മനസ് പൊള്ളിച്ച രണ്ട് അനുഭവങ്ങള്‍; ഇനി പാടുന്നില്ലെന്ന് ചിത്ര തീരുമാനിച്ചു

ചിത്രയുടെ സംഗീത യാത്രയെ പിടിച്ചുലച്ച രണ്ട് തീഷ്ണാനുഭവങ്ങള്‍. അതിനെ മറികടക്കാന്‍ സംഗീതം പോലും തുണയാകില്ലെന്ന് ഒരു വേളയെങ്കിലും ചിത്ര ചിന്തിച്ചു.
Singer K S Chithra
കെ. എസ്. ചിത്ര Source: News Malayalam 24X7
Published on

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കെ.എസ്. ചിത്ര. ആ സ്വരമാധുരിയില്‍ പിറന്ന ഒരു ഗാനമെങ്കിലും കേള്‍ക്കാതെ മലയാളികളുടെ ദിവസം കടന്നുപോകാറില്ല. നാലര പതിറ്റാണ്ടായി, നമ്മുടെ സര്‍വ വികാരങ്ങളെയും തഴുകുന്നൊരു കുളിര്‍കാറ്റായി അതിങ്ങനെ തുടരുകയാണ്. എന്നാല്‍, സിനിമാ സംഗീതം തുടരേണ്ടെന്ന് തീരുമാനിച്ച രണ്ട് ജീവിതാനുഭവങ്ങള്‍ ചിത്രയുടെ ജീവിതത്തിലുണ്ട്. ചിത്രയുടെ സംഗീത യാത്രയെ പിടിച്ചുലച്ച രണ്ട് തീഷ്ണാനുഭവങ്ങള്‍. അതിനെ മറികടക്കാന്‍ സംഗീതം പോലും തുണയാകില്ലെന്ന് ഒരു വേളയെങ്കിലും ചിത്ര ചിന്തിച്ചു. റെക്കോഡുകളുടെയും സ്റ്റേജ് ഷോകളുടെയും തിരക്കുകളില്‍നിന്ന് ദുഃഖാര്‍ദ്രമായ മൗനത്തിലേക്ക് ചിത്ര ഉള്‍വലിഞ്ഞു. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ചിത്ര സംഗീതവഴിയിലേക്ക് തിരിച്ചെത്തിയത്.

മകള്‍ ലോകം അറിയുന്ന പാട്ടുകാരിയാകുന്നത് സ്വപ്നം കണ്ട അച്ഛന്‍ കൃഷ്ണന്‍ നായരുടെ രോഗാവസ്ഥയാണ് ചിത്രയെ ഉലച്ച ആദ്യ അനുഭവം. സംഗീതജ്ഞന്‍ കൂടിയായ അച്ഛനായിരുന്നു സംഗീത പരിപാടിക്കായുള്ള യാത്രകളില്‍ ചിത്രയ്ക്ക് കൂട്ട്. സിനിമയില്‍ പാടിത്തുടങ്ങിയതോടെ, റെക്കോഡിങ്ങുകള്‍ക്കായി ചെന്നൈയില്‍ പോകുമ്പോഴും, അച്ഛന്‍ തന്നെയായിരുന്നു കൂടെ പോയിരുന്നത്. 'സ്റ്റുഡിയോയിലിരിക്കുന്ന അച്ഛന്റെ മുഖഭാവങ്ങളില്‍ നിന്ന് പാട്ടിന്റെ പെര്‍ഫെക്ഷന്‍ വായിച്ചെടുക്കാമായിരുന്നു' എന്നാണ് ചിത്ര ഇതിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. അര്‍ബുദബാധിതനായി ക്ഷീണിതനായിരുന്നപ്പോഴും, അദ്ദേഹം യാത്ര ഒഴിവാക്കിയില്ല.

കടുത്ത വേദന സഹിച്ചാണ് അദ്ദേഹം അവിടെയിരുന്നത്. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ചിരിച്ചും, തലയാട്ടിയും പ്രോത്സാഹിപ്പിക്കാറുള്ള അച്ഛന്റെ ആ അവസ്ഥ ചിത്രയെ വല്ലാതെ ഉലച്ചുകളഞ്ഞു.

ഒരിക്കല്‍ ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയില്‍ 'അനുരാഗി' എന്ന ചിത്രത്തിലെ പാട്ടുകളുടെ റെക്കോഡിങ് നടക്കുകയായിരുന്നു. യൂസഫലി കേച്ചേരി വരികളെഴുതി, ഗംഗൈ അമരന്‍ ഈണമിട്ട 'ഏകാന്തതേ നീയും അനുരാഗിയോ...' എന്ന പാട്ടാണ് റെക്കോഡ് ചെയ്യുന്നത്. വരികളും ഈണവും ഹൃദിസ്ഥമാക്കിയ ശേഷം, ചിത്ര റെക്കോഡിങ്ങിനായി വോയ്സ് റൂമിലേക്ക് കടന്നു. പതുക്കെ പാട്ടില്‍ അലിഞ്ഞ ചിത്ര, പാടുന്നത് എങ്ങനെയുണ്ടെന്ന് അറിയാന്‍ പതിവുപോലെ അച്ഛനെ നോക്കി. അപ്പോള്‍ സോഫയില്‍ ചാരിക്കിടക്കുകയായിരുന്നു അദ്ദേഹം. കവിളിനെ ബാധിച്ച അര്‍ബുദം മോണയിലേക്കും പടര്‍ന്നു തുടങ്ങിയ സമയമായിരുന്നു അത്. കടുത്ത വേദന സഹിച്ചാണ് അദ്ദേഹം അവിടെയിരുന്നത്. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ചിരിച്ചും, തലയാട്ടിയും പ്രോത്സാഹിപ്പിക്കാറുള്ള അച്ഛന്റെ ആ അവസ്ഥ ചിത്രയെ വല്ലാതെ ഉലച്ചുകളഞ്ഞു.

