

മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്, 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ സാംസ്കാരിക സമ്പന്നരായ കേരളത്തില്‍ വലിയൊരു ചര്‍ച്ച ഉരുവംകൊണ്ടിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരത്തിന് നഞ്ചിയമ്മയെ തിരഞ്ഞെടുത്തതാണ് അന്ന് 'ശുദ്ധസംഗീത വാദികളെയും' അല്ലാത്തവരെയുമൊക്കെ അലോസരപ്പെടുത്തിയത്. വര്‍ഷങ്ങളായി സംഗീത സപര്യ തുടരുന്നവരുടെയും, കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ ആറാടുന്നവരെയുമൊക്കെ ഉദാഹരിച്ചാണ് അന്ന് നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം കൊടുത്തതിലെ സാംഗത്യത്തെ പലരും വിമര്‍ശിച്ചത്. വലിയൊരു സമൂഹം നഞ്ചിയമ്മയുടെ നേട്ടത്തില്‍ സന്തോഷിച്ചപ്പോള്‍ തന്നെയായിരുന്നു ഇത്. ഇന്ന് വേടന് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോഴും അങ്ങനെ തന്നെ. മണ്‍മറഞ്ഞ വയലാറിനെയും പി. ഭാസ്കരനെയും ഒ.എന്‍.വിയെയും തുടങ്ങി പുതിയകാലത്തെ ഗാനരചയിതാക്കളോട് വരെ താരതമ്യപ്പെടുത്തിയാണ് വേടനെ വിമര്‍ശിക്കുന്നത്.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന പാട്ടാണ് നഞ്ചിയമ്മയെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഇരുള ഭാഷയിലെ ഗാനം നഞ്ചിയമ്മ തന്നെയാണ് എഴുതിയത്. കംപോസ് ചെയ്തത് ജേക്സ് ബിജോയിയും. അട്ടപ്പാടിയില്‍ നിന്നുള്ള കലാകാരന്മാരായിരുന്നു തനത് വാദ്യോപകരണങ്ങളാല്‍ പാട്ടിന് പിന്നണി തീര്‍ത്തത്. ശാസ്ത്രീയമായി സംഗീതം പഠിച്ച ഒട്ടനവധി ഗായകരുള്ളപ്പോള്‍ നഞ്ചിയമ്മ എങ്ങനെ മികച്ച ഗായികയായി എന്നായിരുന്നു സംഗീതജ്ഞനെന്ന് പറയുന്നൊരാള്‍ അന്ന് പ്രതികരിച്ചത്. ഒരു മാസം സമയം കൊടുത്താല്‍ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ല. പിച്ച് ഇട്ടുകൊടുത്താല്‍ അതിനനുസരിച്ച് പാടാനും കഴിയില്ല. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ പുരസ്കാരം അപമാനമായി തോന്നില്ലേ? പ്രത്യേക ജൂറി പരാമര്‍ശം ആയിരുന്നു നല്‍കേണ്ടിയിരുന്നത് എന്നിങ്ങനെ ഫേസ്ബുക്കില്‍ അന്ന് അദ്ദേഹം പങ്കുവച്ച വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണുണ്ടായത്. മലയാളത്തിലെ ചില സംഗീത സംവിധായകരും, ഗായകരും ഉള്‍പ്പെടെ നഞ്ചിയമ്മയെ പിന്തുണച്ചപ്പോഴും, വലിയൊരു വിഭാഗം വിയോജിച്ചു. ചിലരാകട്ടെ, സൗകര്യപൂര്‍വം മൗനം പാലിച്ചു.
