ആ സ്വരം നിലച്ചു; തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു

മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം...
ആ സ്വരം നിലച്ചു; തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു
Source: Screengrab
Published on
Updated on

മൈസൂർ: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

1938 ഏപ്രിൽ 23ന് ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ശിഷ്‌ല ജാനകി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ 20ഓളം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ് സം​ഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. എന്നാൽ, തുടർന്ന് ശാസ്ത്രീയമായി അഭ്യസിച്ചില്ല. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയാകുന്നത്.

1957-ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. 19 വയസായിരുന്നു അപ്പോൾ പ്രായം. പക്ഷേ, ആ ചിത്രം പുറത്തുവന്നില്ല. അതേ വർഷം തന്നെ തമിഴിൽ 'മഗ്ദലനമറിയം' എന്ന ചിത്രത്തിന് വേണ്ടി പാടി. ഇതാണ് എസ്. ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. സിനിമയിൽ ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് ജാനകിക്ക് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ സംഗീതപ്രേമികൾ ​ഗായികയെ ഏറ്റെടുത്തു.

സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു വ്യത്യസ്ത ഭാഷാചിത്രങ്ങളിൽ ജാനകി പാടി. തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും ആ സ്വരമാധുര്യം ഒഴുകിയെത്തി. മലയാളികൾക്ക് ജാനകിയമ്മ എപ്പോഴും സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. ഭാഷയിലെ കൃത്യതയും ഭാവസാന്ദ്രമായ ആലാപനവും എസ്. ജാനകിയെ മലയാളികളുടെ പ്രിയങ്കരിയാക്കി. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എം.എസ്. ബാബുരാജ്, ജി. ദേവരാജൻ തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകരുടെ കീഴിൽ അനശ്വരമായ നിരവധി ഗാനങ്ങളാണ് അലപിച്ചിട്ടുള്ളത്.

കഷ്ടപ്പെട്ടാണ് ജാനകി മലയാള ഭാഷ പഠിച്ചെടുത്തത്. വരികൾ തെലുങ്കിൽ എഴുതി വായിച്ചായിരുന്നു പഠനം. ഉച്ചാരണം പലരോട് ചോദിച്ച് മനസിലാക്കിയെടുത്തു. പിന്നീടങ്ങോട്ട് മലയാളത്തിൽ 'ജാനകിക്കാല'മായിരുന്നു. നിരവധി ക്ലാസിക് ​ഗാനങ്ങൾ ആ ശബ്ദത്തിൽ മലയാളി കേട്ടു. പ്രണയം, വിരഹം , ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ പല ഭാവങ്ങളിൽ ഒരു നാദ പ്രപഞ്ചം തന്നെ നമുക്കുള്ളിൽ ആ ​പ്രതിഭ പണിതീർത്തു. ആ പാട്ടുകൾ മലയാളിയെ ഉറക്കുകയും ഉണർത്തുകയും പ്രണയിപ്പിക്കുകയും താലോലിക്കുകയും ചെയ്തു.

ആ സ്വരം നിലച്ചു; തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി അന്തരിച്ചു
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി... മലയാളത്തിന്റെ ജാനകിയമ്മ

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മികച്ച സംഗീതസംവിധായകർക്കൊപ്പവും എസ്. ജാനകി പാടിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ. രാഘവൻ, എം.ബി. ശ്രീനിവാസ്, ആർ.കെ. ശേഖർ, ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ, എ.ആ‍‍. റഹ്മാൻ തുടങ്ങിയവരുടെ ​ഈണങ്ങൾക്ക് ജാനകി ജീവശ്വാസം നൽകി. ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സം​ഗീത സപര്യയിൽ 18 ഭാഷകളിലായി 40,000ത്തിൽ ഏറെ ​ഗാനങ്ങളാണ് ജാനകി പാടി അനശ്വരമാക്കിയത്.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1977ൽ ഭാരതിരാജ സംവിധാനം ചെയ്ത 'പതിനാറു വയതിനിലേ' എന്ന തമിഴ്‌ ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌. ഇളയരാജയായിരുന്നു സം​ഗീതം. 80ൽ മലയാള ചിത്രത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ അവാർഡ് നേട്ടം. 'ഓപ്പോളി'ലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്... എന്ന ഗാനമാണ് ഇത്തവണ ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 11 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ പുരസ്കാരം 10 തവണയുമാണ് ജാനകി സ്വന്തമാക്കിയത്. 2013ൽ പത്മഭൂഷൺ ലഭിച്ചു. എന്നാൽ ഏറെ വൈകിയെത്തിയ ഈ ബഹുമതി ജാനകി നിരസിച്ചു. ബഹുമതികൾ തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2017 ഒക്ടോബർ 28ന് മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ജാനകി സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com