"മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ"; 'പ്രതിഛായ' പിആർ രാഷ്ട്രീയത്തിന്റെ കഥയോ?

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയം പറഞ്ഞ് ഒരു നിവിൻ പോളി ചിത്രം വരുന്നു
'പ്രതിഛായ' സിനിമ
'പ്രതിഛായ' സിനിമ
Published on
Updated on

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഇങ്ങനെ കൂടിക്കൂടി വരികയാണ്. സ്വർണക്കൊള്ളയും 'പോറ്റി'പ്പാട്ടുമായി പ്രതിപക്ഷവും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഭരണപക്ഷവും കളം നിറഞ്ഞുകഴിഞ്ഞു. വരും ദിവസങ്ങളിൽ ഈ ചൂട് കൂടും. പ്രതിച്ഛായ ആകും എങ്ങും സംസാരവിഷയം. അപ്പോഴതാ മറ്റൊരു 'പ്രതിഛായ' വരുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ. നായകൻ നിവിൻ പോളി.

സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ എല്ലാവർക്കും ഒരേ സംശയം. ഇത്...ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ...ഈ ഡയലോഗ് എവിടെയോ...? കുറ്റം പറയാൻ സാധിക്കില്ല, വാർത്താ ചാനലുകളിൽ നമ്മൾ കണ്ട ചില രാഷ്ട്രീയ സംഭവങ്ങളും നേതാക്കളുടെ മാസ് ഡയലോഗുകളും തന്നെയാണ് ഈ ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. അതും പഴയ ഉമ്മൻ ചാണ്ടി സർക്കാർ കാലത്തേക്ക് ഒരു യൂ ടേൺ.

സോളാർ അഴിമതിയും സെക്രട്ടറിയേറ്റ് വളയലും കണ്ട ഭരണകാലം. ഇത്, അതുതന്നെയെന്ന് സൂചിപ്പിക്കുന്ന അനവധി ഇൻഡികേട്ടേഴ്സ് ട്രെയ്‌ലറിൽ കാണാം. ഉദാഹരണത്തിന് 'രണ്ട് സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സർക്കാർ' എന്ന സായ് കുമാർ കഥാപാത്രത്തിന്റെ പ്രസംഗം. 2011ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് യുഡിഎഫ് ജയിച്ചുകയറിയത്. 72 സീറ്റ് യുഡിഎഫ് നേടിയപ്പോൾ 68 സീറ്റുമായി എൽഡിഎഫ് തൊട്ടുപിറകിൽ ഉണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ ഏറിയ ഈ സ‍ർക്കാ‍ർ ഏറ്റവും അഭിമാനത്തോടെ ഉയ‍ർത്തിക്കാട്ടിയത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയാണ്. ട്രെയ്‌ലറിലെ ഒരു ഫ്രെയിം അതുതന്നെ. ഇനി യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിലേക്ക് പോകാം. രമേശ് ‌ചെന്നിത്തലയ്ക്ക് 'താക്കോൽ സ്ഥാനം' നൽകണമെന്ന സുകുമാരൻ നായരുടെ പ്രസ്താവന ആരും മറക്കാൻ ഇടയില്ല. ഒരു സമുദായത്തിന്റെ ആളായി ചിത്രീകരിച്ചതിലുള്ള ചെന്നിത്തലയുടെ പ്രതിഷേധവും. മന്ത്രിസഭ രൂപീകരിക്കുമ്പോൾ ജാതി - മത സമവാക്യങ്ങൾ പാലിക്കണമെന്ന സംഭാഷണം ഈ സംഭവം ഓ‍ർമിപ്പിച്ചാൽ കുറ്റം പറയാൻ പറ്റുമോ?

