ജാനകിയമ്മ ഇനി മായാത്ത പാട്ടോർമ്മ..! സംസ്കാര ചടങ്ങുകൾ പൂർത്തിയായി

പൂർണ ഔദ്യോ​ഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം
ജാനകിയമ്മ ഇനി മായാത്ത പാട്ടോർമ്മ..! സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Source: Screengrab
Published on
Updated on

ബെം​ഗളൂരു: വിഖ്യാത ഗായിക എസ്. ജാനകിക്ക് രാജ്യത്തിൻ്റെ അന്ത്യാഞ്ജലി. സംസ്കാര ചടങ്ങുകൾ മൈസൂരുവിലെ ഫാം ഹൗസിൽ പൂർത്തിയായി. പൂർണ ഔദ്യോ​ഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. പ്രിയ ​ഗായികയെ അവസാന നോക്ക് കാണാൻ ആയിരങ്ങളാണ് പൊതുദർശനത്തിനെത്തിയത്. സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് ജാനികിയമ്മയുടെ വിയോ​ഗത്തിലൂടെ ഉണ്ടായതെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുസ്മരിച്ചു. മോഹൻലാൽ, കെ. എസ്. ചിത്ര, സുജാത, വി.ഡി. സതീശൻ തുടങ്ങി പ്രമുഖരും ജാനികിയമ്മയെ അനുസ്മരിച്ചു.

കഴിഞ്ഞ ദിവസമാണ് വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌.

1938ൽ ഏപ്രിൽ 23ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957ൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ജാനകിയമ്മ ഇനി മായാത്ത പാട്ടോർമ്മ..! സംസ്കാര ചടങ്ങുകൾ പൂർത്തിയായി
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി...

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌. ജാനകിയെ തേടിയെത്തിയത്. 1976ൽ `പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും സുർ സിംഗർ അവാർഡ്‌ 1987ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005ലും ലഭിച്ചു. 2013ൽ പത്മഭൂഷൻ ലഭിച്ചെങ്കിലും ജാനകി ഇത് നിരസിക്കുകയായിരുന്നു. ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി. 2017ൽ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു.

News Malayalam 24x7
newsmalayalam.com