
സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതിരുന്നൊരു കാലത്ത്, സവര്‍ണ അധികാര, ധിക്കാരങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞുകൊണ്ടാണ് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത്. കീഴാളര്‍ വില്ലുവണ്ടി വാങ്ങുന്നതുപോലും കടുത്ത അപരാധമായിരുന്ന കാലമായിരുന്നു അത്. മകള്‍ പഞ്ചമിയുടെ പഠിപ്പ് മുടക്കിയ സവര്‍ണ മേലാളന്മാരുടെ പള്ളിക്കൂട മുറ്റത്തെത്തി, 'ഏങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടത്ത് മുട്ടിപ്പുല്ല് മുളപ്പിക്കും' എന്ന് തന്റേടത്തോടെ പറഞ്ഞു. അത് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സമരമായി. കേരളത്തിലെ ആദ്യ പണിമുടക്ക് സമരം, കര്‍ഷക സമരം എന്നിങ്ങനെ ചരിത്രം അതിനെ രേഖപ്പെടുത്തി. അയിത്തജാതിക്കാരെന്ന് വിളിച്ച് ആട്ടിയോടിക്കപ്പെട്ടവരിലേക്ക് മാറ്റത്തിന്റെയും പുതിയ ചിന്തയുടെയും വിത്തുപാകി അയ്യങ്കാളി. ഒരു ജനതയുടെ, സമൂഹത്തിന്റെ ചെറുത്തുനില്‍പ്പിന്റെയും സാമുഹിക മുന്നേറ്റത്തിന്റെയും ചരിത്രത്തിന് അവിടെ തുടക്കമായി.
കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളില്‍ അയ്യങ്കാളിയുടെ സംഭാവനകള്‍ പുസ്തകങ്ങളായും, ലേഖനങ്ങളായുമൊക്കെ പുറത്തുവന്നിട്ടുണ്ട്. അയ്യങ്കാളി സ്മൃതിഗീതങ്ങളും പാട്ടുകളും ഏറെയുണ്ട്. സാമുഹിക പ്രസക്തമായ ഇത്തരം പാട്ടുകളില്‍ മുന്നിലാണ് 'വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ?' എന്ന പാട്ട്. ഗോപാല്‍ജി വള്ളികുന്നം എഴുതി, ഈണമിട്ട് പി.എസ്. ബാനര്‍ജിയും വീണയും ചേര്‍ന്നാണ് പാട്ട് പാടിയത്. അഞ്ചല്‍ വേണുവാണ് ഓര്‍ക്കസ്ട്രേഷന്‍.
അയ്യങ്കാളിയുടെ സമരപോരാട്ടവും അതുണ്ടാക്കിയ സാമുഹികമാറ്റവുമൊക്കെയാണ് പാട്ടില്‍ പറയുന്നത്. എന്നാല്‍ ഒരിടത്തുപോലും അയ്യങ്കാളി എന്ന പദപ്രയോഗം ഇല്ലാ എന്നത് ശ്രദ്ധേയം. വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ... കല്ലുമാല പറിച്ചെറിഞ്ഞതും ആരുടെ വരവോ... എന്നിങ്ങനെ തുടങ്ങി, അയ്യങ്കാളി നടത്തിയ സാമുഹിക പരിഷ്കാരങ്ങളെ വര്‍ണിക്കുകയാണ്. പേര് പറയുന്നില്ലെങ്കിലും ഓരോ വരിയിലും അയ്യങ്കാളിയെ നിറച്ചുവെച്ചിരിക്കുന്നു. പാടുന്നവന്റെയും പാട്ട് കേള്‍ക്കുന്നവന്റെയും മനസിലേക്ക് വരികളിലെ ചോദ്യങ്ങളുടെയെല്ലാം ഉത്തരമായി അയ്യങ്കാളി നിറഞ്ഞെത്തും എന്നതിന് രണ്ട് പക്ഷമില്ല. അതു തന്നെയാണ് വേണ്ടതും.
വിത്തെറിഞ്ഞൊരു കൈകളെ വിയര്‍പ്പണിഞ്ഞൊരു മെയ്യ്കളെ/ ഉരുക്കുപോലെ ഉറച്ചതാക്കിയതാരുടെ വരവോ?/ പാഠശാല തടഞ്ഞകാലം പാടമാകെ പണിമുടക്കി/ പുത്തനാമിതിഹാസം എഴുതിയതാരുടെ വരവോ? / കട്ട കുത്തും കൈകളെ കലപ്പയേന്തും കൈകളെ / ഉടച്ചുവാര്‍ത്തു കരുത്തരാക്കിയതാരുടെ വരവോ/ നാ ചരിക്കും വഴിപോലും നടക്കാനവകാശമില്ലാ-/ കാലമങ്ങ് തകര്‍ത്തെറിഞ്ഞതാരുടെ വരവോ?/ വളയണിഞ്ഞൊരു കൈകളെ നെല്‍ക്കതിരുകൊയ്യും കൈകളെ/ ചെറുത്തുനില്‍പ്പിന്‍ കൈകളാക്കിയതാരുടെ വരവോ?/ മാര്‍മറച്ചാല്‍ മാറരിയും ജാതി മേലാളര്‍ക്കുനേരെ/ മാര്‍മറച്ച് നിവര്‍ന്നുനിര്‍ത്തിയതാരുടെ വരവോ... എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍.
അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ ബാനര്‍ജി എന്ന കലാകാരന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്നുകൂടിയാണ് വില്ലുവണ്ടി. ബാനര്‍ജിയുടെ ശബ്ദവും, ആലാപനശൈലിയുമാണ് പാട്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. നാടന്‍ പാട്ട് കലാകാരന്‍, കവി, കാരിക്കേച്ചറിസ്റ്റ്, ശില്‍പ്പി എന്നിങ്ങനെ പ്രശസ്തനായ ബാനര്‍ജി കോവിഡ് കാലത്താണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. ബാനര്‍ജി രൂപീകരിച്ച കനല്‍ ഫോക്ക് ബാന്‍ഡിന്റെ ഷോകളില്‍ കേട്ടിരുന്ന പാട്ട് ഇപ്പോഴും സംഘം വേദികളില്‍ അവതരിപ്പിക്കുന്നുണ്ട്.