സിനിമകളില്ല, കൈയില്‍ പൈസയും; 'കടം വാങ്ങാനുള്ള ജാള്യത' ഒടുവിലിനെ സംഗീത സംവിധായകനാക്കി

സിനിമയിലെ തുടക്കക്കാലത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഒടുവിലിനെ രക്ഷിച്ചത് സംഗീതമായിരുന്നു.
Oduvil Unnikrishnan
ഒടുവില്‍ ഉണ്ണികൃഷ്ണന്‍Source: m3db, malayalasangeetham.info
Published on

മലയാള സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കാഴ്ചക്കാരനെ ചിരിപ്പിക്കാനും കണ്ണു നനയിപ്പിക്കാനും ഒരുപോലെ കഴിവുള്ള നടന്‍. ഏത് വികാരവിക്ഷോഭങ്ങളെയും അത്രമേല്‍ അനായാസമായാണ് ഒടുവില്‍ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ചിരുന്നത്. 'ഏത് കഥാപാത്രത്തിനും പാകമായ ഉരുവം' എന്നായിരുന്നു സംവിധായകന്‍ ഭരതന്‍ ഒടുവിലിനെ വിശേഷിപ്പിച്ചത്. ഹാസ്യനടനായും സ്വഭാവ നടനായുമൊക്കെ തിരശീലയില്‍ പകര്‍ന്നാടിയ ഒടുവില്‍ പ്രേക്ഷക പ്രശംസയ്ക്കൊപ്പം പുരസ്കാരങ്ങളും സ്വന്തമാക്കി. സംഗീതവഴിയിലൂടെയായിരുന്നു ഒടുവില്‍ അഭിനയലോകത്തെത്തിയത്. സിനിമയിലെ തുടക്കക്കാലത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഒടുവിലിനെ രക്ഷിച്ചതും സംഗീതമായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന സംഗീത സംവിധായകനെ മലയാളികള്‍ അറിയാനും അത് കാരണമായി.

തൃശൂരില്‍ വടക്കഞ്ചേരിയിലായിരുന്നു ഒടുവിലിന്റെ ജനനം. കുട്ടിക്കാലംതൊട്ടേ സംഗീതത്തില്‍ തല്പരനായിരുന്ന ഒടുവില്‍ കര്‍ണാടക സംഗീതം, മൃദംഗം, തബല എന്നിവ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവ പണിക്കരുടെ കീഴിലായിരുന്നു സംഗീത പഠനം. ഓര്‍ക്കസ്ട്രകളില്‍ മൃദംഗവും തബലയുമൊക്കെ വായിച്ച് ശ്രദ്ധേയനായതോടെ കെപിഎസി, കേരള കലാവേദി പോലുള്ള നാടക ട്രൂപ്പുകളില്‍ ഒടുവില്‍ തബലിസ്റ്റ് ആയി. നാടകങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളും ലഭിച്ചുതുടങ്ങി. തോപ്പില്‍ ഭാസിയായിരുന്നു ഒടുവിലിലെ നടന് തിളങ്ങാന്‍ അവസരം കൊടുത്തത്.

പിന്നാലെ, 1973ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. എങ്കിലും ആദ്യം പുറത്തുവന്നത് വിന്‍സെന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു. അവിടെ തുടങ്ങിയ ഒടുവില്‍ വിന്‍സെന്റ്, തോപ്പില്‍ ഭാസി, ഭരതന്‍, ഹരിഹരന്‍, സിബി മലയില്‍, ഐ.വി. ശശി, അടൂര്‍ ഗോപാലകൃഷ്ണന്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട് എന്നിങ്ങനെ സംവിധായകര്‍ക്കൊപ്പം നിരവധി കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു. മികച്ച നടനും സഹനടനുമുള്ള സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കി.

