
'തുടരും' സിനിമയ്ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഹൃദയപൂർവ്വത്തിലെ ഗാനം പുറത്തിറങ്ങി. സിദ്ധ് ശ്രീറാം ആണ് 'വെൺമതി' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. മാളവിക മോഹനൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം മാളവികയുടെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ. നിറ ചിരിയോടെ നിൽക്കുന്ന മോഹൻ ലാലിനെയും രംഗങ്ങളിൽ കാണാം. ഇതിനെല്ലാം ഒപ്പം സിനിമയുടെ ചിത്രീകരണ സമയത്തെ രംഗങ്ങളും കൂട്ടിയിണക്കിയതാണ് വീഡിയോ.
സിനിമയുടെ അനൗൺസ്മെൻ്റിനുശേഷം പുറത്ത് വന്ന മോഹൻലാലിൻ്റെ ലുക്ക് പോലും ചർച്ചയായ സിനിമയാണ് ഹൃദയപൂർവ്വം. അതുകൊണ്ട് തന്നെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ഒരു ഫാമിലി മൂവിയാകും ഇതെന്ന് സത്യൻ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു.
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. അഖിൽ സത്യൻ്റെ കഥയെ ആസ്പദമാക്കി സോനു ടി. പിയാണ് തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ സംവിധാനം ചെയ്യുന്ന ചിത്രം ഫാർസ് ഫിലിംസാണ് തിയേറ്ററിൽ എത്തിക്കുന്നത്. ഓഗസ്റ്റ് 28 ന് ഓണം റിലീസിനായാണ് ചിത്രം എത്തുക.