

പതിനാറാം വയസില്‍ പാടിയ സിനിമാപ്പാട്ട്. സുഖമുള്ള നിലാവു പോല്‍ ആ ശബ്ദം ഒഴുകിപ്പരന്നു. പുതിയ ശബ്ദത്തെയും ഗായികയെയും സംഗീതപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ പാട്ട് സൂപ്പര്‍ഹിറ്റ്. 24 വര്‍ഷത്തിനിപ്പുറം ആ പാട്ടിന് കവര്‍ ഒരുക്കിയപ്പോഴും അതേ ശബ്ദം, അതേ ഫീല്‍. സുഖമാണീ നിലാവ്... എന്തു സുഖമാണീ കാറ്റ്... മോഹന്‍ സിത്താരയുടെ ഈണത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ഭാവസാന്ദ്രമായ ശബ്ദം നല്‍കിയ ഗായിക, ജ്യോത്സ്ന രാധാകൃഷ്ണന്‍. 2002ല്‍ പുറത്തിറങ്ങിയ 'നമ്മള്‍' എന്ന ചിത്രത്തിനായി വിധു പ്രതാപിനൊപ്പമാണ് സുഖമാണീ നിലാവ്... ജ്യോത്സന പാടിയത്. സിനിമയില്‍ ആദ്യം പാടിയത് മറ്റൊരു ചിത്രത്തിനായിരുന്നെങ്കിലും, ജ്യോത്സ്നയെന്ന ഗായികയുടെ വരവ് അടയാളപ്പെടുത്തിയത് സുഖമാണീ നിലാവ് ആയിരുന്നു.
"24 വര്‍ഷം മുന്‍പ്, ഈ ഗാനം പുറത്തിറങ്ങിയതിനുശേഷം ജീവിതം ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. എങ്കിലും, ഒന്നും അറിയാത്തൊരു പതിനാറുകാരി തൃശൂര്‍ ചേതന സ്റ്റുഡിയോയില്‍ കഴിവിന്റെ പരമാവധി ശ്രമിച്ചത് ഇന്നലെയെന്ന പോലെ തോന്നുന്നു. വർഷങ്ങൾക്കുശേഷം, 'ജ്യോത്സ്ന ലൈവി'ലെ കഴിവുറ്റ സംഗീതജ്ഞർക്കൊപ്പം വേദിയിൽ ഈ ഗാനം അവതരിപ്പിക്കുമ്പോഴെല്ലാം അത് പ്രത്യേക അനുഭവമാകുന്നു"
സുഖമാണീ നിലാവിന്റെ കവര്‍ വേര്‍ഷനൊപ്പം ജ്യോത്സ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍.
കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. ക്യാമ്പസ് കഥ പറഞ്ഞ ചിത്രത്തില്‍ ജിഷ്ണു രാഘവന്‍, സിദ്ധാര്‍ഥ് ഭരതന്‍, ഭാവന, രേണുക എന്നിവരായിരുന്നു മുഖ്യ വേഷം ചെയ്തത്. നമ്മളിലൂടെ പുതിയൊരു ട്രെന്‍ഡ് സൃഷ്ടിക്കുക എന്നൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു കമലിന്. പുതുമുഖങ്ങള്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതിയ ഗായകരെ അവതരിപ്പിക്കാമെന്നും കമലിന് തോന്നി. കാമ്പസ് കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ അടിച്ചുപൊളി പാട്ടുകള്‍ക്കൊപ്പം നല്ല മെലഡികളും വേണം. ആല്‍ബം ഗാനങ്ങള്‍ തരംഗമായി നില്‍ക്കുന്ന കാലം കൂടിയായിരുന്നു. അതിനാല്‍, ചിത്രത്തിലെ പ്രണയഗാനത്തിന് അത്തരമൊരു ഫീല്‍ കൊണ്ടുവരുന്നത് നന്നാകും എന്നൊരു നിര്‍ദേശവും കമല്‍ വച്ചു. പുതിയ ഗായകരും ശബ്ദവുമൊക്കെ വരുമ്പോള്‍, പുതുമ വരുമെന്ന് മോഹന്‍ സിത്താരയും കൂട്ടിച്ചേര്‍ത്തതോടെ ചര്‍ച്ചകള്‍ ആ വഴിക്കു നീങ്ങി.
