി പാടിത്തുടങ്ങി. തിങ്ങിക്കൂടിയ ആളുകള്‍ അതില്‍ മതിമറന്നു. മെഹബൂബും പരിപാടി കാണാനെത്തിയിരുന്നു. ഇത് കണ്ടൊരാള്‍, ഭായി ഒരു പാട്ട് പാടണം എന്ന് വിളിച്ചുപറഞ്ഞു. റാഫിയുടെ പരിപാടിയാണെന്ന് ഓര്‍ക്കണം. പക്ഷേ, ആവശ്യം ആവര്‍ത്തിക്കപ്പെട്ടു. എല്ലാം കൌതുകത്തോടെ നോക്കിനിന്ന റാഫി ഒരു ഇടവേളയെടുത്ത്, മെഹബൂബിനെ പാടാന്‍ ക്ഷണിച്ചു. മെഹബൂബ് പാടി. റാഫിയുടെ പ്രശസ്ത ഗാനം 'സുഹാനി രാത്...' പാട്ട് തീരുമ്പോഴേക്കും നിറഞ്ഞ കൈയ്യടി. ഇതിനിടെ സ്റ്റേജിലേക്ക് കയറിയ റാഫി മെഹബൂബിനെ കെട്ടിപ്പിട്ടിച്ചു. ആ വേദിയില്‍വച്ച് തന്നെ മെഹബൂബിനെ റാഫി ബോംബെയിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയാല്‍ ലോകം നിങ്ങളെയും നിങ്ങളുടെ പാട്ടിനെയും അറിയുമെന്ന് റാഫി പറഞ്ഞു.

MELODIA | കൊച്ചിയുടെ ഹൃദയഗായകന്‍; മുഹമ്മദ് റാഫിയെയും വിസ്മയിപ്പിച്ച മെഹബൂബ്
പി. ഭാസ്കരന്‍; പാരഡി പാട്ടുകളുടെ മാസ്റ്റര്‍

സിനിമയില്‍ പാടിയതിനേക്കാള്‍ ഏറെ മെഹബൂബ് ഗാനങ്ങള്‍ സ്വകാര്യവേദികളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. സുഹൃത്ത് മേപ്പള്ളി ബാലനായിരുന്നു ഏറെ പാട്ടുകളുടെയും ശില്‍പ്പി. ചില സമയങ്ങളില്‍, ഓണ്‍ ദി സ്പോട്ട് വരികളെഴുതി ഈണമിട്ടും മെഹബൂബ് പാടി. വില്ലിങ്ടണ്‍ ഐലന്‍ഡിലെ എ.വി. തോമസ് കമ്പനിയുടെ ഉദ്ഘാടനദിനം നടന്ന സംഗീതമേളയില്‍ പിറന്ന പാട്ടാണ് 'കൊച്ചിക്കായലിനരികെ കൊടികൾ പറത്തി...' എന്നത്. ഇത് പിന്നീട് അന്നയും റസൂലും എന്ന ചിത്രത്തിലും നമ്മള്‍ കേട്ടു. മേപ്പള്ളി ബാലന്റെ രചനയില്‍ മെഹബൂബ് പാടിയ 'ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും മണ്ണുവാരി കളിച്ചപ്പോള്‍...' പില്‍ക്കാലത്ത് പലരും ഏറ്റുപാടി. ഇത്തരത്തില്‍ പിറന്ന പാട്ടുകളൊന്നും കൃത്യമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ബൊഹിമീയന്‍ ജീവിതമായിരുന്നു മെഹബൂബിന്റേത്. സ്വന്തം ഇഷ്ടങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. അതുകൊണ്ടാണ് സിനിമ നല്‍കുമായിരുന്ന പ്രശസ്തിയും സാമ്പത്തിക സുരക്ഷിതത്വവുമൊക്കെ അദ്ദേഹം വിട്ടൊഴിഞ്ഞത്. കൊച്ചിയിലെ സംഗീതസദസുകളും, കൂട്ടുകാര്‍ക്കൊപ്പമുള്ള കൂടിച്ചേരലുകളും, ജനകീയ സംഗീത യാത്രകളുമായിരുന്നു മെഹബൂബിന്റെ ഇഷ്ടങ്ങള്‍. കടുത്ത ആസ്ത്‌മ ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന നാള്‍ വരെ മെഹബൂബ് അത് തുടര്‍ന്നു. 1981 ഏപ്രിൽ 22നാണ് ആ ശബ്ദം നിലച്ചത്. കൊച്ചിയിലെ ചെമ്പിട്ട പള്ളിയിലെ ഖബറിടത്തില്‍ അദ്ദേഹത്തിന് നിത്യവിശ്രമം ഒരുക്കി. കൊച്ചിക്കാരുടെ ഭായി വിട പറഞ്ഞിട്ട് 45 വര്‍ഷം പിന്നിടുന്നു. ഈ വര്‍ഷം മെഹബൂബിന്റെ നൂറാം ജന്മവാര്‍ഷികം കൂടിയാണ്. കേരളത്തിന്റെ, പ്രത്യേകിച്ച് കൊച്ചിയുടെ കലാസാംസ്കാരിക ചരിത്രത്തിലൊന്നും മെഹബൂബിന്റെ പേരോ സംഗീത സംഭാവനകളോ കാര്യമായി പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനൊരു തിരുത്ത് ഈ വര്‍ഷമെങ്കിലും ഉണ്ടാകട്ടെ.

* സഫാരി ചാനലില്‍ ജോണ്‍പോള്‍ അവതരിപ്പിച്ച 'സ്മൃതി' എന്ന പ്രോഗ്രാമില്‍ മെഹബൂബിനെക്കുറിച്ച് പറഞ്ഞത്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com