Singer K S Chithra
ജ്യോതിഷി പറഞ്ഞു, ഒഴിവാക്കിയ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തി; പിറന്നത് സൂപ്പര്‍ ഹിറ്റ്

ഒരുവിധം ചിത്ര പാട്ട് പാടി അവസാനിപ്പിച്ചു. സിനിമാ സംഗീതം എന്നന്നേക്കുമായി അവസാനിപ്പിക്കാനും കൂടി ചിത്ര അതിനൊപ്പം തീരുമാനമെടുത്തിരുന്നു. 'എനിക്ക് മതിയായി. ഇത്രയൊക്കെ പാടിയത് തന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട' എന്നായിരുന്നു ചിത്രയുടെ തീരുമാനം. ശേഷിച്ച റെക്കോഡിങ്ങുകളെല്ലാം റദ്ദാക്കിയ ചിത്ര അച്ഛനൊപ്പം അന്നുതന്നെ നാട്ടിലേക്ക് മടങ്ങി. അച്ഛനെക്കുറിച്ചല്ലാതെ മറ്റൊന്നും ചിത്ര ആലോചിച്ചില്ല. എന്നാല്‍ മകളുടെ തീരുമാനത്തോട് പൊരുത്തപ്പെടാന്‍ കൃഷ്ണന്‍ നായര്‍ക്ക് സാധിച്ചില്ല. മകള്‍ വലിയ വലിയ വേദികളിലേക്ക് സഞ്ചരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ഒടുവില്‍ അച്ഛന്റെ സ്നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചിത്ര തീരുമാനം മാറ്റി.

'വോയ്സ് റൂമില്‍ കരയുന്ന ഡാഡിക്കു മുന്നില്‍ നിന്നുകൊണ്ട് എങ്ങനെയാണ് ആ പാട്ട് പാടി തീര്‍ത്തതെന്ന് ഇന്നും അറിയില്ലെന്ന്' ചിത്ര തന്നെ പിന്നീട് പറഞ്ഞിരുന്നു. 'അന്ന് പാട്ട് നിര്‍ത്തിയിരുന്നെങ്കില്‍ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആകുമായിരുന്നു അത്. അര്‍ബുദത്തേക്കാള്‍ വലിയ വേദനയായി ഡാഡിക്ക് അത് മാറിയേനെ' എന്നും ചിത്ര പറഞ്ഞിട്ടുണ്ട്. മകള്‍ രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള ആദ്യ പുരസ്കാരം വാങ്ങുന്നത് കണ്ടശേഷമാണ് ആ അച്ഛന്‍ വിട പറഞ്ഞത്. 1985ല്‍ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തില്‍ ഇളരാജ ഈണമിട്ട 'പാടറിയേന്‍ പടിപ്പറിയേന്‍...' എന്ന പാട്ടിലൂടെയാണ് ചിത്ര ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കുന്നത്. 1986ലായിരുന്നു അച്ഛന്‍ കൃഷ്ണന്‍ നായരുടെ വിയോഗം.

Singer K S Chithra
മലയാള സിനിമയ്ക്ക് പാട്ടുണ്ടാക്കാന്‍ ഒരു തമിഴനോ? ലങ്കാദഹനം നേരിട്ട 'വേറിട്ട' വിമര്‍ശനം

ഏറെ കാത്തിരുന്നശേഷം ലഭിച്ച മകള്‍ നന്ദനയുടെ അപ്രതീക്ഷിത വിയോഗമാണ് ചിത്രയെ ഉലച്ച രണ്ടാമത്തെ ജീവിതാനുഭവം. 1987ലായിരുന്നു ചിത്രയും എഞ്ചിനീയറായ വിജയ് ശങ്കറും തമ്മിലുള്ള വിവാഹം. നീണ്ട കാത്തിരിപ്പിനൊടുവില്‍, 2002ലാണ് ഇരുവര്‍ക്കും മകള്‍ ജനിക്കുന്നത്. 'നന്ദനം' സിനിമ റിലീസ് ചെയ്ത സമയമായിരുന്നു അത്. ചിത്രത്തിലെ 'കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍...' എന്ന കൃഷ്ണഭക്തി തുളുമ്പുന്ന ചിത്രയുടെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അങ്ങനെ കുഞ്ഞിന് ഇരുവരും നന്ദന എന്ന് പേര് നല്‍കി.

പക്ഷേ, ചിത്രയുടെയും വിജയ് ശങ്കറിന്റെയും സന്തോഷത്തിന് അധികായുസുണ്ടായില്ല. 2011ല്‍ ദുബായിയിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് കുഞ്ഞ് മരിച്ചു. എ.ആര്‍. റഹ്മാന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ ചിത്ര, ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും പേറിയാണ് അന്ന് തിരിച്ചുപോന്നത്. പിന്നാലെ സംഗീതലോകത്തുനിന്ന് ചിത്ര മാറിനിന്നു. മകളുടെ ഓര്‍മയില്‍ മൗനത്തിലൊളിച്ച നാളുകള്‍, സംഗീത ജീവിതത്തില്‍ ചെറിയ ഇടവേളയുണ്ടായി. എന്നാല്‍, എല്ലാത്തിനെയും അതിജീവിക്കാന്‍ സംഗീതമാണ് നല്ലതെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി, ചിത്ര പാട്ടിന്റെ വഴിയില്‍ തിരിച്ചെത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com