
ഗായിക സിത്താര കൃഷ്ണകുമാറിന്റെ പുതിയ പാട്ട് നടുപ്പേജ് പുറത്തിറങ്ങി. സിത്താരയ്‌ക്കൊപ്പം ഡാബ്‌സിയും ഗാനം ആലപിച്ചിട്ടുണ്ട്. മുഹ്‌സിന്‍ പരാരിയാണ് നടുപ്പേജിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. കൊവിഡ് സമയത്ത് മുഹ്‌സിന്‍ പരാരി പാട്ടാക്കാന്‍ തന്ന അവസാനത്തെ പദ്യമാണിതെന്ന് സിത്താര ഒരു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരുന്നു. സിത്താര കൃഷ്ണകുമാര്‍ തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദി റൈറ്റിംഗ് കമ്പനി എന്ന യൂട്യൂബ് ചാനലിലാണ് നടുപ്പേജിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ചായപ്പാട്ട് എന്ന പാട്ടില്‍ നിന്നാണ് ഈ ഗാനങ്ങളുടെ സീരീസിന്റെ തുടക്കം. ഈ യാത്രയില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് സിത്താര കുറിപ്പിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.
അന്തംവിട്ട കോവിഡ് കാലത്ത് പരാരി പാട്ടാക്കാനായി എന്നെ ഏല്പിച്ച 4 പദ്യങ്ങളില്‍ അവസാനത്തേത് 'നടുപ്പേജ്' നാളെ ഇറങ്ങുന്നു 'ചായപാട്ട്' ല്‍ തുടങ്ങിയ ആ പാട്ടുയാത്ര അവസാനിക്കാറായെന്ന തോന്നല്‍ നെഞ്ചത്തൊരു കെട്ടല്‍ പോലെ പ്രയാസപ്പെടുത്തുന്നു അത്രമേല്‍ ഞാന്‍ അതിഷ്ടപ്പെട്ടിരുന്നു! MuRi യുടെ വരികള്‍ക്ക് സംഗീതം കൊടുക്കല്‍ ആയിരുന്നില്ല, അതിലെ പാട്ട് കഷ്ണങ്ങള്‍ കണ്ടുപിടിച്ച് കൂട്ടിക്കെട്ടലായിരുന്നു എന്റെ പണി
ഡബ്‌സിയുടെ ശബ്ദത്തിലെ അധികമാരും കേള്‍ക്കാത്ത ആ മുത്തുപോലത്തെ ഇടത്തിന്, എന്റെ കുഞ്ഞി പാട്ടിന് കൂട്ടായ എന്റെ കൂടെപ്പിറപ്പുകള്‍ക്ക് (ശ്രീനാഥ്, ലിബോയ്, മിഥുന്‍, അജയ്, ജിത്തു.. പ്രൊജക്റ്റ് മലബാറിക്കസ്)... മിടുക്കരായ എന്‍ജിനീയര്‍മാര്‍ അര്‍ജുന്, അമലിന്, ഞങ്ങള്‍ പകര്‍ന്നു വച്ചത് ഉപ്പുനോക്കി ശരിവച്ച 'ദി മാസ്റ്റര്‍' റെക്‌സ് ഏട്ടന് സാദാ ശാന്തനായ ഹര്‍ഷദ്കാക്ക്, മൂപ്പരുടെ കൂട്ടുകാര്‍ക്ക്! എല്ലാര്‍ക്കും നന്ദി, സ്‌നേഹം
ചായപാട്ടിന്, ജിലേബിക്ക്, രസത്തിന്, നടുപ്പേജിന്..... അതിനൊക്കെ മീതെ നല്ല കൂട്ടിന് മുഹ്സിയോട് കൊറേ സ്‌നേഹം.