കലാരംഗത്ത് തുടരുന്ന വംശീയ, ജാതീയ വേര്‍തിരിവിനെ പൊതിഞ്ഞുവയ്ക്കുന്നതായിരുന്നു നഞ്ചിയമ്മയ്ക്കെതിരായ വിമര്‍ശനങ്ങളത്രയും. അതിനെ എതിര്‍ത്തുകൊണ്ട് മലയാള സിനിമ, സംഗീത മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തി എന്നതായിരുന്നു ആശ്വാസം. നഞ്ചിയമ്മയുടെ സംഗീതത്തെ അറിയാതെയാണ് അവരെ എതിര്‍ക്കുന്നതെന്ന വലിയ പ്രതികരണമായിരുന്നു സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അന്ന് മുന്നോട്ടുവച്ചത്. സിനിമ ഉപയോഗിക്കുന്ന ഒരു സംഗീതധാര മാത്രമാണ് കര്‍ണാട്ടിക്ക്. പഴയകാലം മുതല്‍ ഇപ്പോള്‍ വരെയുള്ള വിവിധ വിഭാഗത്തിലുള്ള സംഗീതത്തെ സിനിമാഗാനങ്ങളില്‍ ഉള്‍പ്പെടുത്താം. അതുകൊണ്ട് നഞ്ചിയമ്മയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ കാര്യമില്ല. കര്‍ണാട്ടിക്കിനേക്കാള്‍ പഴക്കമുള്ള പാന്‍ സംഗീതമാണ് നഞ്ചിയമ്മ പാടിയിരിക്കുന്നത്. നഞ്ചിയമ്മ പാടിയ പാട്ടും ഒരു രാഗത്തിലാണ്. വിമര്‍ശകര്‍ക്ക് അതുപോലും അറിയില്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് ഏത് മേളകര്‍ത്താ രാഗത്തിലാണ് ആ പാട്ടെന്ന് പറയാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കലയെ വിശാലാടിസ്ഥാനത്തില്‍ നോക്കിക്കാണാനുള്ള ടെംപര്‍ പോലും ഇല്ലാത്തവരായിരുന്നു നഞ്ചിയമ്മയ്ക്കെതിരെ രംഗത്തെത്തിയത്. ഗോത്ര സംഗീതത്തെയും ഗോത്ര കലാകാരന്മാരെയും അംഗീകരിക്കാന്‍ വൈമനസ്യമുള്ളവരുടെ ഉള്ളില്‍ നിറയുന്ന ദുര തന്നെയാണ് പുറത്തുവന്നുകൊണ്ടിരുന്നത്. കലാസാംസ്കാരിക മേഖലയില്‍ ജാതിയും സാമൂഹികാധികാരവും വരേണ്യബോധവും എത്രത്തോളം പിടിമുറുക്കിയിട്ടുണ്ടെന്നതിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ് ഇത്തരം വിമര്‍ശനങ്ങള്‍. കാലങ്ങളായി തങ്ങളുടേത് മാത്രമെന്ന് കരുതിവെച്ചിരുന്ന കലാസാംസ്കാരിക ഇടങ്ങളിലേക്ക്, അപ്രതീക്ഷിതമായി ചിലരെങ്കിലും കടന്നുവരുന്നതും അവര്‍ ജനകീയരാകുന്നതും അംഗീകരിക്കപ്പെടുന്നതുമൊക്കെയാണ് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. അതുകൊണ്ടാണ്, ഇത്തരം സംഭവങ്ങളില്‍ തങ്ങള്‍ക്ക് സ്വീകാര്യനല്ലെങ്കില്‍ മാത്രം വിമര്‍ശനം/ആക്രമണം ഉയരാറുള്ളത്. കേരളക്കരയാകെ പാടി തിമിര്‍ത്ത ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ജാസി ഗിഫ്റ്റ് പലകോണുകളില്‍നിന്ന് നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും വരികളെഴുതിയ കൈതപ്രവും, അത്തരമൊരു പരീക്ഷണഗാനത്തെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ ജയരാജും സേഫായിരുന്നു.
വേടനിലേക്കെത്തുമ്പോള്‍ വിമര്‍ശനങ്ങള്‍ പല തരത്തിലാണ്. വേടന്റെ വരികളെക്കുറിച്ചാണ് പലര്‍ക്കും ആവലാതി. വേടനൊരു കവിയല്ലെന്ന് പറയാന്‍ അവര്‍ വയലാറിനെയും ഭാസ്കരന്‍ മാസ്റ്ററെയും ഒഎന്‍വിയെയുമൊക്കെ കൂട്ടുപിടിക്കുന്നു. വയലാര്‍ എഴുതുമോ ഇതുപോലെ എന്നാണ് പരിഹാസം. നിങ്ങളില്‍ എത്രപേര്‍ വയലാറിന്റെ രചനകളെ ശ്രദ്ധയോടെ നോക്കിയിട്ടുണ്ട് എന്ന് തിരിച്ചുചോദിച്ചാല്‍ പൊളിഞ്ഞുവീഴും കപടമുഖം. വിപ്ലവവും പ്രണയവും ശാസ്ത്രവും മാത്രമായിരുന്നില്ലല്ലോ വയലാര്‍ എഴുതിയിരുന്നതെന്ന് വിമര്‍ശിച്ചാല്‍, സിനിമയ്ക്ക് എഴുതുമ്പോള്‍ അതൊക്കെ സ്വാഭാവികമെന്നൊരു മറുപടിയും തെളിഞ്ഞുവരും. കാരണം ഒന്നേയുള്ളൂ, ഈ പറഞ്ഞവരൊക്കെ അവര്‍ക്ക് സ്വീകാര്യരാണ്. അതുകൊണ്ടാണ് പുതിയകാലത്തെ രചനയ്ക്കും, സംഗീതത്തിനും വയലാര്‍, പി. ഭാസ്കരന്‍, ഒഎന്‍വി എന്നിവരൊക്കെ അളവുകോലാകുന്നത്. ഇരട്ടത്താപ്പ് മറയ്ക്കാന്‍ ആ പട്ടികയിലേക്ക് പുതിയ കാലത്തെ ഗാനരചയിതാക്കളെയും കൂടി അണിനിരത്തുന്നുവെന്ന് മാത്രം.
