

ഡോൺ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത് പാർവതി തിരുവോത്തും ദിലീഷ് പോത്തനും. പ്രേക്ഷക പ്രശംസ നേടിയ ഫാലിമി എന്ന ചിത്രത്തിന് ശേഷം ഡോൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.പാർവതി തന്നെയാണ് തൻ്റെ ഇൻസ്റ്റ ഗ്രാം പോസ്റ്റിലൂടെ ചിത്രത്തിൻ്റെ ഭാഗമാകുന്ന വിവരം പങ്കുവെച്ചത്.
'ഡോൺ പാലത്തറ സൃഷ്ടിക്കുന്ന ലോകത്തിൻ്റെ ഭാഗമാകുന്നു, പ്രിയപ്പെട്ട ദിലീഷ് പോത്തനൊപ്പം' എന്ന ക്യാപ്ഷനോട് കൂടിയാണ് പുതിയ ചിത്രത്തിൻ്റെ വിവരം പാർവതി പുറത്തുവിട്ടത്. ഉള്ളൊഴുക്കിന് ശേഷം പാർവതിയുടേതായി മലയാളത്തിൽ ചിത്രീകരണമാരംഭിക്കാനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
പാർവതി, ദിലീഷ് പോത്തൻ എന്നിവർക്ക് പുറമേ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. നവംബർ അവസാനത്തോടെ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ജോമോൻ ജേക്കബ് ആണ്. ഡോണ്‍ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അലക്‌സ് ജോസഫ് തന്നെയാണ് ഈ ചിത്രത്തിൻ്റെയും ഛായാഗ്രാഹകൻ.