കൊച്ചി: നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബേബി ഗേൾ'. നടൻ ഹോസ്പിറ്റൽ അറ്റൻഡറായെത്തുന്ന ചിത്രത്തിൽ നാല് ദിവസം പ്രായമായ ഒരു കുഞ്ഞും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നവജാത ശിശുവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം ട്രെയ്‌ലർ ലോഞ്ചിൽ വച്ച് പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി.
ജനിച്ച് അധികം ആകാത്ത കുട്ടികളെ എടുക്കാൻ തനിക്ക് വലിയ പേടിയാണന്നും ഷൂട്ടിങ് സമയത്തും അങ്ങനെയായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു. സിനിമയുടെ പ്രമേയത്തോടുള്ള പ്രതിബദ്ധത കാരണം പല ബുദ്ധിമുട്ടുകളും സഹിച്ച കുഞ്ഞിന്റെ മാതാപിതാക്കളോട് നടൻ നന്ദി അറിയിച്ചു. അതുകൊണ്ടാണ് ഈ സിനിമ യാഥാർഥ്യമായതെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.
" നാല് ദിവസം മാത്രമായ കുഞ്ഞിനെ എടുക്കാൻ ആദ്യം ഭയങ്കര നേർവസ് ആയിരുന്നു. കുട്ടി ജനിച്ചിട്ടേയുള്ളൂ, ഇമ്യൂണിറ്റി ഒക്കെ കുറവായിരിക്കും. കുട്ടി ആരോഗ്യം നേടി വരുന്നതേയുള്ളു. എന്നിട്ടും കഥയുടെ പ്രാധാന്യം മനസിലാക്കി കുഞ്ഞിന്റെ മാതാപിതാക്കള്‍ സിനിമയ്ക്കായി സമ്മതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ സിനിമ നടന്നത്. കുട്ടിയുടെ അമ്മ ഒരുപാട് ബുദ്ധിമുട്ടുന്നത് ഞങ്ങൾ കണ്ടതാണ്. നല്ല ചൂടുള്ള സമയമായിരുന്നു. ഇടയ്ക്കിടെ എസി റൂമിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി, കൊണ്ടുവരും. കുറച്ച് മാസങ്ങളെങ്കിലും പ്രായമായിരുന്നെങ്കില്‍ ഇതൊക്കെ കുഞ്ഞിന് ഓക്കെ ആയിരുന്നേനെ. പക്ഷെ മാതാപിതാക്കള്‍ ആ ബുദ്ധിമുട്ടെല്ലാം സഹിക്കാന്‍ തയ്യാറായി. ഈ സിനിമയോടും അതിന്റെ കഥയോടുമുള്ള ഇവരുടെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്. അഖിലിനും ജിഫിനും ഒരുപാട് നന്ദി,' നിവിന്‍ പോളി പറഞ്ഞു.
ജനുവരി 23ന് ആണ് ബേബി ഗേൾ തിയേറ്ററുകളിൽ എത്തുന്നത്. ബോബി സഞ്ജയ്‌യുടെ തിരക്കഥയിൽ അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലർ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. ലിജോമോൾ ജോസ്, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം നിർവഹിക്കുന്നത് ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ നിർവഹിക്കുന്നു.