
ട്രാവിസ് കെല്‍സിയുമായുള്ള വിവാഹനിശ്ചയം പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്വിഫ്റ്റിന്റെ 'സോ ഹൈ സ്‌കൂള്‍' എന്ന ഗാനം സ്‌പോട്ടിഫൈയില്‍ ആളുകള്‍ സ്ട്രീം ചെയ്യുന്നത് 400 ശതമാനമായി ഉയര്‍ന്നുവെന്ന് സ്‌പോട്ടിഫൈ അറിയിച്ചു.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ടെയ്‌ലര്‍ പങ്കുവെച്ചത് 'ടോര്‍ച്ചേഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്' എന്ന ആല്‍ബത്തിലെ 'സോ ഹൈ സ്‌കൂള്‍' എന്ന ഗാനത്തിനൊപ്പമായിരുന്നു. ഈ ഗാനം സ്വിഫ്റ്റ് തന്റെ ഫിയാന്‍സെ ട്രാവിസ് കെല്‍സിയെ കുറിച്ച് എഴുതിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇത് ആരാധകരെ വീണ്ടും വീണ്ടും ആ ഗാനം കേള്‍ക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ഗാനത്തിന് എത്ര സ്ട്രീമുകളാണ് ലഭിച്ചതെന്ന് സ്‌പോട്ടിഫൈ വെളിപ്പെടുത്തിയിട്ടില്ല. ശതമാന വര്‍ദ്ധനവ് മാത്രമാണ് സ്‌പോട്ടിഫൈ പങ്കുവെച്ചത്. സ്വിഫ്റ്റിന്റെ മറ്റ് ഗാനങ്ങളുടെ സ്ട്രീമിംഗ് വര്‍ദ്ധനവും സ്‌പോട്ടിഫൈ അറിയിച്ചിട്ടില്ല. എന്നിരുന്നാലും രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ സ്വിഫ്റ്റ് നിരവധി പ്രണയ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 'ലൗ സ്റ്റോറി', 'യു ബിലോങ് വിത്ത് മീ', 'ലവര്‍' എന്നീ ഗാനങ്ങളുടെ സ്ട്രീമിങ് ശതമാനവും സ്‌പോട്ടിഫൈയില്‍ ഉയരാനുള്ള സാധ്യതയുണ്ട്.
2023-ല്‍ പ്രണയത്തിലായ ടെയ്‌ലറും ട്രാവിസും രണ്ട് വര്‍ഷത്തിന് ശേഷമാണ് വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. തുടക്കം മുതലെ അവരുടെ പ്രണയ ബന്ധം മാധ്യമ ശ്രദ്ധ നേടിയിരുന്നു. ട്രാവിസ് കെല്‍സിയുടെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ടെയ്‌ലറും ഇറാസ് ടൂറില്‍ ട്രാവിസും പങ്കെടുത്തിരുന്നു.
ഓഗസ്റ്റില്‍ തന്നെ ന്യൂ ഹൈറ്റ്‌സ് എന്ന പോഡ്കാസ്റ്റില്‍ സ്വിഫ്റ്റും കെല്‍സിയും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. തന്റെ റിലീസ് ചെയ്യാനിരിക്കുന്ന 12-ാമത്തെ ആല്‍ബമായ 'ലൈഫ് ഓഫ് എ ഷോ ഗേളിനെ' കുറിച്ചും സ്വിഫ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിച്ചു.
"80കളിലെ ജോണ്‍ ഹ്യൂസ് സിനിമ പോലെയാണ് എനിക്ക് തോന്നിയത്. എന്റെ ജനാലയ്ക്ക് പുറത്ത് ഒരു ബൂംബോക്സുമായി അയാള്‍ നില്‍ക്കുന്നത് പോലെ ആയിരുന്നു ഇത്. ഞാന്‍ എന്റെ കൗമാര പ്രായം തൊട്ടേ ഇത്തരത്തില്‍ ഒന്ന് എന്റെ ജീവിതത്തില്‍ സംഭവിക്കണമെന്ന് ആഗ്രഹിച്ചാണ് പാട്ടുകള്‍ എഴുതിയിരുന്നത്", എന്നാണ് ട്രാവിസുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് ടെയ്‌ലര്‍ പറഞ്ഞത്.