സംഗീത സംവിധായകനെന്ന നിലയില്‍ ആറ് ആല്‍ബങ്ങള്‍ക്കാണ് ഒടുവില്‍ ഈണമിട്ടത്. 1984ല്‍ പുറത്തിറങ്ങിയ പൂങ്കാവനം എന്ന ആല്‍ബത്തില്‍ 10 അയ്യപ്പ ഭക്തിഗാനങ്ങളാണ് ഉണ്ടായിരുന്നത്. ചിറ്റൂര്‍ ഗോപിയെഴുതിയ പാട്ടുകള്‍ ഒടുവിലിന്റെ ഈണത്തില്‍ പി. ജയചന്ദ്രനാണ് ആലപിച്ചത്. എച്ച്എംവി ആണ് ഡിസ്ക് വിപണിയിലിറക്കിയത്. പാട്ടെഴുതിയ ആളും സംഗീത സംവിധായകനും കംപോസിങ്ങിനോ, റെക്കോഡിങ്ങിനോ പോലും ഒരുമിച്ചു വന്നില്ല എന്ന കൗതുകവുമുണ്ട് പൂങ്കാവനത്തിന്.

എച്ച്എംവിയില്‍നിന്ന് ഗോപിയെ വിളിച്ച് പത്ത് അയ്യപ്പ ഭക്തിഗാനങ്ങള്‍ വേണമെന്ന് പറയുന്നു. ആരാണ് സംഗീതം ചെയ്യുന്നതെന്ന ഗോപിയുടെ ചോദ്യത്തിന് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന് അവര്‍ മറുപടി കൊടുത്തു. ഗോപിക്ക് അത് പുതിയ അറിവായിരുന്നു. ഗോപി വരികളെഴുതി എച്ച്എംവിക്ക് കൈമാറി. അവരാണ് അത് ഒടുവിലിനെ ഏല്‍പ്പിച്ചത്. അങ്ങനെ വരികള്‍ എഴുതിയശേഷമാണ് അതിന് ഈണമൊരുക്കിയത്. കംപോസിങ്ങിനോ, ചെന്നൈയില്‍ നടന്ന റെക്കോഡിങ്ങിനോ ഗോപി ഉണ്ടായിരുന്നില്ല. ഡിസ്ക് ഇറങ്ങിയശേഷമാണ് ഗോപി പാട്ടുകള്‍ കേള്‍ക്കുന്നത്. ജയചന്ദ്രന്റെ ഭാവതീവ്രമായ ശബ്ദത്തില്‍ പാട്ടുകള്‍ കേട്ടപ്പോള്‍ മാത്രമാണ് ഒടുവിലിന്റെ സംഗീതജ്ഞാനം ഗോപി ശരിക്കും തിരിച്ചറിഞ്ഞത്.

Oduvil Unnikrishnan
സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചു; 'ഇന്ത്യ'ക്ക് പകരം 'ലോകം' ഭ്രാന്താലയമായി; മലയാളത്തിന് കിട്ടി രണ്ട് ദേശീയ പുരസ്കാരം

അതേവര്‍ഷം തന്നെയാണ് സരിഗമയ്ക്കുവേണ്ടി ശ്രീപാദം എന്ന ഭക്തിഗാന ആല്‍ബത്തിനായി ഒടുവില്‍ സംഗീതം ചെയ്യുന്നത്. ഭരണിക്കാവ് ശിവകുമാര്‍ എഴുതിയ 10 പാട്ടുകളാണ് കാസറ്റില്‍ ഉണ്ടായിരുന്നത്. പി. ജയചന്ദ്രന്‍ തന്നെയായിരുന്നു പ്രധാന ഗായകന്‍. ഗായികമാരായി ധന്യ, സുനന്ദ എന്നിവരുമുണ്ടായിരുന്നു. 1985ല്‍ പരശുറാം എക്സ്പ്രസ് എന്ന പേരിലൊരു കാസറ്റ് പുറത്തിറങ്ങി. മംഗലാപുരം-കന്യാകുമാരി ട്രെയിന്‍ യാത്ര പോലെയായിരുന്നു അതിലെ പാട്ടുകള്‍. പുഴയും നദിയും സ്ഥലങ്ങളും ഐതിഹ്യങ്ങളും ചരിത്രങ്ങളുമൊക്കെ പറയുന്ന പാട്ടുകള്‍ എഴുതിയത് ബിച്ചു തിരുമല ആയിരുന്നു. കെ.പി. ബ്രഹ്മാനന്ദന്‍, കെ.എസ്. ചിത്ര, കൃഷ്ണചന്ദ്രന്‍, എന്‍. ലതിക എന്നിവരായിരുന്നു ഗായകര്‍.