വയലാര്‍ എഴുതുമോ ഇങ്ങനെ എന്ന് ചോദിക്കുന്നവര്‍ക്ക് ജൂറി ചെയര്‍മാനായ പ്രകാശ് രാജിന്റെ വാക്കുകളാണ് ഉത്തരം. ഇന്നത്തെ തലമുറയുടെ ശബ്ദമാണ് വേടന്റേത്. ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാടും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആ വരികളും സംഗീതവും പേറുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉള്ളുപൊള്ളിയ അനുഭവങ്ങളുടെ ചൂടും ചൂരുമൊക്കെയാണ് വേടന്റെ സംഗീതത്തെ പരുവപ്പെടുത്തുന്നത്. വൃത്തഗണങ്ങള്‍ കൂട്ടി മാര്‍ക്കിടാനാവാത്ത, പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കരുത്തുണ്ടാകും അതിന്. മഞ്ഞുമ്മല്‍ ബോയ്സിലെ പുരസ്കാരത്തിന് അര്‍ഹമായ വിയര്‍പ്പു തുന്നിയിട്ട കുപ്പായം... എന്ന പാട്ട് അതിലൊന്ന് മാത്രമാണ്. കവിയും ഗാനരചയിതാവുമായ മനോജ് കുറൂര്‍ വേടന്റെ വരികളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇത്ര ലളിതവും ആകർഷകവുമായി, പോയറ്റിക് ആയി പാട്ടിന്റെ ആദ്യവരികൾ എഴുതാനാകുന്നത് വലിയ കാര്യമാണെന്ന് വാക്കുകളോടെയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
"റാപ് ഗാനത്തിന്റെ ചടുലമായ ആലാപനത്തിന് ഇണങ്ങുന്ന മട്ടിലാണ് മുഴുവൻ വരികളും. സിനിമയുടെ സന്ദർഭത്തിനും മൂഡിനുമനുസരിച്ചാണല്ലോ അതിൽ ഗാനങ്ങൾ ചേർക്കുന്നത്. റാപ്പിന്റെ- ഹിപ് ഹോപ്പിന്റെ- രാഷ്ട്രീയം അണ്ടർ ഗ്രൗണ്ട് കൾച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നത്. സമൂഹത്തിന്റെ ഒരു നിയമങ്ങളും അത് കൂട്ടാക്കുകയില്ല; ലാവണ്യനിയമങ്ങളും അങ്ങനെത്തന്നെ. അതിൽ ഏതൊക്കെയാണ് നമുക്ക് സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ചു നമ്മളിരുന്ന് വേവലാതി കൊള്ളുക എന്നത് മാത്രമേ നിർവാഹമുള്ളൂ. അത് പൊതുസമൂഹത്തിന്റെ ഭാഗമായി മാറില്ല. പകരം അത് വിധ്വംസകമായ മറ്റു വഴികൾ തേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ആ സംസ്കാരത്തിന്റെ സവിശേഷതയും അതാണ്. അതിന്റെ രാഷ്ട്രീയം പോസിറ്റീവ്/ നെഗറ്റീവ് എന്നു വേർതിരിക്കാനാവാത്തവിധം വളരെ സങ്കീര്‍ണമാണ്. പിന്നെ, വയലാറും ഭാസ്കരനും ഒഎൻവിയും വരികൾ എഴുതിയ സ്ഥാനത്ത് എന്നൊക്കെ കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നൊരു സംശയം വരുന്നുണ്ട്. ഒന്നാമത്, റാപ്പിന് അങ്ങനെയൊരു ഗാനസംസ്കാരമേയല്ല ഉള്ളത്. അതിനെ അതിന്റെ വഴിക്കു വിടുകയേ പറ്റൂ" -എന്നെഴുതിയ മനോജ് കുറൂര്‍ അനുബന്ധമായി ചില വാചകങ്ങള്‍ കൂടി പറയുന്നുണ്ട്. അതിങ്ങനെയാണ്; "മുമ്പൊരിക്കൽ, ഇപ്പോഴുള്ളതൊന്നും കൊള്ളില്ല എന്നു സ്ഥാപിക്കാൻ മുൻകാലങ്ങളിൽ ജീവിച്ച മഹാന്മാരായ മറ്റു ചിലരെപ്പറ്റി ഗൃഹാതുരത്വംകൊണ്ട ഒരാളോട് എന്റെയൊരു സുഹൃത്ത് പറഞ്ഞതിങ്ങനെ: അവരൊന്നും ഇനി എന്തായാലും ഇങ്ങോട്ടു വരാൻ ഭാവമുണ്ടെന്നു തോന്നുന്നില്ല. താൻ അങ്ങോട്ടു പോവ്വാ ഭേദം!".
സമകാലീന യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് വേടന്റെ പാട്ടുകള്‍. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പും പ്രതിരോധവും, മതവും വര്‍ഗീയതയും, അഭയാര്‍ഥി ജീവിതവും ആഭ്യന്തര-വംശീയ സംഘര്‍ഷങ്ങളുമൊക്കെ ലോകജനതയെ സാരമായി ബാധിക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ആ പാട്ടുകള്‍. അത് പറയാന്‍ വേടന്‍ തിരഞ്ഞെടുത്തത് റാപ് സംഗീതമാണെന്ന് മാത്രം. നൂറ്റാണ്ടിലേറെ പഴക്കമുള്ള റാപ് സംഗീതം മലയാളികള്‍ക്ക് അന്യമൊന്നുമല്ല. പക്ഷേ, റാപ്പില്‍ നാം പ്രതീക്ഷിക്കുന്നതും ഇഷ്ടപ്പെടുന്നതും പ്രണയവും കളിതമാശകളും ഒക്കെയാണെന്നു മാത്രം. അവിടെയാണ് വേടന്റെ തിരുത്ത്. അനുഭവങ്ങളുടെ അകംപൊരുളുകളെയാണ് വാക്കുകളില്‍ തീ നിറച്ച് വേടന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് അത് ഇത്രമേല്‍ സ്വീകരിക്കപ്പെടുന്നത്. പ്രണയവും കാമവും പ്രകൃതിയും കാല്‍പ്പനികതയും ഭക്തിയും മാത്രമല്ല പാട്ടെഴുത്ത്. സംസ്കൃതവാക്കുകള്‍ കൊരുത്തിയിട്ട വരികളെ, ശാസ്ത്രീയ സംഗീതത്തിന്റെ വടിവൊത്ത സ്വരങ്ങളും ഗമകങ്ങളും കൊണ്ട് ചിട്ടപ്പെടുത്തുന്നത് മാത്രവുമല്ല 'നല്ല പാട്ടുകള്‍'. ഗോത്രതാളങ്ങളും നാടന്‍ശീലുകളും വാദ്യങ്ങളും ഗസലും ഖവ്വാലികളുമൊക്കെ ഉള്‍ച്ചേരുമ്പോഴാണ് അത് ബഹുസ്വരമാകുന്നത്. ബഹുജനങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതും, സിനിമ-സിനിമേതര ഗാനങ്ങള്‍ക്ക് സ്വീകാര്യത ഉണ്ടായതും അങ്ങനെയാണ്.
സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയന്‍ എന്നതാണ് വേടനെതിരായ അടുത്ത വിമര്‍ശനം. സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യേണ്ട ഒന്നേയല്ല അത്. കുറ്റാരോപിതന്‍/കുറ്റവാളി/വ്യക്തിജീവിതം അനുകരണീയമല്ലാത്ത ഒരാളുടെ സൃഷ്ടിയെ, അതിപ്പോള്‍ കവിതയോ, കഥയോ, സിനിമയോ, സംഗീതമോ, വരയോ എന്തായാലും എങ്ങനെ സ്വീകരിക്കണം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. അതുകൊണ്ടൊന്നും ഇതുവരെ പരിഹാരവുമായിട്ടില്ല. ആളുകളെയും അവരുടെ സൃഷ്ടികള്‍/ഉത്പന്നങ്ങള്‍/പ്രകടനം എന്നിവയെയും രണ്ടായി കാണണ്ടേതല്ലേ എന്നൊരു ചോദ്യം ഉത്തരം തേടുന്നുമുണ്ട്. അതിനിടയിലേക്കാണ് വേടനെ വലിച്ചിടുന്നത്. ആരോപണവിധേയരായ, കേസില്‍ പ്രതികളായ മഹാനടന്മാര്‍ക്കും കലാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എതിരെ ഉയരാത്ത തരത്തിലൊരു വിമര്‍ശനം വേടന്‍ നേരിടുമ്പോള്‍ മാത്രമാണ്, ഈ കുറ്റംപറച്ചിലുകളൊന്നും അത്ര നിഷ്കളങ്കമല്ലെന്ന തോന്നലുണ്ടാകുന്നത്.
(കടപ്പാട്: മനോജ് കുറൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്, ഡോ. എ.കെ. വാസുവിന്റെ വേടനെക്കുറിച്ചുള്ള വിവിധ ലേഖനങ്ങള്‍)