'കലാഭവനിൽ നിന്നും പുതിയ ഹാസ്യനടൻ'; ചിത്രഭൂമി സലിം കുമാറിനെ പരിചയപ്പെടുത്തിയപ്പോൾ

സലിം കുമാറിന്റെ സിനിമായാത്രയുടെ തുടക്കത്തെ അടയാളപ്പെടുത്തുന്നതാണ് ഈ വാർത്ത
സലിം കുമാർ
സലിം കുമാർ
Published on
Updated on

"കലാഭവനിൽ നിന്നും സിനിമയിലെത്തിയ കലാകാരന്‍മാരെ സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സലിം കുമാറിനും ഈ ഭാഗ്യം അനുഗ്രഹമായിരിക്കുന്നു" - മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സലിം കുമാറിനെ പരിചയപ്പെടുത്തുന്ന ചിത്രഭൂമിയിലെ വാർത്ത ആരംഭിക്കുന്നത് ഇങ്ങനെയാണ്. നടന്റെ നിര്യാണത്തിന് പിന്നാലെ ഈ പഴയ വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 1997 സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച വാരികയാണ് സലിം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കലാഭവനിൽ നിന്ന് തുടങ്ങിയ സലിം കുമാറിന്റെ സിനിമായാത്രയുടെ പ്രാരംഭഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ വീക്കിലി കട്ടിങ്. വാർത്തയിൽ പറയുന്ന 'ഹാസ്യം ചെയ്യാൻ താൽപ്പര്യപ്പെടുന്ന നടനി'ൽ നിന്ന് സലിം ഏറെ വളർന്നു. മലയാളി ഓർത്തോർത്തു ചിരിക്കുകയും മനസിലെ നോവായി കരുതുകയും ചെയ്യുന്ന മുന്നോറോളം കഥാപാത്രങ്ങളെ അനശ്വരമാക്കി. 'ആദാമിന്റെ മകൻ അബു'വിലൂടെ മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. പ്രഭാഷകനായും എഴുത്തുകാരനായും പേരെടുത്തു.

1997ൽ ഇറങ്ങിയ 'ഇഷ്ടമാണ് നൂറുവട്ടം' ആണ് സലിം കുമാർ അഭിനയിച്ച ആദ്യ ചിത്രം. കല്യാണ പിറ്റേന്ന് ആണ് ഈ സിനിമയിലേക്കുള്ള വിളി സലിമിനെ തേടിയെത്തിയത്. അവിടെ നിന്ന് പിന്നെ നടന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ചിരിയുടെ ആശാനായി മലയാളി സലിം കുമാറിനെ അവരോധിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മലയാളിയുടെ നെഞ്ചുലഞ്ഞത് അതുകൊണ്ടുകൂടിയാണ്. അത്രകണ്ട് പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു സലിം കഥാപാത്രങ്ങളും സംഭാഷണങ്ങളും.

ചിത്രഭൂമിയിൽ വന്ന വാർത്ത
ചിത്രഭൂമിയിൽ വന്ന വാർത്തSource: Facebook / AVM Unni Archives

വൃക്കരോഗത്തെ തുടർന്ന് ഡയാലസിസ് നടത്തിയിരുന്ന നടനെ പനിയെത്തുടർന്ന് വ്യാഴാഴ്ചയാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അതിനിടെ ഹൃദയാഘാതമുണ്ടായി. വെള്ളിയാഴ്ച രാത്രി 10.43ഓടെയായിരുന്നു അന്ത്യം. ശനിയാഴ്ച വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങളാണ് തങ്ങളുടെ പ്രിയനടന് വിടചൊല്ലാൻ നടന്റെ 'ലാഫിങ് വില്ല' എന്ന വീട്ടിലേക്കും പൊതുദർശനം നടന്ന എറണാകുളം ടൗൺ ഹാളിലേക്കും ഒഴുകിയെത്തിയത്.

News Malayalam 24x7
newsmalayalam.com