1985ല്‍ മധുര കാസറ്റ്സിനുവേണ്ടി ദശപുഷ്പം എന്ന ആല്‍ബം ചെയ്തു. ബിച്ചു തിരുമല എഴുതിയ പത്ത് പാട്ടുകളാണ് ആല്‍ബത്തിലുണ്ടായിരുന്നത്. അതുകൊണ്ടാണ് ബിച്ചു തിരുമല ദശപുഷ്പം എന്ന് ആല്‍ബത്തിന് പേര് നല്‍കിയത്. പാട്ടുകളെല്ലാം റെക്കോഡിങ് ചെയ്ത് കഴിഞ്ഞപ്പോള്‍, കാസറ്റില്‍ സമയം തികയ്ക്കുന്നതിനായി ഒരു പാട്ട് കൂടി വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. ബിച്ചു തിരുമലയുമായി ചേര്‍ന്ന് വേഗം ഒരു പാട്ട് കൂടി റെഡിയാക്കി. അങ്ങനെ ദശപുഷ്പം എന്ന പേരിലിറങ്ങിയ ആല്‍ബത്തില്‍ പതിനൊന്ന് പാട്ടുകളുണ്ടായി. ജയചന്ദ്രന്‍ തന്നെയാണ് എല്ലാ പാട്ടുകളും പാടിയത്.

Oduvil Unnikrishnan
World Music Day | ചിത്രയുടെ പാട്ട് കേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍

ബാബുരാജ് കലമ്പൂര്‍ വരികളെഴുതി, ഒടുവിലിന്റെ ഈണത്തില്‍ പിറന്നതാണ് സംഗീതമാല്യം എന്ന ആല്‍ബം. ഒന്‍പത് പാട്ടുകളാണ് ആല്‍ബത്തിലുണ്ടായിരുന്നത്. സുജാത മോഹന്‍, ഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍ എന്നിവരായിരുന്നു ഗായകര്‍. പൂവച്ചല്‍ ഖാദര്‍ വരികളെഴുതിയ ആല്‍ബമാണ് പമ്പാതീര്‍ത്ഥം. എച്ച്എംവിയാണ് കാസറ്റ് പുറത്തിറക്കിയത്. 10 പാട്ടുകളാണുണ്ടായിരുന്നത്. ജയചന്ദ്രനും സുനന്ദയുമായിരുന്നു ഗായകര്‍. ഒടുവില്‍ ഈണമിട്ട ആറ് ആല്‍ബങ്ങളില്‍, പരശുറാം എക്സ്പ്രസ് ഒഴികെ എല്ലാം ഭക്തിഗാന കാസറ്റുകളായിരുന്നു.

