ചെന്നൈയിലെ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി നടി നയൻതാരയും പങ്കാളി വിഘ്‌നേഷ് ശിവനും. 31.5 കോടി രൂപയുടെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
'ലെഗസി' എന്ന റെസിഡൻഷ്യൽ പ്രോജക്ടിന്റെ ഭാഗമായ ഈ അപ്പാർട്ട്മെന്റ് നാല്, അഞ്ച് നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. നയൻതാര-വിഘ്നേഷ് ദമ്പതികളുടെ ഈ അപ്പാർട്ട്‌മെന്റിന് ഏകദേശം 14,369 ചതുരശ്ര അടി വിസ്തീർണമുണ്ട്. എട്ട് റിസർവ്ഡ് കാർ പാർക്കിങ് സ്ലോട്ടുകളാണ് ദമ്പതികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. വസ്തുവിന്റെ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം ഡിസംബറിലാണ് നടന്നത്. പ്രോപ്പർട്ടിയുടെ 90 ശതമാനം ഓഹരിയും നയൻതാരയുടെ പേരിലാണ്. ബാക്കി 10 ശതമാനം വിഘ്‌നേഷ് ശിവന്റെ പേരിലും.
തമിഴ്നാട്ടിലെ ഏറ്റവും സമ്പന്ന പ്രദേശാണ് പോയസ് ഗാർഡൻ. നടന്മാരായ രജനികാന്ത്, ധനുഷ്, അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത (വേദ നിലയം), എന്നിങ്ങനെയുള്ളവരുടെ വസതികൾ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ചെന്നൈ കൂടാതെ ഹൈദരാബാദിലും കേരളത്തിലും നയൻതാരയ്ക്ക് സ്വന്തമായി വീടുകളുണ്ട്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ താരത്തിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അനിൽ രവിപുടി സംവിധാനം ചെയ്ത 'മാന ശങ്കര വര പ്രസാദ് ഗാരു' എന്ന തെലുങ്ക് ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. 'മൂക്കുത്തി അമ്മൻ 2', 'മണ്ണാങ്കട്ടി സിൻസ് 1960', 'ഡിയർ സ്റ്റുഡന്റ്സ്', 'പാട്ട്', 'ടോക്സിക്' എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.