പാട്ടുകള്‍ക്ക് ഈണമൊരുക്കുമ്പോഴെല്ലാം പുതിയ പാട്ടുകാരെക്കുറിച്ചായിരുന്നു മോഹന്‍ സിത്താരയുടെ ചിന്തകള്‍. ഒടുവില്‍ പാട്ടുകള്‍ക്ക് ഈണങ്ങളൊരുക്കി കമലിനെ കേള്‍പ്പിച്ചു. കമലിന് ഇഷ്ടപ്പെട്ടതോടെ, വരികളെഴുതാന്‍ കൈതപ്രവും എത്തി. പ്രണയഗാനത്തിന്റെ ഈണം മോഹന്‍ സിത്താര മൂളിയപ്പോള്‍, ലളിതമായ വാക്കുകളാല്‍ വരികളെഴുതാമോ എന്ന് കമല്‍ ചോദിച്ചു. അതിവേഗത്തില്‍ കൈതപ്രം വരികള്‍ എഴുതിത്തീര്‍ത്തു... സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്, അരികിൽ നീ വരുമ്പോൾ എന്തു രസമാണീ സന്ധ്യ, പൂംചിറകിൽ പറന്നുയരാൻ... കുളിരലയിൽ നനഞ്ഞലിയാൻ അഴകേ... ഈണമായി, വരികളായി... ഇനി പാട്ടുകാരെ കണ്ടെത്തണം. ഡ്യൂയറ്റ് ആയതിനാല്‍ ഗായകനെയും ഗായികയെയും കണ്ടെത്തണം. അക്കാലത്ത് ചെറുപ്പത്തിന്റെ ശബ്ദമായി മാറിയ വിധു പ്രതാപിനെ ഗായകനായി തീരുമാനിച്ചു. ഗായികയായി ആരെ വേണം? പുതിയൊരു ഗായികയെ എങ്ങനെ കണ്ടെത്തും? ചിന്തകള്‍ നീണ്ടുപോയി. ഇതിനിടെ, മോഹന്‍ സിത്താര സുഹൃത്തായ പത്മകുമാറിനോടും ഇക്കാര്യം പങ്കുവച്ചു.
മോഹന്‍ സിത്താര കൈനിറയെ സിനിമകള്‍ ചെയ്തിരുന്ന കാലമാണ്. പ്രണയമണിത്തൂവല്‍ എന്ന പാട്ടിന്റെ റെക്കോഡിങ്ങും നടക്കുന്നുണ്ട്. അതിന്റെ തിരക്കുകളില്‍ ഇരിക്കുമ്പോഴാണ് സുഹൃത്ത് പത്മകുമാര്‍ മോഹന്‍ സിത്താരയെ വിളിക്കുന്നത്. "ഒരു ബന്ധുവുണ്ട്. ചെറിയ കുട്ടിയാണ്. നന്നായി പാടും. ഒന്നു പരീക്ഷിച്ച് നോക്കുന്നോ?" എന്നായിരുന്നു ചോദ്യം. അങ്ങനെ ആ പാട്ടുകാരിയെ മോഹന്‍ സിത്താര തൃശൂര്‍ ചേതന സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. പ്രണയമണിത്തൂവലിലെ ഓമന ലൈലാ.. ഓ മൈ ലൈലാ... എന്ന പാട്ട് റെക്കോഡ് ചെയ്യുകയായിരുന്നു. എം.ജി. ശ്രീകുമാറാണ് ഗായകന്‍. തന്നെ കാണാനെത്തിയ പതിനാറുകാരിയെ മോഹന്‍ സിതാര കോറസ് സംഘത്തിനൊപ്പം നിര്‍ത്തി. വലിയ പതര്‍ച്ചകളൊന്നുമില്ലാതെ ആ പെണ്‍കുട്ടി പാടി. ശബ്ദവും പാട്ടും ഇഷ്ടപ്പെട്ടതോടെ, സുജാതയ്‌ക്കൊപ്പം വളകിലുക്കം കേട്ടടി... എന്ന ഫാസ്റ്റ് നമ്പറിനൊപ്പവും പാടാന്‍ അവസരം നല്‍കി. അതായിരുന്നു ജ്യോത്സ്ന എന്ന ഗായികയുടെ പിറവി.
