കൊച്ചി: ബേസിൽ ജോസഫ് നായകനായ 'ഫാലിമി' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. പ്രക്ഷകർ ഏറ്റെടുത്ത ഈ ചിത്രത്തിന് ശേഷം ഒരു മമ്മൂട്ടി ചിത്രമാകും നിതീഷ് സംവിധാനം ചെയ്യുക എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പല കാരണങ്ങളാൽ ഈ പ്രൊജക്ട് നീണ്ടുപോകുകയും സംവിധായകൻ ജീവയെ നായകനാക്കി തമിഴ് സിനിമയിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോഴിതാ, 'തലൈവർ തമ്പി തലൈമയിൽ' എന്ന ഈ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ തന്റെ മമ്മൂട്ടി ചിത്രത്തെപ്പറ്റി മനസുതുറന്നിരിക്കുകയാണ് നിതീഷ് സഹദേവ്.
"കഥ പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് കണക്ട് ആയി. ഒരു റീഡിങ്ങ് കൂടി ഇരിക്കാമെന്ന് പറഞ്ഞു. അടുത്ത റീഡിങ്ങിൽ അത് ശരിയായി. സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നറാണ്. അതിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," എന്നാണ് നിതീഷ് സഹദേവ് പറഞ്ഞത്.
കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരു ഫൺ ഗ്യാങ്സ്റ്റർ സിനിമയാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. 'രാജമാണിക്യം', 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നാണ് സൂചന. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം മെയ്യിൽ ആരംഭിക്കും.
അതേസമയം, ജനുവരി 15ന് നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'തലൈവർ തമ്പി തലൈമയിൽ' തിയേറ്ററുകളിൽ എത്തും. കോമഡി ഫാമിലി ഡ്രാമ ഴോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് സംഗീതം സംവിധായകൻ വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ രവി ആണ് നിർമാണം. സാൻജോ ജോസഫ്, നിതീഷ് സഹദേവ്, അനുരാജ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.