
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ് ചിത്ര ഇന്ന് 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തലമുറ വ്യത്യാസമില്ലാതെ ആരാധകര്‍ ആഘോഷിക്കുന്ന ശബ്ദമാണ് ചിത്രയുടേത്. അഹ്ലാദം, പ്രണയം, വിരഹം, ഭക്തി എന്നീ പല തലങ്ങളിലായി ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ച് ആരാധകരെ സൃഷ്ടിച്ച ഗായികയാണ് ചിത്ര.
1979ല്‍ അട്ടഹാസമെന്ന ചിത്രത്തിലെ 'ചെല്ലം ചെല്ലം' എന്ന പാട്ടിലൂടെയാണ് മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് ചിത്ര ചുവടു വെക്കുന്നത്. രജനി പറയൂ എന്ന ഗാനത്തിലൂടെയാണ് ചിത്ര ജനശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് അങ്ങോട്ട് രാജ്യത്തെ മികച്ച ഗായകരില്‍ ഒരാളായി ചിത്ര മാറി.
1986ല്‍ പാടറിയേന്‍ പടിപ്പറിയേന്‍ എന്ന ഗാനത്തിന് ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. 1987ല്‍ മഞ്ഞള്‍ പ്രസാദവും എന്ന ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും നേടി. 16 തവണ കേരള സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആന്ധ്ര പ്രദേശിന്റെ പുരസ്‌കാരം 11 തവണയും നാലു തവണ തമിഴ്‌നാടിന്റെയും മൂന്ന് തവണ കര്‍ണാടക സര്‍ക്കാരിന്റെയും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് ലഭിച്ചു. അതിന് പുറമെ ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെയും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.
നഖക്ഷതങ്ങളിലെ മഞ്ഞള്‍ പ്രസാദവും, ഒരു വടക്കന് വീരഗാഥയിലെ കളരി വിളക്ക് തെളിഞ്ഞതാണോ, സവിധത്തിലെ മൗന സരോവരം, ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്റെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങിയ പാട്ടുകളെല്ലാം ചിത്രയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തവയാണ്.
മലയാളത്തിന്റെ പ്രിയ വാനമ്പാടിയായ ചിത്ര തമിഴ്‌നാട്ടില്‍ ചിന്നക്കുയില്‍ എന്നാണ് അറിയപ്പെടുന്നത്. തെലുങ്കില്‍ സംഗീത സരസ്വതിയെന്നും കന്നഡയില്‍ ഗാനകോകിലയെന്നും അറിയപ്പെടുന്നു.