ചിന്മയി ശ്രീപദ എന്ന പേര് കേൾക്കുമ്പോൾ ആദ്യം കാതിൽ വന്നു മുത്തമിടുന്നത് ദൈവം തന്ത പൂവേ എന്ന പാട്ടാണ്. കന്നത്തിൽ മുത്തമിട്ടാൽ എന്ന സിനിമയുടെ ജീവാത്മാവും പരമാത്മാവുമായ, ചിന്മയിയെ ആദ്യമായി അടയാളപ്പെടുത്തിയ, പാട്ട്. പതിനാറു വർഷങ്ങൾ ചിന്മയി പാടി തീർത്തത് മുന്നൂറിലധികം പാട്ടുകളാണ്. ഇന്ന് ചിന്മയി ശ്രീപദയും തഗ് ലൈഫിലെ മുത്തമഴൈ പാട്ടും ആണ് സമൂഹമാധ്യമത്തിലെ ചർച്ചാ വിഷയം. 'ബ്രിങ് ബാക് ചിൻമയി' എന്ന ഹാഷ് ടാഗും വലിയ തരംഗമാവുകയാണ്.
"ആളുകൾ നിങ്ങൾക്ക് നേരെ എറിയുന്ന കല്ലുകൾ എടുക്കുക. ആ കല്ലുകൾ കൊണ്ട് നിങ്ങൾക്ക് ഒരു സുവർണ്ണ ഗോപുരം നിർമിക്കാം,"- രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്, തെന്നിന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപദ. 2018 മുതൽ തമിഴ് സിനിമയിൽ വിലക്ക് നേരിടുകയാണ് ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പേരെടുത്ത താരം. എന്നാൽ എല്ലാ വിലക്കുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് പ്രതിഭകൊണ്ട് ജനങ്ങളുടെ ഇഷ്ടം നേടുകയാണ് ചിന്മയി.
മണിരത്നത്തിൻ്റെ പുതിയ ചിത്രം തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ 'മുത്ത മഴൈ...' എന്ന ദീ പാടിയ ഗാനം വേദിയിൽ അവതരിപ്പിച്ചത് ചിന്മയി ആണ്. ചിന്മയിയുടെ ആ ലൈവ് പെർഫോമൻസ് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തമിഴ് സിനിമാരംഗത്തെ ഏറ്റവും വലിയ വിവാദമായിരുന്നു, ഗായിക ചിന്മയി ശ്രീപദയും കവിയും ഗാന രചയിതാവുമായ വൈരമുത്തുവും തമ്മിൽ നടന്ന തുറന്ന യുദ്ധം. വൈരമുത്തുവിനെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ഗായിക, തമിഴ് സിനിമയിലെ പല പൊയ്മുഖങ്ങൾക്കെതിരെയും ശബ്ദമുയർത്തി. ഈ ധീരമായ നിലപാടിന് പകരം ചിന്മയിക്ക് നൽകേണ്ടി വന്നത്, തൻ്റെ കരിയർ തന്നെയാണ്. നടൻ രാധ രവിയുടെ നേതൃത്വത്തിലുള്ള സംഘടനയായ സൗത്ത് ഇന്ത്യൻ സിനി-ടെലിവിഷൻ ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ വിലക്കി.
'മുത്ത മഴൈ' എന്ന ഗാനം, തഗ് ലൈഫിൻ്റെ തമിഴ് വേർഷനിൽ പാടിയിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. എന്നാൽ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ പാടിയിരിക്കുന്നത് ചിന്മയി. വിലക്ക് നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് തമിഴ് വേർഷനിൽ ചിന്മയിക്ക് പാടാനാവാത്തതെന്ന് വ്യക്തം.
സൈബർ വാളുകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ചിന്മിയയുടെ പാട്ട് ഒഫീഷ്യൽ ആയി 'തഗ് ലൈഫ്' ഗാനങ്ങളിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. തമിഴ് സിനിമയിലെ സംവിധായകൻ വെങ്കട് പ്രഭു ഉൾപ്പെടെയുള്ള പല പ്രമുഖരും ചിന്മയി ശ്രീപാദയ്ക്ക് അഭിനന്ദനങ്ങളും പരസ്യ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങളെ ഇത്രയും കാലം തമിഴ് സിനിമ അകറ്റി നിർത്തി എന്ന ജെൻസി കിഡ്സ്സിൻറെ ചോദ്യത്തിന് പേരെടുത്ത് പറഞ്ഞാണ് ചിന്മയി മറുപടി നൽകിയത്.
എന്തായാലും 'മുത്ത മഴൈ' തമിഴിൽ പാടി ചിൻമയി തമിഴ്‌നാട്ടിൽ തീർത്ത കൈയടിയുടെ അലകടൽ ഇപ്പോഴും അടങ്ങിയിട്ടില്ല. പാട്ടുകമ്പിനിക്ക് ആ സ്റ്റേജ് പെർഫോമൻസ് പ്രത്യേക വീഡിയോ ആയി ഇറക്കേണ്ടിവന്നു, അതിനുകിട്ടിയ പ്രേക്ഷകർ മറ്റുപാട്ടിനെല്ലാം കൂടി കിട്ടിയ പ്രേക്ഷകരെക്കാൾ എത്രയോ ഇരട്ടിയാണ്, ചിന്മയിയെ തിരികെ കൊണ്ടുവരൂ എന്നു സോഷ്യൽമീഡിയ ഒന്നടങ്കം ആർപ്പുവിളിക്കുന്നു.