കേട്ട് മതിയാകാത്ത പാട്ടുകള്‍ ബാക്കിയാക്കിയാണ് എസ്. ജാനകി വിടപറയുന്നത്. മലയാളിയല്ലെങ്കിലും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു എസ് ജാനകി. 18 ഓളം ഭാഷകളിലായി 48,000 ഓളം ഗാനങ്ങള്‍ ജാനകിയമ്മ പാടിയിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പാടിയവയില്‍ മലയാളവും ഉള്‍പ്പെടും.
തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി എന്നീ ഭാഷകള്‍ക്ക് പുറമെ, ജര്‍മന്‍ ഇംഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ജാനകിയമ്മയുടെ സ്വരമാധുര്യം ലോകം ആസ്വദിച്ചു.
ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയത്, കന്നഡ, മലയാളം ഭാഷകളിലാണ്. 1957 ല്‍ 'വിധിയിന്‍ വിളൈയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ പാടിത്തുടങ്ങിയ എസ്. ജാനകി മലയാളത്തിലെത്തുന്നത് 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലൂടെയാണ്. പി.എന്‍. ദേവിന്റെ വരികള്‍ക്ക് എസ്.എന്‍. ചാമി ഈണം പകര്‍ന്ന് 'ഇരുള്‍ മൂടുകയോ എന്‍ വാഴ്വില്‍.. കരള്‍ നീറുകയോ എന്‍ വാഴ്വില്‍' എന്ന ഗാനം ജാനകിയുടെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടു.
തളിരിട്ട കിനാക്കള്‍ ...(മൂടുപടം) വാസന്ത പഞ്ചമി നാളില്‍...(ഭാര്‍ഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ...(കടത്തുകാരന്‍) കവിളത്ത് കണ്ണീര്‍ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍...(പരീക്ഷ) എന്‍ പ്രാണ നായകനെ..(പരീക്ഷ)... കണ്ണില്‍ കണ്ണില്‍...(ഡേഞ്ചര്‍ ബിസ്‌കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ) ഇന്നലെ നീയൊരു...(സ്ത്രീ), കിളിയേ കിളിയേ, അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനന്‍), ഒരു കൊച്ചു സ്വപ്നത്തിന്‍ (തറവാട്ടമ്മ)... അങ്ങനെ മലയാളികള്‍ ഓര്‍ത്തോര്‍ത്ത് പാടുന്ന പാട്ടുകള്‍ ഒട്ടനവധിയുണ്ട്.
നാല് തവണയാണ് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം എസ്. ജാനകിയെ തേടിയെത്തിയത്. അതിലൊന്ന് 1980 ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍... എന്ന ഗാനത്തിനായിരുന്നു. 14 തവണ മികച്ച പിന്നണി ഗായിക്കയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ജാനകിയമ്മയ്ക്കായിരുന്നു.