

ചെന്നൈ: സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ സൂപ്പർ സ്റ്റാർ രജനികാന്തിന് ആദരമർപ്പിച്ച് ഹിന്ദുസ്ഥാൻ ടൈംസ്. ഒടിടി പ്ലേയുമായി സഹകരിച്ച് പത്രത്തിന്റെ ആദ്യ പേജ് രജനിക്കുള്ള എക്സ്ക്ലൂസീവ് ട്രിബ്യൂട്ട് ആക്കി മാറ്റുകയായിരുന്നു. പത്രത്തിന്റെ മാസ്റ്റ് ഹെഡ് 'രജനീകാന്ത് ടൈംസ്' എന്നായിരുന്നു. നിറഞ്ഞു നിന്നത് രജിനിയുടെ ചിത്രവും. ആദ്യമായാണ് ഒരു വ്യക്തിക്കായി ഹിന്ദുസ്ഥാൻ ടൈംസ് തങ്ങളുടെ ആദ്യ പേജ് മാറ്റിവയ്ക്കുന്നത്.
1975ല്‍ 'അപൂര്‍വ രാഗങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിലേക്ക് എത്തുന്നത്. കെ. ബാലചന്ദർ ആയിരുന്നു സംവിധാനം. വില്ലൻ വേഷങ്ങളിൽ തുടങ്ങിയ രജനി വൈകാതെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടന്മാരിൽ ഒരാളായി വളർന്നു. മഹേന്ദ്രന്റെ 'മുള്ളും മലരും' (1978) പോലുള്ള സിനിമകൾ രജനിക്ക് മറ്റൊരു പ്രതിച്ഛായ നൽകി. എം. ഭാസ്കർ സംവിധാനം ചെയ്ത 'ഭൈരവി'യാണ് രജിനി സോളോ നായകനായി എത്തിയ ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരത്തിന് ലഭിക്കുന്നത്.'മുരട്ടുകാളൈ'(1980), 'ദളപതി' (1991), 'അണ്ണാമലൈ' (1992), 'ബാഷ' (1995), 'പടയപ്പ' (1999) എന്നീ ചിത്രങ്ങൾ രജനികാന്തിന്റെ താരപരിവേഷം വാനോളം ഉയർത്തി. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും അതിന് ഒരു കോട്ടവും തട്ടുന്നില്ല.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി 170 ലധികം സിനിമകളിലാണ് നടൻ അഭിനയിച്ചത്. മലയാളത്തിൽ, 'അലാവുദ്ദീനും അത്ഭുതവിളക്കും' (1979) എന്ന ഐ.വി. ശശി ചിത്രത്തിൽ കമൽ ഹാസനൊപ്പം രജനികാന്ത് പ്രത്യക്ഷപ്പെട്ടു. സി. വി. രാജേന്ദ്രന്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ 'ഗർജ്ജനം' എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. 1983ൽ ഇറങ്ങിയ 'അന്ധാ കാനൂൻ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1988ൽ ഹോളിവുഡ് ചിത്രമായ 'ബ്ലഡ് സ്റ്റോണി'ലും രജനി അഭിനയിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' ആണ് അവസാനമായി അഭിനയിച്ച സിനിമ. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന 'ജയ്‌ലർ 2' ആണ് അടുത്ത റിലീസ്. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയുമാണ്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2000 ൽ പത്മഭൂഷണും, 2016 ൽ പത്മവിഭൂഷണും, 2019 ൽ സിനിമാ മേഖലയിലെ ഏറ്റവും ഉയർന്ന അംഗീകാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.