

ടിനു പാപ്പച്ചൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. 'കമ്പനി സോങ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ഒരു റെട്രോ വിന്റേജ് ബോളിവുഡ് ബാർ സോങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ജസ്‌റ്റിൻ വർഗീസ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
'മുന്നി ബദ്നാം ഹുയി', 'ഫെവികോൾ സേ' എന്നീ ഓൾ ടൈം ഹിറ്റ് പാട്ടുകൾ പാടിയ ബോളിവുഡ് ഗായിക മമത ശർമയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണീ ഗാനം. മമതയെ കൂടാതെ 'ധുരന്ധർ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ സിനിമയിലെ ടൈറ്റിൽ ട്രാക്ക് പാടിയ സുധീർ യദുവംശിയും ഈ ഗാനത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടെടുത്ത് വയ്ക്കുകയാണ്. ഇരുവരുടേയും ശബ്ദങ്ങൾ ഈ ട്രാക്കിന് ആഘോഷമാക്കാനുള്ള ഒരു പെപ്പി വൈബ് സമ്മാനിക്കുന്നുണ്ട്.
പാട്ടിലെ ഹിന്ദി ഭാഗത്തിനൊപ്പം വരുന്ന തമിഴ് ഫ്രീ സ്റ്റൈൽ റാപ്പർ 'വെങ്കായോ' യുടെ തമിഴ് റാപ്പ് പോർഷനും പാട്ടിന്റെ പ്രധാനപ്പെട്ട ഒരു ഹൈലൈറ്റാണ്. യുവതി യുവാക്കളുടെ ഒരു കൂട്ടത്തിന്റെ രാവാഘോഷം എന്ന രീതിയിൽ വളരെ കളർഫുള്ളായാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. മുമ്പ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'അജഗജാന്തര'ത്തിലെ 'ഒള്ളുള്ളേരി' എന്ന നാടൻ പാട്ടിന്റെ സ്വഭാവമുള്ള ബീറ്റ് സോങ് വലിയ രീതിയൽ ട്രെൻഡിങ് ആവുകയും കേൾവിക്കാരെ ഹരം കൊള്ളിക്കുകയും ചെയ്തിരുന്നു. അതേ പാട്ടിന്റെ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഒരു ഇൻസ്റ്റന്റ് വൈറൽ സോങ്ങ് ആയി മാറുകയാണ് 'കമ്പനി സോങ് 'എന്ന ഈ ട്രാക്കും.
കൊല്ലം കേന്ദ്രീകരിച്ചുള്ള കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. അരുൺ നാരായൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമാതാവായി ചിത്രത്തിലുണ്ട്.
ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെയാണ് ഈ ചിത്രത്തിനുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'അജഗാജാന്തരം', 'ചാവേർ' തുടങ്ങിയ ചിത്രങ്ങളിൽ ടിനു പാപ്പച്ചനൊപ്പം പ്രവർത്തിച്ച ജസ്റ്റിൻ വർഗീസാണ് സംഗീതം. ഛായാഗ്രഹണം റാഹിൽ നിർവഹിക്കുന്നു.
എഡിറ്റിങ്: ദീപു ജോസഫ്, കലാസംവിധാനം: അജയ് മങ്ങാട്, ശബ്ദമിശ്രണം: രംഗനാഥ് രവി, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: ആഷിഷ് നമ്പ്യാർ, മെയ്‌ക്ക്പ്പ്: റോണക്സ് സേവ്യർ, ഗാന രചന: വിനായക് ശശികുമാർ, സൗണ്ട് മിക്സിംങ്: കണ്ണൻ ഗണപത്, കളറിസ്റ്റ്: ശ്രിക്ക് വാരിയർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രധ്വി എൻ. രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു വിജയൻ, സ്റ്റിൽസ്: ഷൈൻ സാബൂറ, വിഷ്വൽ എഫക്ട്സ്: CDIME & വിശ്വാ എഫ്എക്സ്, ഡിഐ: കളർപ്ലാനറ്റ് സ്റ്റുഡിയോ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി ആർ ഓ: ഹെയിൻസ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി.