
സമൂഹമാധ്യമങ്ങളില്‍ വൈറലായ രണ്ട് വീഡിയോകള്‍. ആദ്യത്തേത് ഒരു 'ട്രോള്‍ വീഡിയോ' ആണ്. ലൈവ് കണ്‍സേര്‍ട്ടില്‍ പാടുന്ന ഗായിക. ഓപ്പണ്‍ ത്രോട്ടില്‍ ഹൈപിച്ചിലാണ് പാടുന്നത്. അതിനെ അഗ്രസീവായൊരു ആലാപനശൈലിയാക്കി മാറ്റിയിട്ടുള്ളതാണ് വീഡിയോ. ഗായികയുടെ പെട്ടെന്നുള്ള പാട്ട് കേട്ട് മൈക്ക് ശരിയാക്കാന്‍ വന്നവന്‍ പേടിക്കുന്നതും, അടുത്തിരിക്കുന്നയാള്‍ പേടിച്ചുവിറക്കുന്നതും, സൈക്കിളില്‍ യാത്ര ചെയ്യുന്നവന്‍ മറ്റൊരു വണ്ടിയിലിടിച്ച് വീഴുന്നതും മുതല്‍ പല്ലിളിക്കുന്ന കുരങ്ങിനോടും, നായയോടുമൊക്കെ ഗായികയെ ഉപമിക്കുന്ന ദൃശ്യങ്ങള്‍ വരെ അതില്‍ ചേര്‍ത്തുവെച്ചിരിക്കുന്നു. ട്രോള്‍ എന്നതിനപ്പുറം ഒരു റോസ്റ്റിങ് വീഡിയോ എന്ന് പറയുന്നതാകും ഉചിതം.
രണ്ടാമത്തെ വീഡിയോ 10 വര്‍ഷം മുന്‍പുള്ളതാണ്. 2014ലെ മിര്‍ച്ചി മ്യൂസിക് പുരസ്കാര വിതരണ ചടങ്ങാണ് രംഗം. അപ്‍കമിങ് ഫീമെയ്‌ല്‍ വോക്കലിസ്റ്റ് പുരസ്കാരം സ്വീകരിക്കാനെത്തിയ രണ്ടുപേര്‍, സഹോദരികള്‍. ഇംതിയാസ് അലിയുടെ ഹൈവേ എന്ന ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ ഈണമിട്ട 'മീട്ടേ... പാന്‍ ദി ഗിലോരി... ലട്ടെ സ്യൂട്ട് ദ ലഹോരി' എന്ന് തുടങ്ങുന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് പുരസ്കാരം. ഗായകന്‍ കുമാര്‍ സാനുവില്‍നിന്ന് പുരസ്കാരം സ്വീകരിച്ചശേഷം, ഇരുവരും ചേര്‍ന്ന് ആ പാട്ട് വേദിയില്‍ ആലപിക്കുന്നു. ബിജിഎമ്മിന്റെ അകമ്പടിയില്ലാതെ, സ്റ്റുഡിയോ ക്വാളിറ്റിയെ വെല്ലുന്ന ശബ്ദത്തില്‍ പാടുന്ന സഹോദരിമാര്‍. ഉച്ചസ്ഥായിയിലേക്കു പോകുംതോറും താളത്തിലലിഞ്ഞ് കരുത്തേറുന്ന ശബ്ദം... ഇന്ത്യയിലെ പ്രശസ്തരായ ഗായകരും സംഗീത സംവിധായകരും ഉള്‍പ്പെടുന്ന വേദി കൈകളടിച്ച് അതിന് താളമൊരുക്കി. No bass, No Violin, No Guitar, No Drums, No Tabla, No Extra Music, Only Vocal. They deserve millions of likes എന്ന് സംഗീതപ്രേമികള്‍ അതിനെ വിലയിരുത്തി. വിവരങ്ങള്‍ തിരഞ്ഞവര്‍ക്ക് നൂറാന്‍ സിസ്റ്റേഴ്സ് എന്ന പേര് ലഭിച്ചു, ജ്യോതി നൂറാന്‍, സുല്‍ത്താന നൂറാന്‍.
സൂഫി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജ്യോതിയുടെയും സുല്‍ത്താനയുടെയും ജനനം. ജീവിതബുദ്ധിമുട്ടുകള്‍ക്കിടെ പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. പട്ടിണിയിലും ദുരിതത്തിലും പഞ്ചാബി സൂഫി ഗായികയായ മുത്തശ്ശി ബിബി നൂറാന്റെ പാട്ടായിരുന്നു ഇരുവരുടെയും ആശ്വാസം. സമാനപ്രായത്തിലുള്ള കുട്ടികള്‍ സ്കൂളില്‍ പോയി 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍' പാടുമ്പോള്‍, തൊണ്ട തുറന്ന്, ഹൈപിച്ചില്‍ പഞ്ചാബി, സൂഫി പാട്ടുകളായിരുന്നു ജ്യോതിയും സുല്‍ത്താനയും പാടി നടന്നിരുന്നത്. ഇരുവരുടെയും പ്രതിഭ തിരിച്ചറിഞ്ഞ പിതാവ് ഗുല്‍ഷന്‍ മീര്‍ സംഗീത പരിശീലനത്തിന് സൗകര്യമൊരുക്കി. അതായിരുന്നു തുടക്കം.
നൂറാന്‍ സിസ്റ്റേഴ്സിന്റെ പാട്ടുകള്‍ നാട്ടിന്‍പുറത്തെ പൊതുവേദികളില്‍ കേട്ടുതുടങ്ങി. പഞ്ചാബിലെ പ്രാദേശിക മേളകളും, ദര്‍ഗകളും പിന്നിട്ട് ആ ശബ്ദം അധികം വൈകാതെ ടെലിവിഷന്‍ പ്രോഗ്രാമിലും ഇടംപിടിച്ചു. 2012ല്‍ എംടിവിയുടെ സൗണ്ട് ട്രിപ്പിന്‍ എന്ന പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച 'ടുംഗ് ടുംഗ് ബജെ...' എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡ് സംഗീത സംവിധായിക സ്നേഹ ഖാന്‍വോക്കറാണ് പഞ്ചാബി ഫോക്കും മോഡേണ്‍ ബീറ്റും മിക്സ് ചെയ്തുള്ള പാട്ടിലേക്ക് നൂറാന്‍ സിസ്റ്റേഴ്സിന്റെ ശബ്ദത്തെ ചേര്‍ത്തുവെച്ചത്. റൂറല്‍ ഒളിംപിക്സ് എന്നറിയപ്പെടുന്ന ഖില റായ്‌പൂരിലെ സ്പോര്‍ട്‌സ് ഫെസ്റ്റിവലിന്റെ ദൃശ്യങ്ങളും, അതിലെ സ്വഭാവിക ശബ്ദങ്ങളുമൊക്കെ ചേര്‍ന്നായിരുന്നു പാട്ട്. എംടിവിയുടെ ചാര്‍ട്ട്ബസ്റ്ററില്‍ മോസ്റ്റ് പോപ്പുലര്‍ പാട്ടായി ടുംഗ് ടുംഗ് മാറി. 2015ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ ചിത്രം സിങ് ഈസ് ബ്ലിങ്ങിലും ഈ പാട്ട് ഉപയോഗിച്ചിട്ടുണ്ട്.
'ടുംഗ് ടുംഗ് ബജെ...' ജ്യോതിയെയും സുല്‍ത്താനയെയും കോക്ക് സ്റ്റുഡിയോയിലും എത്തിച്ചു. ഹിതേഷ് സോണിക് പ്രൊഡക്ഷനില്‍, ഇരുവരും ചേര്‍ന്ന് ആലപിച്ച 'അല്ലാ...ഹൂ...' സകല റെക്കോഡുകളും തിരുത്തി. പഞ്ചാബി സൂഫി സംഗീതത്തിന്റെ മനോഹാരിതയും വശ്യതയുമൊക്കെ നിറഞ്ഞ പാട്ട് നൂറാന്‍ സിസ്റ്റേഴ്സിനെ അടയാളപ്പെടുത്തുന്നതായി. അന്ന് അതിന് വയലിന്‍ വായിച്ചത് അകാലത്തില്‍ നമ്മെ വിട്ടകന്ന ബാലഭാസ്കര്‍ ആയിരുന്നു. 'അല്ലാ...ഹൂ'വിന് പിന്നാലെ നൂറാന്‍ സിസ്റ്റേഴ്സിന് മുംബൈയിലെ പൃഥ്വി ഫെസ്റ്റിവലിലേക്ക് ക്ഷണമെത്തി. ഇന്ത്യയിലെ പ്രശസ്തരായ സിനിമാ സംവിധായകരും, തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും, സംഗീതജ്ഞരുമൊക്കെ നിറഞ്ഞ വേദിയെ സ്വതസിദ്ധമായ ആലാപനശൈലിയില്‍ ജ്യോതി കീഴടക്കി.