'പ്രതിഛായ' സിനിമ
സിനിമയിലൂടെ കവിത ചൊല്ലിയ തർക്കോവസ്കി

ഇനി സിനിമയിലെ പ്രതിപക്ഷത്തേക്ക് വരാം. സായ് കുമാർ കഥാപാത്രം പ്രതിനിധീകരിക്കുന്നത് ഇടതുപക്ഷത്തെ തന്നെയെന്ന് അദ്ദേഹത്തിന് ചുറ്റും പാറുന്ന ചെങ്കൊടിയിൽ നിന്ന് വ്യക്തം. 'മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ട' എന്ന ഡയലോഗ് അതിന് അടിവരയിടുന്നു. ഇത് മലയാളിക്ക് പരിചിതമായ ഒരു പഴഞ്ചൊല്ലാണ്. സ്വർണക്കടത്തു കേസിൽ തന്റെ ഓഫീസിന് നേരെ ആരോപണങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ആ പഴയ ചൊല്ല് മലയാളികളെ ഓർമിപ്പിച്ചു.

"ഒരു വേവലാതിയുമില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ". ഇപ്പോഴിതാ 'പ്രതിഛായ'യിലെ സഖാവും അതുതന്നെ പറയുന്നു.

ഇനി, 164 കൊടുക്കണം എന്ന് ആൻ അ​ഗസ്റ്റിൻ കഥാപാത്രം പറയുമ്പോഴോ...അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സരിത എസ്. നായരുടേയും സ്വപ്ന സുരേഷിന്റെയും രഹസ്യമൊഴികളിലേക്കുള്ള ചൂണ്ടുപലകയാകുന്നു.

'പ്രതിഛായ' സിനിമ
ശ്രീറാം രാഘവന്റെ ബോളിവുഡ് നിയോ നോയർ റെസിപ്പി

നിവിൻ പോളിയിലേക്ക് വന്നാൽ, നടന്റെ കഥാപാത്രം മുഖ്യമന്ത്രി വേഷത്തിൽ എത്തുന്ന ബാലചന്ദ്ര മേനോന്റെ മകൻ എന്ന് വ്യക്തം. പതിവ് നടപടിക്രമ പ്രകാരം, രാഷ്ട്രീയത്തിലേക്ക് അവിചാരിതമായിട്ടായിരിക്കണം അയാളുടെ എൻട്രി. വലതു മുഖ്യന്റെ മകനായി എത്തുന്ന ഇയാൾ വലതിലെ ഇടതാകുന്നതാകാം കഥ. അങ്ങനെ അവകാശപ്പെട്ടവരേയും ഉമ്മൻ ചാണ്ടി സർക്കാ‍ർ കാലത്ത് നമ്മൾ കണ്ടതാണ്. നമ്മുടെ ഹരിത എംഎൽഎമാ‍ർ. അതല്ലെങ്കിൽ, ഇന്ദുചൂഡൻ സ്റ്റൈലിൽ അച്ഛന്റെ സൽപ്പേര് തിരിച്ചെടുക്കാൻ മുണ്ടും മടക്കിക്കുത്തിയുള്ള ഇറക്കമാകണം അത്. 'പ്രതിഛായ' എന്ന ടൈറ്റിലിലും ഈ ട്രെയ്‌ലറിലും രാഷ്ട്രീയക്കാരുടെ ഇമേജ് ബിൽഡ് ചെയ്യുന്ന 'കന​ഗുലു മോഡൽ' പിആ‍ർ സ്റ്റണ്ടിന്റെ സമകാലീന രാഷ്ട്രീയത്തിലെ സ്വാധീനവും ഒളിഞ്ഞുകിടപ്പുണ്ട്.

അപ്പോൾ പറഞ്ഞു വന്നത്, ഉണ്ണികൃഷ്ണന്റെ 'പ്രതിഛായ'യുമായുള്ള ഈ വരവ്, ആർക്കെങ്കിലും പ്രതിയുടെ ഛായ കൊടുക്കാനാണോ അല്ലെങ്കിൽ ഏതെങ്കിലും പ്രതിച്ഛായ പുനഃസൃഷ്ടിക്കാനാണോ? അപനി‍ർമാണത്തിന് സിനിമയിൽ അനന്തമായ സാധ്യതയാണല്ലോ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com