പ്രണയമണിത്തൂവലിലെ പാട്ടിന്റെ റെക്കോഡിങ്ങെല്ലാം കഴിഞ്ഞപ്പോഴാണ്, സുഖമാണ് നിലാവില്‍ ജ്യോത്സ്നയെ പരീക്ഷിച്ചാലോ എന്ന് മോഹന്‍ സിത്താര ആലോചിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ ജ്യോത്സ്നയോട് സ്റ്റുഡിയോയില്‍ എത്താന്‍ പറഞ്ഞു. "ഒരു പാട്ട് പാടി നോക്കാം. ചിലപ്പോള്‍ ഇത് ട്രാക്ക് മാത്രമായിരിക്കും" എന്ന് പറഞ്ഞാണ് ജ്യോത്സ്നയ്ക്ക് പാട്ട് പറഞ്ഞുകൊടുത്തത്. ജ്യോത്സ്ന വേഗം പാട്ട് പഠിച്ചു, പാടി. നല്ല ശബ്ദം, ആലാപനം... പക്ഷേ എന്തോ ഒരു കുറവ് മോഹന്‍ സിത്താരയ്ക്ക് തോന്നി. ഫീല്‍ കുറഞ്ഞുപോയതാണ് പ്രശ്നമെന്ന് മനസിലാക്കിയ മോഹന്‍ സിത്താര 'ടൈറ്റാനിക്കി'ലെ ഏറെ പ്രശസ്തമായ എവരി നൈറ്റ് ഇന്‍ മൈ ഡ്രീംസ് ജ്യോത്സ്നയെ കേള്‍പ്പിച്ചു. ആ പാട്ടിലെ ഫീലാണ് വേണ്ടതെന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ജ്യോത്സ്ന വീണ്ടും സ്റ്റുഡിയോയിലെത്തി, പാട്ട് വീണ്ടും പാടി. ഇത്തവണ ഒരു കുറവും പറയാനില്ലായിരുന്നു. ശബ്ദം, ഫീല്‍... എല്ലാംകൊണ്ടും മികച്ച ഗാനം.
ഒരു ട്രാക്ക് ഗാനം നന്നായി പാടിയതിന്റെ സന്തോഷമായിരുന്നു ജ്യോത്സ്നയ്ക്ക്. പക്ഷേ, ആഗ്രഹിച്ചതുപോലൊരു ഗായികയെയും പാട്ടും കിട്ടിയ സന്തോഷത്തിലായിരുന്നു മോഹന്‍ സിത്താരയും കമലും. നിലാവുള്ള രാത്രി പോലെ സുന്ദരമായ പാട്ട്. ആ കുളിരലയില്‍ നനഞ്ഞലിയാന്‍ സംഗീതപ്രേമികള്‍ ഏറിയതോടെ, പാട്ട് സൂപ്പര്‍ ഹിറ്റായി. ജ്യോത്സ്നയെന്ന ഗായികയുടെ വരവ് അടയാളപ്പെടുത്തിയ പാട്ടായി സുഖമാണീ നിലാവ് മാറി. വിധു പ്രതാപിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നുമാണ് സുഖമാണീ നിലാവ്.