ഈ പ്രകടനം കണ്ടാണ് റഹ്മാന്‍ നൂറാന്‍ സിസ്റ്റേഴ്സിനെ 'ഹൈവേ'യിലേക്ക് ക്ഷണിക്കുന്നത്. ചിത്രീകരിക്കപ്പെട്ട സീനിനുവേണ്ടി, പിന്നീടൊരു പാട്ട് ഒരുക്കുകയായിരുന്നു. പഞ്ചാബി സ്റ്റൈലില്‍ സ്ത്രീയുടെ എനര്‍ജി അത്രയും പാട്ടില്‍ വേണമെന്ന റഹ്മാന്റെ താല്‍പ്പര്യമാണ് നൂറാന്‍ സിസ്റ്റേഴ്സിന് തുണയായത്. വീഡിയോകോളില്‍ റഹ്മാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇരുവരും ഒരു മൈക്കില്‍, രാവും പകലുമായി ആസ്വദിച്ച് പാടി. ബോളിവുഡിലെ ആദ്യ പാട്ട് ഇരുവര്‍ക്കും നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തു.
ബോളിവുഡിലെ എന്‍ട്രി ഇരുവരും അവിസ്മരണീയമാക്കിയതോടെ, കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുതുടങ്ങി. റഹ്മാന് പിന്നാലെ അനു മാലിക്, വിശാല്‍ ശേഖര്‍, ശങ്കര്‍ എഹ്സാന്‍ ലോയ്, പ്രീതം, ഹിമേഷ് രേഷാമിയ, വിശാല്‍ ഭരദ്വാജ് തുടങ്ങിയ സംഗീത സംവിധായകരും നൂറാന്‍ സിസ്റ്റേഴ്സിന്റെ ശബ്ദം പ്രയോജനപ്പെടുത്തി. ഹിന്ദിക്കും പഞ്ചാബിക്കുമൊപ്പം തമിഴിലും തെലുങ്കിലും വരെ ആ ശബ്ദം കേട്ടു. ഡി. ഇമ്മനും, തമനുമാണ് ഇരുവരുടെയും ശബ്ദം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അവതരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ ആ ശബ്ദം മലയാളത്തിലുമെത്തി. ലോകഃ ചാപ്റ്റര്‍ ഒന്നിന്റെ പ്രോമോ വീഡിയോ സോങ്ങിലൂടെ ജ്യോതിയാണ് മലയാളത്തില്‍ വരവറിയിച്ചത്. മുഹ്സിന്‍ പരാരിയുടെ വരികളെ, ജേക്സ് ബിജോയിയുടെ ഈണത്തില്‍ മറ്റാര്‍ക്കും പാടിപ്പിടിക്കാന്‍ കഴിയാത്ത താളത്തിലും ശ്രുതിയിലുമായാണ് ജ്യോതി പാടിവെച്ചിരിക്കുന്നത്.
2015ലാണ് നൂറാന്‍ സിസ്റ്റേഴ്സ് ആദ്യ ആല്‍ബം, 'യാര്‍ ഗരീബാ ദാ' പുറത്തിറക്കുന്നത്. പിന്നീട് നിരവധി പാട്ടുകള്‍ പിറന്നു. ഇരുവരുടെയും പ്രോഗ്രാമുകള്‍ യുട്യൂബില്‍ ട്രെന്‍ഡിങ്ങായതോടെ, പോര്‍ച്ചുഗീസ് ഗിത്താറിസ്റ്റും യുട്യൂബറുമായ ആന്‍ഡ്രെ ആന്‍ട്യൂണ്‍സ് അവ റീമിക്സ് ചെയ്തു. അത് ഇരുവര്‍ക്കുമുള്ള ആഗോള അംഗീകാരം കൂടിയായി. പലരും അനുമതി കൂടാതെയും നൂറാന്‍ സിസ്റ്റേഴ്സിന്റെ പ്രോഗ്രാമുകളും, സൂഫി സംഗീതവുമൊക്കെ റീമിക്സ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. അവയ്ക്കെല്ലാം ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ട്. അങ്ങനെ അറിഞ്ഞും അറിയാതെയുമൊക്കെ ലോകത്തിന്റെ പല കോണിലേക്കും നൂറാന്‍ സിസ്റ്റേഴ്സും അവരുടെ പാട്ടും പടര്‍ന്നേറിയിട്ടുണ്ട്.' ദാത്തേ നെറന്താളേ.... ലോകോരുള്ള മുറന്താളേ... മാറത്തിന്നൂരാളേ...കീമേ നമ്മെ മറിച്ചാളേ....തനി ലോകമുറക്കാരി...' എന്ന ലോകയിലെ വരികള്‍ പറയുന്നതുപോലെ, സകല ചിന്താഗതികളെയും പരിഹാസങ്ങളെയും തകിടംമറിച്ചുകൊണ്ടാണ് നൂറാന്‍ സിസ്റ്റേഴ്സ് സംഗീതലോകത്ത് വിരാജിക്കുന്നത്.