ഒപ്പം പാടി, അഭിനയിച്ചു; ചിത്രയ്ക്ക് അന്നുമിന്നും അറിയില്ല, ആ ഗായകനെ

ചിത്രീകരണത്തിനിടെ, പുക വലിക്കാന്‍ പോകുമ്പോഴും അദ്ദേഹം മുഖംമൂടി മാറ്റിയിരുന്നില്ല. ചിത്രീകരണം കഴിഞ്ഞതിനു പിന്നാലെ, ഗായകന്‍ സ്ഥലംവിടുകയും ചെയ്തു.
K S Chithra
കെ.എസ്. ചിത്ര
Published on

കൂടെ പാടിയൊരു ഗായകന്‍. ആ ഗാനത്തിന്റെ ചിത്രീകരണത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. പക്ഷേ, ആ ഗായകന്റെ ശരിക്കുമുള്ള പേര് അറിയില്ല. എന്തിന് അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. അത്യാധുനിക സ്റ്റുഡിയോ സാങ്കേതികവിദ്യയുടെ കാലത്ത് നടന്ന ഏതെങ്കിലുമൊരു റെക്കോഡിങ്ങിനെക്കുറിച്ചല്ല പറയുന്നത്. 33 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു ആല്‍ബത്തെക്കുറിച്ചുള്ള രസകരമായ വസ്തുതയാണിത്. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്രയ്ക്കായിരുന്നു അത്തരമൊരു അനുഭവം.

കഥയിങ്ങനെയാണ്: 1992ല്‍ സലിം-സുലൈമാൻ മർച്ചന്റ് കൂട്ടുകെട്ടില്‍ ഒരു പരീക്ഷണ സംഗീത ആല്‍ബം പിറവിയെടുക്കുന്നു. റഗ്ഗ രാഗ എന്ന പേരില്‍ മാഗ്നാസൗണ്ട് ആണ് ആല്‍ബം പുറത്തിറക്കുന്നത്. ആകെ എട്ട് പാട്ടുകളാണ് ആല്‍ബത്തിലുള്ളത്. അതില്‍ ദില്‍ ദേഖേ ദില്‍ ലിയ എന്ന് തുടങ്ങുന്ന ചിത്രയുടെ പാട്ടിനിടയില്‍ കുറച്ചുഭാഗം റാപ്പ് ആണ്. ആ ഭാഗം എഴുതിയതും പാടിയതും വൂഡൂ റാപ്പര്‍ എന്ന് പേരിട്ടൊരു ഗായകനാണ്. മുംബൈ അന്ധേരിയിലെ ആവാ സ്റ്റുഡിയോയിലായിരുന്നു പാട്ടുകളുടെ റെക്കോഡിങ്. അവിടെവച്ച് വൂഡൂ റാപ്പര്‍ എന്ന ഗായകനെ കാണാന്‍ ചിത്രയ്ക്കായില്ല. അദ്ദേഹം തന്റെ ഭാഗം പാടിയിട്ട് നേരത്തെ തന്നെ പോയിരുന്നു. അതിനുശേഷമായിരുന്നു ചിത്രയുടെ ഭാഗം റെക്കോഡ് ചെയ്തത്.

ദിവസങ്ങള്‍ക്കിപ്പുറമായിരുന്നു പാട്ടിന്റെ ചിത്രീകരണം. ക്രിസ്റ്റൽ ബോൾ നോക്കി ഭാവി പറയുന്ന ആളായി, വർണപ്പകിട്ടാർന്ന തലപ്പാവും നിറയെ മാലകളുമൊക്കെ അണിഞ്ഞ് ചിത്ര ഷൂട്ടിങ്ങിന് തയ്യാറെടുത്തു. ഇനി വരേണ്ടത് റാപ്പ് പാടിയ ആ ഗായകനാണ്. അയാള്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ചിത്ര ഉള്‍പ്പെടെ കാത്തിരുന്നത്. പക്ഷേ, മുഖം മൂടി ധരിച്ചാണ് വൂഡൂ റാപ്പര്‍ എത്തിയത്. കണ്ണുകളും ചുണ്ടും മാത്രമാണ് പുറത്തുകാണാനാകുന്നത്. പാട്ടിലും അങ്ങനെ തന്നെയാണ് വൂഡൂ റാപ്പര്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണത്തിനിടെ, പുക വലിക്കാന്‍ പോകുമ്പോഴും അദ്ദേഹം മുഖംമൂടി മാറ്റിയിരുന്നില്ല. ചിത്രീകരണം കഴിഞ്ഞതിനു പിന്നാലെ, ഗായകന്‍ സ്ഥലംവിടുകയും ചെയ്തു.

K S Chithra
സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചു; 'ഇന്ത്യ'ക്ക് പകരം 'ലോകം' ഭ്രാന്താലയമായി; മലയാളത്തിന് കിട്ടി രണ്ട് ദേശീയ പുരസ്കാരം

കാസറ്റിന്റെ കവറിലും ചിത്രയ്ക്കൊപ്പം മുഖംമൂടി അണിഞ്ഞ വൂഡൂ റാപ്പര്‍ ഇടംപിടിച്ചിരുന്നു. ഇംഗ്ലീഷ് വരികള്‍ എഴുതിയതിന്റെ ക്രെഡിറ്റും വൂഡൂ റാപ്പര്‍ക്കാണ് കൊടുത്തിരിക്കുന്നത്. പക്ഷേ, കൂടെ പാടിയ, അഭിനയിച്ച ചിത്രയ്ക്ക് അന്നുമിന്നും അറിയില്ല വൂഡൂ റാപ്പര്‍ ആരാണെന്ന്. ആല്‍ബം പുറത്തിറങ്ങിയപാടെ, പലരും റാപ്പറെ തിരക്കി ഇറങ്ങിയെങ്കിലും ആ 'മുഖംമൂടി ഗായകന്‍' ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല.

മര്‍ച്ചന്റ് സഹോദരന്മാരുടെ ആദ്യ ആല്‍ബവും, ചിത്രയുടെ ആദ്യ ഇന്‍ഡി പോപ്പും ആയിരുന്നു റഗ്ഗ രാഗ. ജമൈക്കൻ റഗ്ഗയും ഇന്ത്യൻ നാടോടി സംഗീതവുമൊക്കെ ചേര്‍ത്തായിരുന്നു മര്‍ച്ചന്റ് സഹോദരന്മാരുടെ പരീക്ഷണം. ഹിന്ദി വരികളെഴുതിയത് രാജേഷ് ജോഹ്‍രിയായിരുന്നു. അതുൽ ചുരാമണിയുടേതായിരുന്നു ആശയം. ഒരുപക്ഷേ, ആളുകള്‍ റാപ്പിലേക്ക് എത്തുംമുമ്പേ ഇറങ്ങിയതിനാലാകണം, റഗ്ഗ രാഗയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.

കടപ്പാട്: ചിത്രവര്‍ണ്ണങ്ങള്‍, രവി മേനോന്‍, ഡി.സി. ബുക്സ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com