1993ല്‍ 'ഭരതേട്ടൻ വരുന്നു' എന്ന ചിത്രത്തിലൂടെ സിനിമ സംഗീത സംവിധാനത്തിലേക്കും ഒടുവില്‍ കടന്നിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ കഥയ്ക്ക് രഞ്ജിത്ത് തിരക്കഥയും സംഭാഷണവും ഒരുക്കി, രവി ഗുപ്തന്റെ സംവിധാനത്തിലായിരുന്നു ചിത്രം തുടങ്ങിയത്. സര്‍വം സഹ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത നദിയ മൊയ്തുവിന്റെ തിരിച്ചുവരവ് ചിത്രം എന്ന പേരിലായിരുന്നു പ്രഖ്യാപനം. മുകേഷ്, ജഗതി ശ്രീകുമാര്‍, ഒടുവില്‍, മണിയന്‍ പിള്ള രാജു, വിജയരാഘവന്‍, കനകലത എന്നിങ്ങനെ നീണ്ട താരനിരയും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുടങ്ങി. ബിച്ചു തിരുമലയാണ് ചിത്രങ്ങള്‍ക്ക് പാട്ടുകളെഴുതിയത്. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, അരുന്ധതി, ശ്രീകാന്ത്, വിനു ആനന്ദ് എന്നിവരായിരുന്നു ഗായകര്‍. മൂന്ന് ഗാനങ്ങള്‍ റെക്കോഡ് ചെയ്തിരുന്നെങ്കിലും അത് പുറത്തിറങ്ങിയില്ല.

Oduvil Unnikrishnan
മലയാള സിനിമയ്ക്ക് പാട്ടുണ്ടാക്കാന്‍ ഒരു തമിഴനോ? ലങ്കാദഹനം നേരിട്ട 'വേറിട്ട' വിമര്‍ശനം

സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളിലാണ് ഒടുവില്‍ സംഗീത സംവിധാനത്തിലേക്ക് കടന്നത്. അതിന് കരുത്ത് പകര്‍ന്നത് ഗായകന്‍ ജയചന്ദ്രനായിരുന്നു. 1973ലായിരുന്നു ഒടുവിലിന്റെ സിനിമാപ്രവേശം. പക്ഷേ, ഒന്നും ഒറ്റയുമായാണ് സിനിമകള്‍ ലഭിച്ചിരുന്നത്. സാമ്പത്തികമായി വളരെ ക്ലേശം നിറഞ്ഞ നാളുകളായിരുന്നു അത്. മാസങ്ങളോളം പൈസയൊന്നും ഇല്ലാതെ കഴിഞ്ഞിരുന്ന നാളുകള്‍. കടം മേടിക്കാന്‍ ജാള്യത ആയിരുന്നു. അങ്ങനെയിരിക്കെയാണ് ഗായകന്‍ ജയചന്ദ്രനെ വിളിക്കുന്നത്. കുടുംബബന്ധത്തിനപ്പുറം ഒടുവിലിന് വളരെയടുത്ത സൗഹൃദമുണ്ടായിരുന്നു ജയചന്ദ്രനുമായി. കുറച്ചു പാട്ടുകള്‍ക്ക് ഈണമിട്ടു വെച്ചിട്ടുണ്ടെന്ന് ഒടുവില്‍ ജയചന്ദ്രനോട് പറഞ്ഞു. ഒടുവിലിന്റെ സംഗീതവാസന അറിയാവുന്ന ജയചന്ദ്രന്‍ അതൊന്ന് കേള്‍ക്കണമെന്നായി.

അങ്ങനെ ഈണമിട്ട പാട്ടുകള്‍ ഒരു കാസറ്റില്‍ റെക്കോഡ് ചെയ്ത് കൊടുത്തു. ജയചന്ദ്രന്‍ അത് ഒരു മ്യൂസിക്ക് പ്രൊഡക്ഷന്‍ കമ്പനിയെ കേള്‍പ്പിച്ചു. അവര്‍ക്കത് ഇഷ്ടപ്പെട്ടതോടെ, ഒടുവിലിന്റെ ഈണത്തില്‍ പാട്ടുകളുടെ റെക്കോഡിന് അവസരമൊരുങ്ങി. ജയചന്ദ്രന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ മാത്രം വിശ്വസിച്ചാണ് പ്രൊഡക്ഷന്‍ കമ്പനി പരീക്ഷിക്കാന്‍ തയ്യാറായതെന്ന് ഒടുവിലും പിന്നീട് പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com